Connect with us

Gulf

50 കോടി ദിര്‍ഹമിന്റെ പദ്ധതികള്‍ക്ക് ശൈഖ് ഖലീഫയുടെ അംഗീകാരം

Published

|

Last Updated

അബുദാബി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 50 കോടി ദിര്‍ഹമിന്റെ നിര്‍മാണ പദ്ധതികള്‍ക്ക് അംഗീകാരം. യു എ ഇ പ്രസിഡന്റ്‌ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇനിഷ്യേറ്റീവ് കമ്മിറ്റിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിക്കുന്ന 420 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. യു എ ഇ പ്രസിഡന്റിന്റെ കീഴില്‍ നേരിട്ട് നടക്കുന്ന പദ്ധതികള്‍ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് സമന്വയിപ്പിക്കുന്നത്. പ്രസിഡന്‍ഷ്യല്‍കാര്യ സഹ മന്ത്രി അഹ്മദ് ജുമാ അല്‍ സആബിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം ഫുജൈറയിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ 2.15 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന 1,100 റസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ പുരോഗതി വിലയിരുത്തി. ഫുജൈറ നഗരത്തിലെ മലിന ജലം ഒഴുക്കിക്കളയുന്നതിന് നടപ്പിലാക്കുന്ന ടാങ്കിയ കമ്പനിയുടെ ആന്തരീക മലിനജല ശൃഖല പദ്ധതിക്ക് അംഗീകാരം നല്‍കി. പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകള്‍, പൈപ്പ് നിര്‍മാണം, ഉള്‍പെടെയുള്ള പദ്ധതിക്ക് 3.7 കോടി ദിര്‍ഹമാണ് പമ്പിംഗ് ലൈനുകള്‍ ഉള്‍പെടെ മൊത്തം ചെലവ് കണക്കാക്കുന്നത്. കമ്മിറ്റി യു എ ഇയില്‍ ചപ്പുചവറുകള്‍ പുനരുപയുക്തമാക്കുന്ന കാര്യം അവലോകനം ചെയ്തു. യോഗത്തില്‍ അബുദാബി കിരീടാവകാശി കോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ അല്‍ ജബര്‍ മുഹമ്മദ് അല്‍ സുവൈദി, പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി റാശിദ് അല്‍ അമീരി, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Latest