Connect with us

Kerala

എസ് വൈ എസ് സാന്ത്വന വാരത്തിന് തിങ്കളാഴ്ച തുടക്കമാകും

Published

|

Last Updated

കോഴിക്കോട്: വേദനിക്കുന്നവര്‍ക്ക് താങ്ങായി “കൂടെയുണ്ട് ഞങ്ങള്‍” എന്ന സന്ദേശവുമായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സാന്ത്വന വാരത്തിന് തിങ്കളാഴ്ച തുടക്കമാകും. 23 മുതല്‍ 29 വരെയാണ് സാന്ത്വന വാരം.
കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളില്‍, കിടപ്പിലായ രോഗികളുടെ വീടുകളിലും ദുരിതങ്ങളില്‍ കഴിയുന്ന കുടുംബങ്ങളിലും എസ് വൈ എസിന്റെ പ്രത്യേക പരിശീലനം നേടിയ സംഘം നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് സാന്ത്വന വാരം ആചരിക്കുന്നത്.
ഓരോ പഞ്ചായത്തിലും ശരാശരി പത്തിനും ഇരുപതിനുമിടക്ക് രോഗികളും അവരുടെ കുടുംബങ്ങളും ഭക്ഷണത്തിന് വരെ ബുദ്ധിമുട്ടുന്നുണ്ട്. മാറാരോഗങ്ങളോടൊപ്പം കുടുംബ പ്രാരാബ്ധങ്ങള്‍ മൂലം കടുത്ത മാനസിക സമ്മര്‍ദത്തിലകപ്പെട്ട നിരവധി കുടുംബങ്ങളുണ്ട്. അവര്‍ക്ക് വേണ്ടത്ര കൗണ്‍സിലിംഗുകള്‍ പോലും ലഭിക്കുന്നില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.
സാന്ത്വന വാരത്തില്‍ അര്‍ഹരായ ഓരോ കുടുംബത്തിനും സാന്ത്വനമേകാന്‍ എസ് വൈ എസ് സംസ്ഥാന- ജില്ല- സോണ്‍ നേതാക്കള്‍ ഇവരുടെ വീടുകള്‍ സന്ദര്‍ശിക്കും. ഒരു വര്‍ഷം വരെ സൗജന്യമായി മരുന്നുകള്‍ ലഭ്യമാക്കുന്ന മെഡിക്കല്‍ കാര്‍ഡുകള്‍, റേഷന്‍ സംവിധാനം, ഓക്‌സിജന്‍ കോണ്‍സന്‍ഡേറ്റര്‍, വീല്‍ചെയറുകള്‍, എയര്‍/വാട്ടര്‍ ബെഡുകള്‍, വാക്കര്‍, വാക്കിംഗ് സ്റ്റിക്, സ്‌ട്രെച്ചര്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍, രോഗികളുടെ തുടര്‍ പഠനം നിലച്ച മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം, ദാറുല്‍ഖൈര്‍ ഭവന പദ്ധതി എന്നിവ ആവശ്യാനുസരണം ലഭ്യമാക്കും.
സംഘത്തില്‍ ഡോക്ടര്‍മാര്‍, കൗണ്‍സിലിംഗ് വിദഗ്ധര്‍, നഴ്‌സ്, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവരുമുണ്ടാകും. എസ് വൈ എസിന്റെ പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ ചികിത്സക്കും മറ്റും ആശുപത്രികളിലേക്ക് പോകാന്‍ സഹായികളില്ലാത്ത വീടുകളില്‍ പരിചരണം നല്‍കും. നിലവില്‍ സര്‍ക്കാര്‍ ആതുരാലയങ്ങള്‍ കേന്ദ്രീകരിച്ച് എസ് വൈ എസിന്റെ സന്നദ്ധ സേവകര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest