മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ജയകുമാറിനെ പുറത്താക്കണം: പികെ ഫിറോസ്

Posted on: January 20, 2017 7:50 pm | Last updated: January 20, 2017 at 9:43 pm
SHARE

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയും നിയമോപദേശകനുമായ എന്‍കെ ജയകുമാറിനെതിരെ അഴിമതിയാരോപണവുമായി യൂത്തലീഗ്. ജയകുമാര്‍ അഴിമതി നടത്തിയതിനും ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും നിരവധി തെളിവുകളുണ്ടെന്നും അദ്ദേഹത്തെ പദവിയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നുവാല്‍സ് വൈസ് ചെയര്‍മാനായിരിക്കെ എച്ച്പിഎല്‍ എന്ന കമ്പനിക്ക് ചട്ടവിരുദ്ധമായി അദ്ദേഹം അനുവദിച്ച 15 കോടിയോളം രൂപയുടെ രേഖകള്‍ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പുറത്ത് വിട്ടു. എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ അനുമതിയില്ലാതെ അദ്ദേഹം പണം നല്‍കിയതിന്റെ ഓഡിറ്റ് ഒബ്ജക്ഷന്‍ രേഖകളും ഫിറോസ് പത്രസമ്മേളനത്തില്‍ ഹാജരാക്കി. അന്നത്തെ ആക്ടിംഗ് ചീഫ് ജസ്റ്റിസ്സും നുവാല്‍സ് ചാന്‍സലറുമായ അശോക് ഭൂഷണ്‍ ഇത് സംബന്ധിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കിയിരുന്നു. അദ്ദേഹം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നും ഫിറോസ് ആരോപിച്ചു.

അഴിമതിക്കെതിരെ പിണറായി വിജയന്‍ നടത്തിയ പ്രസ്താവനകള്‍ ആത്മാര്‍ത്ഥയോടെ യാണെങ്കില്‍ എന്‍കെ ജയകുമാറിനെ തന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ തയ്യാറാവണം. ശമ്പളയിനത്തില്‍ അധികപണമായി ഇദ്ദേഹം കൈപ്പറ്റിയ 8,73,214 രൂപ തിരിച്ച് പിടിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

ഇദ്ദേഹത്തിന്റെ അമ്മാവനാണ് തിരുവനന്തപുരം ലോ അക്കാദമി ചെയര്‍മാനായ നാരായണന്‍ നായര്‍ എന്നത് കൊണ്ടാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ഒറ്റക്കെട്ടായി പ്രക്ഷോഭം നടത്തിയിട്ടും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ലോ അക്കാദമി പ്രശ്‌നത്തില്‍ ഇടപെടാത്തതെന്നും ഫിറോസ് ആരോപിച്ചു. ജയകുമാറിനെതിരെ വിജിലന്‍സിന് പരാതി നല്‍കുമെന്നും ഫിറോസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സുല്‍ഫിക്കര്‍ സലാം, സെക്രട്ടറി കെഎസ് സിയാദ്, ജില്ലാ പ്രസിഡന്റ് ഡി നൗഷാദ് എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here