അല്‍മഖര്‍ സമ്മേളനത്തിന് പ്രൗഢ തുടക്കം

Posted on: January 21, 2017 12:10 am | Last updated: January 21, 2017 at 10:57 am
SHARE

തളിപ്പറമ്പ്: മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് നാന്ദികുറിച്ച അല്‍മഖര്‍റുസ്സുന്നിയ്യയുടെ 28-ാം വാര്‍ഷിക സനദ്ദാന മഹാ സമ്മേളനത്തിന്റെ ഉദ്ഘാടനം നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ നിര്‍വഹിച്ചു. അല്‍മഖര്‍ പ്രസിഡന്റ് കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി അധ്യക്ഷത വഹിച്ചു. നാടുകാണി ദാറുല്‍ അമാന്‍ ക്യാമ്പസില്‍ നടന്ന പ്രൗഢമായ ഉദ്ഘാടന വേദിയില്‍ സയ്യിദ് സുഹൈല്‍ അസ്സഖാഫ് പ്രാര്‍ഥന നടത്തി. കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ഇബ്‌റാഹിം സഖാഫി കുമ്മോളി, തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ മഹ്മൂദ് അള്ളാംകുളം, ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, സിദ്ദീഖ് സഖാഫി പ്രസംഗിച്ചു. സമ്മേളന സുവനീര്‍ കെ സി ജോസഫ് എം എല്‍ എ പ്രകാശനം ചെയ്തു.
സയ്യിദ് ത്വയ്യിബുല്‍ ബുഖാരി മാട്ടൂല്‍, സയ്യിദ് ശിഹാബ് ഐദറൂസി അമാനി, മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ കയരളം, അബ്ദുല്‍ ഗഫൂര്‍ ബാഖവി, എം വി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, കെ പി കമാലുദ്ദീന്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു. ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍ സ്വാഗതവും കെ പി അബ്ദുല്‍ ഖാദിര്‍ ഹാജി നന്ദിയും പറഞ്ഞു.
സമ്മേളനത്തിന് തുടക്കം കുറിച്ച് തളിപ്പറമ്പ് തങ്ങള്‍ പള്ളി മഖാം സിയാറത്തിന് സയ്യിദ് ആറ്റക്കോയ അല്‍ ബുഖാരിയും മന്ന മഖാം സിയാറത്തിന് സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി വളപട്ടണവും നേതൃത്വം നല്‍കി. സിയാറത്തിന് ശേഷം നേതാക്കളെയും ആനയിച്ച് നാടുകാണിയിലെ സമ്മേളന നഗരിയിലേക്ക് ഘോഷയാത്ര നടന്നു. തുടര്‍ന്ന് സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് മടക്കര പതാകയുയര്‍ത്തി. രാത്രി നടന്ന ആത്മീയ സമ്മേളനം സയ്യിദ് സഅദുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മുഖ്യപ്രഭാഷണം നടത്തി.
ഇന്ന് രാവിലെ ഒമ്പതിന് പ്രവാസി സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മുസ്തഫ ദാരിമി കടാങ്കോട് അധ്യക്ഷത വഹിക്കും. ഖാസിം ഇരിക്കൂര്‍ വിഷയാവതരണം നടത്തും. 10ന് അലുംനി മീറ്റ് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. യൂസുഫ് ഹാജി പെരുമ്പ അധ്യക്ഷത വഹിക്കും. 11ന് വിദ്യാഭ്യസ സെമിനാര്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ മന്ത്രി പ്രാഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. അഡ്വ. എ എന്‍ ഷംസീര്‍ എം എല്‍ എ അവാര്‍ഡ് ദാനം നിര്‍വഹിക്കും.
സി മുഹമ്മദ് ഫൈസി, കെ എം എ റഹീം വിഷയാവതരണം നടത്തും. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഖാദര്‍ മങ്ങാട് മുഖ്യാതിഥിയാകും. ഉച്ചക്ക് രണ്ടിന് ആദര്‍ശ സമ്മേളനം പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സുലൈമാന്‍ സഖാഫി മാളിയേക്കല്‍ വിഷയാവതരണം നടത്തും. വൈകിട്ട് നാലിന് സമൂഹ വിവാഹ ചടങ്ങ് നടക്കും. രാത്രി ഏഴിന് നടക്കുന്ന മാപ്പിള കലാ സമ്മേളനം ജെയിംസ് മാത്യു എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഫൈസല്‍ അഹ്‌സനി രണ്ടത്താണി പ്രസംഗിക്കും. നാളെ വൈകിട്ട് നടക്കുന്ന പൊതു സമ്മേളനത്തോടെ സമ്മേളനം സമാപിക്കും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.
സാദാത്തുക്കളും പണ്ഡിതരും മന്ത്രിമാരും പൗരപ്രമുഖരും വിദേശ പ്രതിനിധികളും സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here