പഞ്ചാബിലെ എ എ പി പ്രതീക്ഷകള്‍

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എ എ പി യുടെ പ്രകടനം എല്ലാവരും ഉറ്റുനോക്കുകയാണ്. അധികാരത്തില്‍ വരുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ അവകാശവാദം. അധികാരത്തിലെത്തിയില്ലെങ്കിലും പഞ്ചാബില്‍ നിര്‍ണായക ശക്തിയായി എ എ പി മാറുമെന്നതില്‍ സംശയമില്ല. അതിനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോഴുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഫലം എ എ പിക്ക് അനുകൂലമാകുന്ന പക്ഷം അത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ പ്രതിഫലനങ്ങള്‍ക്ക് കാരണമാകുമെന്നതില്‍ സംശയമില്ല.
Posted on: January 21, 2017 6:00 am | Last updated: January 20, 2017 at 8:45 pm

നരേന്ദ്ര മോദിയും അരവിന്ദ് കെജ്‌രിവാളും കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഏറ്റുമുട്ടിയത് തങ്ങളുടെ പ്രാതലുകളെക്കുറിച്ചായിരുന്നു. ഇന്ന് പതിവ് യോഗ മാറ്റിവെച്ച് അമ്മക്കൊപ്പം പ്രാതല്‍ കഴിക്കാന്‍ പോകുകയാണെന്ന മോദിയുടെ ട്വീറ്റിനു മറുപടിയായി കെജ്‌രിവാള്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു: ‘ഞാന്‍ പ്രാതല്‍ കഴിക്കുന്നതും താമസിക്കുന്നതും എന്നും അമ്മക്കൊപ്പമാണ്. അമ്മയോടുള്ള സ്‌നേഹം വിളിച്ചുപറയേണ്ടതില്ല. രാഷ്ട്രീയ ലാഭത്തിനു വേണ്ടി അമ്മയെ ഞാന്‍ ക്യൂവില്‍ നിര്‍ത്തിയിട്ടില്ല’. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സ്ഥിതിക്ക് ഇവരുടെ ഏറ്റുമുട്ടലുകള്‍ തുടരും. മോദിയുടെ ഇത്തരം നാടകങ്ങള്‍ പൊളിച്ചടുക്കുന്നതില്‍ കെജ്‌രിവാള്‍ കാണിക്കുന്ന സാമര്‍ഥ്യം പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടതാണ്. നോട്ട് അസാധുവാക്കല്‍ നടപടിയിലും കെജ്‌രിവാള്‍ പലപ്പോഴും ‘പ്രതിപക്ഷ നേതാവി’ന്റെ റോളിലെത്തി.
ഫെബ്രുവരി നാലിന് നടക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എ എ പി യുടെ പ്രകടനം എല്ലാവരും ഉറ്റുനോക്കുകയാണ്. അധികാരത്തില്‍ വരുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ അവകാശവാദം. അധികാരത്തിലെത്തിയില്ലെങ്കിലും പഞ്ചാബില്‍ നിര്‍ണായക ശക്തിയായി എ എ പി മാറുമെന്നതില്‍ സംശയമില്ല. അതിനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോഴുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഭരണവിരുദ്ധ വികാരവും നോട്ട് നിരോധവുമെല്ലാം എ എ പിയുടെ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, മകന്‍ സുഖ്ബീര്‍ സിങ് എന്നിവര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അകാലിദള്‍-ബി ജെ പി സഖ്യത്തിന് തിരിച്ചടിയാകുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ കെജ്‌രിവാള്‍ എന്ന കുറിയ മനുഷ്യന്റെ അഴിമതിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ മികവില്‍ മുന്നേറുന്ന പാര്‍ട്ടിയെ നയിക്കാന്‍ പഞ്ചാബില്‍ ഒരു നേതാവില്ല എന്നത് എ എ പിക്ക് പരിഹരിക്കാനായിട്ടില്ല. കെജ്‌രിവാള്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരാനുണ്ടായ കാരണവും ഈയൊരു കുറവ് തന്നെയാണ്. ഒരു കാര്യം വളരെ വ്യക്തമാണ്. രാജ്യത്തെ ജനങ്ങള്‍ എ എ പിയില്‍ വളരെയധികം പ്രതീക്ഷയര്‍പ്പിക്കുന്നുണ്ടെന്നത്. ഡല്‍ഹിക്ക് പുറത്ത് പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്ന സംസ്ഥാനമാണ് പഞ്ചാബ്. അതുകൊണ്ടുതന്നെ നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കാടിളക്കിയുള്ള പ്രചരണമാണ് പാര്‍ട്ടി നടത്തുന്നത്.
