പുതിയ ആകാശങ്ങള്‍ തേടി അല്‍മഖര്‍

Posted on: January 21, 2017 6:00 am | Last updated: January 20, 2017 at 8:50 pm

1989ല്‍ രൂപംകൊണ്ട അല്‍മഖര്‍ വടക്കന്‍ കേരളത്തിന്റെ വിദ്യാഭ്യാസ, മത, സാംസ്‌കാരിക മണ്ഡലങ്ങളില്‍ മുന്നേറ്റത്തില്‍ ചരിത്രം തീര്‍ക്കുകയാണ്. സമസ്തയുടെ അജയ്യ ശബ്ദമായ കന്‍സുല്‍ ഉലമ ചിത്താരി ഉസ്താദിന്റെ ആര്‍ജ്ജവവും ആത്മീയതയും ആവേശവും ഒരു ഭൂപ്രദേശത്തെ അത്ഭുതകരമായ രീതിയില്‍ പരിവര്‍ത്തിപ്പിക്കുന്നത്, വിസ്മയത്തോടെയാണ് അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ കുപ്രസിദ്ധമായ ഒരു ജില്ല നോക്കിക്കണ്ടത്. 1989 മെയ് 25ന് തളിപ്പറമ്പ് ബദരിയ്യ നഗറില്‍ ആരംഭിച്ച സ്ഥാപനം ഇന്ന് നാല് ക്യാമ്പസുകളില്‍ 20 സ്ഥാപനങ്ങളായി പടര്‍ന്നു പന്തലിച്ചിട്ടുണ്ട്. മൂവായിരത്തോളം വിദ്യാര്‍ഥികള്‍ താമസിച്ചും അല്ലാതെയും ആത്മീയ-ഭൗതിക-സാങ്കേതിക വിദ്യ നുകരുന്നു. ശരീഅത്ത് കോളജ്, ദഅ്‌വ കോളജ്, ഗേള്‍സ് യതീംഖാന, ഹിഫഌല്‍ ഖുര്‍ആന്‍ കോളജ്, ബോയ്‌സ് ആന്‍ഡ് ഗേള്‍സ് അഗതി മന്ദിരം, അഗതി അനാഥ മന്ദിരം, സ്‌കൂള്‍ ഓഫ് സിവില്‍ സര്‍വീസ്, ഗുഡ്മാന്‍, സിദ്‌റ അഡ്വാന്‍സ് സ്റ്റഡീസ്, സ്‌നേഹഭവന്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, വനിതാ ശരീഅത്ത് കോളജ്, അഫ്‌സലുല്‍ ഉലമാ അറബിക് കോളജ്, ബോര്‍ഡിംഗ് മദ്‌റസ, ആര്‍ ഐ സി സി തുടങ്ങിയവ അല്‍മഖര്‍ സംരംഭങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
അല്‍മഖറിന്റെ ഇന്നലെകള്‍ക്ക് ത്യാഗത്തിന്റെയും സഹനത്തിന്റെയും ഒരുപിടി ഓര്‍മകള്‍ അയവിറക്കാനുണ്ട്. നിഷ്‌കളങ്കരും നിസ്വാര്‍ഥരുമായ ഉലമാക്കളുടെയും പ്രവര്‍ത്തകരുടെയും ശ്രമഫമായി ഉയിര്‍കൊണ്ട ഈ സ്ഥാപനം കണ്ണൂര്‍ ജില്ലയിലെ സുന്നീ പ്രസ്ഥാനത്തിന്റ മുന്നേറ്റത്തില്‍ ഒരു നാഴികക്കല്ല് കൂടിയായിരുന്നു. ശത്രുക്കള്‍ തൊടുത്തുവിട്ട ആക്ഷേപങ്ങള്‍ക്കും ആക്രമങ്ങള്‍ക്കും മുന്നില്‍ അടിപതറാതെ, പരിഹാസങ്ങള്‍ കേട്ട് പിന്തിരിയാതെ ലക്ഷ്യസാക്ഷാത്കാരത്തിനായി സര്‍വം സഹിച്ച് മുന്നോട്ട് കുതിച്ചപ്പോള്‍ പ്രതീക്ഷിച്ചതിലുമപ്പുറം നേട്ടങ്ങള്‍ കൊയ്‌തെടുക്കാന്‍ സാധിച്ചു. കണ്ണൂര്‍ ജില്ലയിലെ ആദര്‍ശ മുന്നേറ്റങ്ങള്‍ക്കും ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും സുന്നി പ്രസ്ഥാനത്തിന്റെ ആസ്ഥാനമായി മുന്നില്‍ നില്‍ക്കുകയാണ് അല്‍മഖര്‍.
