അനാഥരാകുന്ന കുട്ടികളെ സഹായിക്കാന്‍ റെഡ്ക്രസന്റിനൊപ്പം എച്ച് എം സിയും

Posted on: January 20, 2017 6:23 pm | Last updated: January 20, 2017 at 6:23 pm

ദോഹ: എച്ച് എം സി ആശുപത്രികളില്‍ ചികിത്സയിലിരിക്കേ മരണപ്പെടുന്നവരുടെ കുട്ടികള്‍ക്ക് സമ്പൂര്‍ണ സംരക്ഷണമൊരുക്കാന്‍ ഖത്വര്‍ റെഡ് ക്രസന്റ് സൊസൈറ്റി പദ്ധതി. ഇതു സംബന്ധിച്ച് ഇരു സ്ഥാപനങ്ങളും കരാറില്‍ ഒപ്പു വെച്ചു. പ്രഥമഘട്ടത്തില്‍ 33 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ സഹായം ലഭിക്കുക.
സമൂഹത്തില്‍ സംരക്ഷണവും സഹായവും ആവശ്യമുള്ള വിഭാഗമാണ് അനാഥകളെന്നും അസുഖം ബാധിച്ച് അന്നം നല്‍കി വന്നവര്‍ മരണപ്പടുന്നതു വഴി നിരാശ്രയരാകുന്ന കുട്ടികള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും റെഡ് ക്രസന്റ് സെക്രട്ടറി ജനറല്‍ അലി ഹസന്‍ അല്‍ ഹമ്മാദി പറഞ്ഞു. ചാരിറ്റി സംഘടനകളും സര്‍ക്കാരിതര സന്നദ്ധ സംഘടനകളും അനാഥകളെ സംരക്ഷിക്കുന്നിതിന് രംഗത്തു വരുന്നുണ്ട്.
സഹായങ്ങളെ കുടക്കീഴില്‍ കൊണ്ടുവന്നു കൊണ്ട് സര്‍ക്കാറും സാമൂഹിക സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നു. എന്നാല്‍ അസുഖത്തെത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങുന്നവരുടെ അനാഥകളാകുന്ന കുട്ടികളുടെ സഹായത്തിനാണ് കരാറിലൂടെ സൗകര്യമൊരുക്കുന്നത്.
ഇത്തരം കുടുംബങ്ങളെയും കുട്ടികളെയും കുറിച്ച് എച്ച് എം സി പഠനം നടത്തും. വിവരം റെഡ് ക്രസന്റിനു കൈമാറുന്നതോടെ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും ചികിത്സയൊരുക്കുക എന്നതാണ് എച്ച് എം സിയുടെ ദൗത്യമെന്നും എന്നാല്‍ റെഡ്ക്രസന്റുമായുള്ള സഹകരണത്തിലൂടെ ജീവകാരുണ്യ മേഖലയിലേക്കു കൂടി സേവനം വികസിപ്പിക്കാന്‍ സാധിക്കുന്നതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് എച്ച് എം സി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസല്‍മാനി പറഞ്ഞു. സഹായം നല്‍കാന്‍ വേണ്ടി തിരഞ്ഞെടുക്കുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് അടിയന്തര ചികിത്സാ ചെലവുകള്‍ ഉള്‍പ്പെടെ പദ്ധതിയുടെ ഭാഗമായി വരുമെന്നും അദ്ദേഹം പറഞ്ഞു.
പത്തു വര്‍ഷമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനും റെഡ് ക്രസന്റ് സൊസൈറ്റിയും വിവിധ രംഗങ്ങളില്‍ സഹകരിച്ചു വരുന്നുണ്ട്. രണ്ടുമാസത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണ് അനാഥകള്‍ക്കു വേണ്ടിയുള്ള കരാറില്‍ ഒപ്പിട്ടത്.