ക്രിക്കറ്റ് താരവും ബി ജെ പിയുടെ എം പിയുമായിരുന്ന നവ്‌ജ്യോത് സിംഗ് സിദ്ദു എ എ പിയില്‍ ചേരുമെന്നും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും കേട്ടിരുന്നു. എന്നാല്‍ തന്റെ പല ഡിമാന്റുകളും അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനാണ് സിദ്ദുവിന്റെ ഇപ്പോഴത്തെ തീരുമാനം. നേതാവില്ലാത്ത അവസ്ഥക്ക് സിദ്ദു ഒരു പരിഹാരമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ബി ജെ പിയില്‍ നിന്നുള്ള ചുവടുമാറ്റം വെറും അധികാരമോഹത്തിന്റെ പേരിലാണെന്നത് എ എ പിയെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാകാനായിരുന്നു സാധ്യത. അത് ഏതായാലും ഒഴിവായിക്കിട്ടിയിട്ടുണ്ട്. ബി ജെ പി വിട്ടതിനു ശേഷം രൂവത്കരിച്ച ‘ആവാസ് ഇ പഞ്ചാബ്’ പാര്‍ട്ടി പിരിച്ചുവിട്ടാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. അദ്ദേഹം ഉന്നയിച്ച ആവശ്യങ്ങളില്‍ എന്തൊക്കെ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. ഏതായാലും ഇത്തരമൊരാള്‍ എ എ പിയില്‍ ചേരാതിരുന്നത് നേട്ടമായിട്ടു തന്നെ വേണം കാണാന്‍.
ഡല്‍ഹിയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന കെജ്‌രിവാള്‍ മന്ത്രിസഭ നടപ്പിലാക്കിയ വിവിധ ജനോപകാര പദ്ധതികളാണ് പഞ്ചാബിലെ തിരഞ്ഞെടുപ്പില്‍ അനുകൂലമാകുന്ന മറ്റൊരു ഘടകം. ആദ്യതവണ ഡല്‍ഹിയില്‍ ഭരണത്തിലേറി 49 ദിവസത്തിനകം രാജി വെച്ചിറങ്ങിയ കെജ്‌രിവാള്‍, രണ്ടാംതവണ അധികാരത്തിലേറി തന്റെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊക്കെ പാലിച്ചിരിക്കുകയാണ്. മാസത്തില്‍ 400 യൂനിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 50 ശതമാനം നിരക്കിളവ്, മാസം 20,000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് 50 ശതമാനം നിരക്കിളവ് തുടങ്ങിയവയെല്ലാം പാലിക്കപ്പെട്ട വാഗ്ദാനങ്ങളാണ്. വിവിധ മേല്‍പ്പാലങ്ങളുടെ നിര്‍മാണ പ്രവൃത്തികളില്‍ അഴിമതി ഇല്ലാതാക്കി ലാഭിച്ച കോടികള്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ മരുന്ന് വിതരണത്തിന് ഉപയോഗിച്ചത്, ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെയും അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന്റെയും ഭാഗമായി മന്ത്രിമാര്‍ വരെ ഓട്ടോറിക്ഷകളും സൈക്കിളുകളും ഉപയോഗിക്കുന്നത്, ഗതാഗതക്കുരുക്ക് കുറക്കുന്നതിന്റെ ഭാഗമായി ശീതീകരിച്ച ആയിരം ലോ ഫ്‌ളോര്‍ ബസുകള്‍ നിരത്തിലിറക്കിയത് തുടങ്ങി സാധാരണ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി ചെയ്ത നിരവധി കാര്യങ്ങള്‍ പഞ്ചാബിലെ തിരഞ്ഞെടുപ്പില്‍ എ എ പിയെ ഫേവറിറ്റുകളാക്കുന്നതാണ്. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗും കേന്ദ്ര സര്‍ക്കാറും ഉയര്‍ത്തിയ നിത്യേനയുള്ള പ്രതിബദ്ധങ്ങള്‍ മറികടന്നാണ് ഈ കാര്യങ്ങളൊക്കെ നടപ്പിലാക്കിയെന്നതാണ് എടുത്തു പറയേണ്ട വസ്തുത.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം നടന്ന ആദ്യ സര്‍വേ ഫലം എ എ പി രണ്ടാം സ്ഥാനത്തെത്തുമെന്നാണ് കാണിക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തിലേറുമെന്നും ബി ജെ പി- അകാലിദള്‍ സഖ്യം മൂന്നാം സ്ഥാനത്തേക്ക് വീഴുമെന്നും സര്‍വേ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിന് ഇനി പതിനഞ്ചില്‍ താഴെ ദിവസങ്ങള്‍ ബാക്കിയിരിക്കെ നടക്കുന്ന പ്രചാരണവും രാഷ്ട്രീയ സംഭവവികാസങ്ങളും ഫലത്തെ ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. വിവിധയിടങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തില്‍ നടക്കുന്ന പ്രചാരണ റാലികളില്‍ തടിച്ചുകൂടുന്ന ജനങ്ങളുടെ വോട്ടുകള്‍ പെട്ടിയില്‍ വീണാല്‍ ഭരണത്തിലേക്ക് എ എ പി ‘അടിച്ചു’കയറുമെന്ന് വിശ്വിാസിക്കുന്നവരുണ്ട്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ‘തൂത്തുവാരിയ’ പാര്‍ട്ടിക്ക് അതിന് കഴിയുമോ എന്നതാണ് പുതിയ രാഷ്ട്രീയബദലിനായി തേടുന്ന സാമാന്യ ജനങ്ങളുടെ നോട്ടം. നിലവില്‍ പഞ്ചാബില്‍ നിന്ന് നാല് എം പിമാരുള്ള പാര്‍ട്ടിക്ക് 34 നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിപക്ഷമുണ്ടെന്ന് പറയാം. 