അറിവനുഭവങ്ങളുടെ പങ്കുവെപ്പില്‍ സ്ഥാപനം 28 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. സുഖകരമായ അന്തരീക്ഷത്തില്‍ ക്ഷേമായ്ശ്വര്യങ്ങളുടെ സന്തോഷങ്ങളല്ല ഇന്നലെകള്‍ സമ്മാനിച്ചിട്ടുള്ളത്. വേദനകളുടെ തീ ചൂളകളാല്‍ ആവരണം ചെയ്ത പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും കയ്പു നീരാണ് ചരിത്രത്തിന്റെ സംഭാവന. പക്ഷേ, ദുരിത പൂര്‍ണമായ അത്തരം അനുഭവങ്ങള്‍ക്കിടയിലും ഒരിക്കലും വിസ്മരിക്കാനാവാത്ത രണ്ട് സംഗതികള്‍ ഉണ്ട്. ഒന്ന്: പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് പകര്‍ന്ന നൂറുകണക്കിനു നല്ല മനസ്സുകളാണ്. അത്തരം അതിജീവനങ്ങളുടെ ബാക്കി പത്രമായി സമുദായത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളിലുണ്ടായ മുന്നേറ്റമാണ്. രണ്ടാമത്തേത്, അറിവിന്റെ വിനിമയത്തിനും പ്രചാരണത്തിനും വേണ്ടി ഏത് പ്രതിസന്ധികളെയും മറികടക്കാന്‍ ആര്‍ജവം കാണിച്ച ഒരു നേതൃത്വത്തിന്റെ വിജയഗാഥയാണ്. ആ വിജയങ്ങളുടെ മഹത്വം ഓര്‍മപ്പെടുത്തുകയും പ്രസ്തുത സന്ദേശങ്ങളുടെ പ്രയോഗ വത്കരണത്തില്‍ പുതിയ ഉയരങ്ങള്‍ തേടുകയുമാണ് ഈ സമ്മേളന ലക്ഷ്യം.
വിശുദ്ധ ഇസ്‌ലാമില്‍ അറിവ്, വിവരം എന്നതിലപ്പുറം വൈയക്തികവും സാമൂഹികവുമായി അനുഭവങ്ങള്‍ പങ്കുവെക്കലാണ.് ജീവിതവുമായി എല്ലാ അര്‍ഥത്തിലും ഒട്ടി നില്‍ക്കുന്നതാണത്. അതുകൊണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമൂഹിക പ്രസ്ഥാനമായി സ്വാഭാവികമായും പരിണമിക്കുന്നത്. ഈ സമ്മേളനത്തിന്റെ ലക്ഷ്യം സാമൂഹിക നവോത്ഥാനത്തിന്റെ ഭാഗമായി ഇതുവരെ ചെയ്തിരുന്ന പൈതൃക സംരക്ഷണം പോലെയുള്ള പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഊര്‍ജസ്വലമാക്കുകയും ഒപ്പം ഇസ്‌ലാമിക കാര്‍ഷിക, പാരിസ്ഥിതിക, ആരോഗ്യ, സംസ്‌കാരത്തിന്റെ പ്രധാന്യവും മഹത്വവും ജനങ്ങളെ ബോധ്യപ്പെടുത്തലുമാണ്. ഇതിന്റെ ആദ്യപടിയെന്നോണം വിപുലമായ രീതിയിലുള്ള കാര്‍ഷിക സമ്മേളനവും വിത്തു വിതരണ പദ്ധതിയും പഠന സെമിനാറുകളും സമ്മേളന ഭാഗമായി നടന്നു കഴിഞ്ഞു.
