Connect with us

Gulf

പുതു തലമുറയില്‍ പ്ലാസ്റ്റിക് സര്‍ജറി ഭ്രമം

Published

|

Last Updated

ദോഹ: രാജ്യത്തെ പുതിയ തലമുറയില്‍ പ്ലാസ്റ്റിക് സര്‍ജറി ഭ്രമം വര്‍ധിച്ചു വരുന്നതായി സൂചന. ഖത്വര്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് നല്ലൊരു ശതമാനം പേര്‍ പ്ലാസ്റ്റിക് സര്‍ജറി താത്പര്യം വെളിപ്പെടുത്തിയത്. ഇതിനകം സര്‍ജറി പൂര്‍ത്തിയാക്കിയവരുമുണ്ട് ഇവരില്‍.
പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായ അബിര്‍ അബു ഖഊദ് ആണ് പഠനം നടത്തിയത്. “ഖത്വര്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കിടയിലെ പ്ലാസ്റ്റിക് സര്‍ജറി അനുഭവങ്ങള്‍, പ്രചോദനങ്ങള്‍, മനശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങള്‍” എന്ന വിഷയത്തില്‍ നടന്ന പഠനത്തിലാണ് 24 ശതമാനം വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക് സര്‍ജറിയെ പ്രിയം വെക്കുന്നതായി കണ്ടെത്തിയത്. ഇത്രയും പേര്‍ ഇതിനകം പ്ലാസ്റ്റിക് സര്‍ജറി പൂര്‍ത്തിയാക്കിയവരോ ഭാവിയില്‍ നടത്താന്‍ തീരുമാനിച്ചവരോ ആണ്. ഡോ. മനാര്‍ ഹസന്റെ നിരീക്ഷണത്തിലാണ് അബിര്‍ അബുവിന്റെ പഠനം നടന്നതെന്ന് അല്‍ ശര്‍ഖ് അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇപ്പോള്‍ നടന്നു വരുന്ന പ്ലാസ്റ്റിക് സര്‍ജറികള്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നുണ്ട്. സര്‍ജറിക്കു വിധേയരായ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരില്‍നിന്നുള്ള പ്രചോദനമാണ് ഭൂരിഭാഗം പേരെയും ഈ തീരുമാനത്തിലേക്കെത്തിക്കുന്നത്. രാജ്യത്ത് പ്ലാസ്റ്റിക് സര്‍ജറി കൂടുതല്‍ വ്യാപാകമാകുന്ന ഘട്ടമാണിതെന്ന് പഠനം പറയുന്നു.
ശരിയായ രീതിയിലുള്ള നടപടികളിലൂടെ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ അപകടങ്ങള്‍ വരുത്തിവെക്കുന്ന പ്രക്രിയയാണ് പ്ലാസ്റ്റിക് സര്‍ജറി. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ തന്നെ സര്‍ജറിയോട് ആഭിമുഖ്യം കൂടി വരികയാണ്. പ്ലാസ്റ്റിക് സര്‍ജറി സൃഷ്ടിക്കുന്ന സാമൂഹികവും മാനസികവുമായ ഘടകങ്ങളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അബിര്‍ അബുവിന്റെ പഠനം നിര്‍ദേശിക്കുന്നു.

Latest