117 അംഗ നിയമസഭയിലേക്ക് 58 സീറ്റിലെങ്കിലും വിജയിക്കേണ്ടതുണ്ട്. ഇത്രയും സീറ്റുകള്‍ പിടിച്ചെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയുമോ എന്നതാണ് കാര്യം. മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ ഷൂ എറിഞ്ഞ് വാര്‍ത്തകളില്‍ ഇടംനേടിയ ജര്‍ണയില്‍ സിംഗിനെ പോലുള്ളവരുടെ സ്ഥാനാര്‍ഥിത്വവും അടുത്തിടെ രൂപവത്കൃതമായ ലോക് ഇന്‍സാഫ് പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ടും ഇത് സാധ്യമാക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
2002-05 കാലഘട്ടത്തില്‍ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗിന്റെ കിടയറ്റ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസിന്റെ കൂടപ്പിറപ്പായ ഗ്രൂപ്പ് വഴക്കുകള്‍ കാര്യമായിട്ടില്ല എന്നതും സിദ്ദുവിന്റെ പാര്‍ട്ടിപ്രവേശവുമൊക്കെ കോണ്‍ഗ്രസിന് പ്രതീക്ഷയേകുന്ന ഘടകങ്ങളാണ്.
പഞ്ചാബ് നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കാനെത്തുന്ന എ എ പി ത്രികോണ മത്സരം ഉറപ്പാക്കുന്നത് മതേതരവോട്ടുകളില്‍ വരുത്തുന്ന വിള്ളലുകള്‍ ബി ജെ പിക്ക് അനുകൂലമാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ മുഴുവന്‍ സീറ്റുകളിലും മത്സരിച്ച എ എ പി, ബി ജെ പിക്ക് വിജയം എളുപ്പമാക്കിയെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകിച്ചും. ബി ജെ പിയുടെ സൃഷ്ടിയാണ് എ എ പിയെന്ന് ദ്വിഗ്‌വിജയ് സിംഗിനെ പോലുള്ളവര്‍ അന്ന് ആരോപിക്കുക പോലും ചെയ്തിരുന്നു. എന്നാല്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന മോദി സര്‍ക്കാര്‍ എടുത്ത പല ജനവിരുദ്ധ നയങ്ങളും വര്‍ഗീയ അജന്‍ഡകളും ചോദ്യം ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ എ എ പിയായിരുന്നുവെന്നതും പലപ്പോഴും മോദിക്ക് മുമ്പില്‍ ചോദ്യങ്ങളുമായി വന്നത് കെജ്‌രിവാള്‍ ആണെന്നതും ഇത്തരമൊരു ആരോപണത്തിന്റെ മുനയൊടിക്കുന്നതാണ്.
ഒന്നര വര്‍ഷത്തിനു ശേഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കാവുന്ന അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളിലെ വിജയവും പരാജയവും വിലയിരുത്തുക നോട്ട് അസാധുവാക്കലുമായി ചേര്‍ത്തായിരിക്കും. ഇത്തരമൊരു ജനവിരുദ്ധ നടപടിക്കു ശേഷം ആദ്യമായി രാജ്യം ഒരു തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ബി ജെ പിയും സഖ്യകക്ഷികളും പരാജയപ്പെടേണ്ടത് മതേതര കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവരുടെ ആഗ്രഹമാണ്.
ഡല്‍ഹി സര്‍ക്കാറിന്റെ ‘ടാക് ടു എ കെ’ ക്യാമ്പയിനുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എ എ പി നേതാവ് മനീഷ് സിസോദിയക്കെതിരെ സി ബി ഐ തുടങ്ങിയ പ്രാഥമിക അന്വേഷണം എ എ പി-ബി ജെ പി പോര് രൂക്ഷമാക്കിയിരിക്കുകയാണ്. ഗോവയിലെയും പഞ്ചാബിലെയും പരാജയഭീതിയാണ് സി ബി ഐ അന്വേഷണത്തിന് പിന്നിലെന്ന് കെജ്‌രിവാള്‍ പ്രതികരിച്ചിരിക്കുകയാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം എ എ പിക്ക് അനുകൂലമാകുന്ന പക്ഷം അത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ പ്രതിഫലനങ്ങള്‍ക്ക് കാരണമാകുമെന്നതില്‍ സംശയമില്ല. നരേന്ദ്ര മോദിയും സംഘവും ഇത് നന്നായി തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരമൊരു വിജയം തടയേണ്ടത് മോദിക്കും ബി ജെ പിക്കും അത്യന്താപേക്ഷിതമാണ്.