ആരോഗ്യമുള്ള അടിമയാണ് അല്ലാഹുവിന് ഇഷ്ടം എന്ന പ്രവാചക അധ്യാപനത്തില്‍ ആരോഗ്യത്തിന് മാത്രം നല്‍കുന്ന പ്രാധാന്യം നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ എന്നതിനപ്പുറം സാമൂഹികവും മാനസികവും ശാരീരികവുമായ സ്വസ്ഥതയാണ് ഉദ്ദേശിക്കപ്പെടുന്നത്. നല്ലൊരു സമൂഹ നിര്‍മിതിക്ക് വിശാലമായ ആരോഗ്യ കാഴ്ചപ്പാട് അനിവാര്യമാണെന്ന ബോധ്യം ജനങ്ങളില്‍ ഊട്ടിയുറപ്പിക്കാന്‍ സ്ഥാപനം ശ്രമിക്കുന്നുണ്ട്. അറിവിന്റെ സാമൂഹികവത്കരണം ദേശീയ-അന്തര്‍ദേശീയ തലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള വിപ്ലവകരമായ ശ്രമങ്ങള്‍ മഖറിന്റെ നേതൃത്വത്തില്‍ സജീവമായി പുരോഗമിക്കുന്നുണ്ട്. ഇതിനകം ശ്രദ്ധേയമായ പ്രായോഗിക മതപ്രബോധനത്തിന്റെ ഉത്തമ മാതൃകയായ കാരുണ്യം ദഅ്‌വ സെല്ലിന്റെ ദേശീയവത്കരണം ഇതിന്റെ തുടര്‍ച്ചയാണ്. അക്കാദമിക് രംഗങ്ങളിലും വ്യക്തിഗത പ്രബോധന മേഖലകളിലും രാജ്യാന്തര മികവ് പുലര്‍ത്തുന്ന സംഘത്തെ അല്‍മഖര്‍ ദഅ്‌വ കോളജ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നു. വിവിധ അന്താരാഷ്ട്ര സര്‍വകലാശാലകളുമായി അമാനി ബിരുദത്തെ അഫ്‌ലിയേറ്റ് ചെയ്യുന്നതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. പ്രൊഫഷനല്‍ വിദ്യാഭ്യാസ രംഗത്തും മതബോധമുള്ള തലമുറയെ സൃഷ്ടിക്കാന്‍ രൂപവത്കരിച്ച ഗുഡ്മാന്‍ പോലുള്ള സ്ഥാപനങ്ങള്‍ ചരിത്രത്തില്‍ പുതിയ താളുകള്‍ തുന്നിച്ചേര്‍ക്കുക തന്നെ ചെയ്യും. ഇസ്‌ലാമിക നവോത്ഥാനം എന്ന മൗലികമായ കാഴ്ചപ്പാടിനെ ആത്മീയ ശിക്ഷണത്തിലൂടെയും ജനകീയ പദ്ധതികളിലൂടെയും സാധ്യമാക്കുക എന്ന ശ്രമകരമായ ദൗത്യമാണ് സ്ഥാപനം ഏറ്റെടുത്തിട്ടുള്ളത്. നിസ്വാര്‍ഥരായ നിരവധി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സഹായ സഹകരണങ്ങള്‍ കൊണ്ട് മാത്രമാണ് അല്‍മഖര്‍ ഇന്ന് കാണുന്ന അഭിമാനനേട്ടങ്ങള്‍ കൊയ്‌തെടുത്തത്. താണ്ടിക്കടന്ന ദൂരത്തേക്കാള്‍ വിശാലമാണ് മുന്നോട്ടേക്കുളള ചവിട്ടുപടികള്‍. പടച്ചവന്റെ കാരുണ്യം കൊണ്ട് ഇനിയും പ്രതീക്ഷിച്ച മറ്റു പാതകളിലേക്ക് നടന്നെത്താന്‍ തൗഫീഖ് ഉണ്ടാകട്ടെ.