Connect with us

Gulf

രാജ്യത്ത് വിവാഹമോചനങ്ങള്‍ വര്‍ധിക്കുന്നു

Published

|

Last Updated

ദോഹ: ഖത്വരി പൗരന്‍മാര്‍ക്കിടയില്‍ വിവാഹമോചന നിരക്ക് 15 വര്‍ഷത്തിനിടെ 71 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വികസനാസൂത്രണ, സ്ഥിതിവിവര വകുപ്പു മന്ത്രാലയത്തിലെ ജനസംഖ്യാ വിദഗ്ധന്‍ മുഹമ്മദ് അലി അക്ബീബ് നല്‍കുന്ന കണക്കനുസരിച്ച് 2000ല്‍ 471 ഖത്വരികള്‍ വിവാഹമോചനത്തിന് അപേക്ഷിച്ചപ്പോള്‍ 2015ല്‍ ഇത് 807 ആയി ഉയര്‍ന്നു. മുഹമ്മദ് അലിയെ ഉദ്ധരിച്ച് അര്‍റായ അറബി പത്രമാണ് വാര്‍ത്ത നല്‍കിയത്.
രാജ്യത്ത് വിവാഹ മോചനങ്ങള്‍ വര്‍ധിക്കുന്നതു സംബന്ധിച്ച് വിദഗ്ധര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഏഴു സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നും പൊതുസമൂഹത്തില്‍ നിന്നും പ്രതിനിധികളെ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം പാനല്‍ ചര്‍ച്ച നടന്നു. ഭയപ്പെടുത്തുന്ന രീതിയിലാണ് വിവാഹമോചനം ഉയരുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകനായ അഹ്മദ് അല്‍ ബുഐനാന്‍ പറഞ്ഞു. 1990കളില്‍ അഞ്ചോ പത്തോ വിവാഹ മോചനക്കേസുകള്‍ മാത്രമാണ് കോടതിക്കു മുന്നിലെത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സംഖ്യ വളരെ കൂടുതലാണ്. വിവാഹമോചനം കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ഒരു ആധിയമായി മാറിയിരിക്കുന്നു. പരിഹാരങ്ങള്‍ക്കായി അടിയന്തരമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹ പറഞ്ഞു.
ഇണകളെ തിരഞ്ഞെടുക്കുന്നതിലെ ദുര്‍ബലതയാണ് വിവാഹമോചനത്തിന്റെ മുഖ്യ കാരണം. പൊരുത്തക്കേടുകളാണ് രണ്ടാമത്തെ വില്ലന്‍. പ്രായത്തിലെ വ്യത്യാസം, വിദ്യാഭ്യാസത്തിലെ വ്യത്യാസം, സാമ്പത്തിക സ്ഥിതി, സാമൂഹിക സ്ഥാനം തുടങ്ങിയവയാണ് പൊരുത്തക്കേടുകള്‍ക്കിടയാക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ കൂടുതലായി ജോലിക്കു പോകാന്‍ തുടങ്ങിയത് വിവാഹമോചനത്തിന് കാരണമാകുന്നുണ്ട്. വിവാഹത്തിനു മുമ്പ് പരിചയമില്ലാത്തവരെയും ബന്ധുക്കളെയും മറ്റും മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹം കഴിക്കേണ്ടി വരുന്നവര്‍ക്കും കൂടുതല്‍ കാലം മുന്നോട്ടു പോകാന്‍ കഴിയുന്നില്ല.
ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാര്‍ക്കു മേല്‍ ചെലുത്തുന്ന സമ്മര്‍ദങ്ങളും ആവശ്യങ്ങളും ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കുന്നു. രക്ഷിതാക്കളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ ഇടപെടലുകളാണ് ചിലരുടെ ജീവിതത്തില്‍ കല്ലു കടിക്കുന്നത്. ഇണകളില്‍ ചിലര്‍ക്ക് മറ്റുള്ളവരുമായുള്ള ബന്ധവും കാരണമാണെന്ന് മുഹമ്മദ് അലി അവതരിപ്പിച്ച പഠനത്തില്‍ പറയുന്നു. സാമ്പത്തിക ധൂര്‍ത്തിനെത്തുടര്‍ന്നുള്ള ബാധ്യതകള്‍, ധാര്‍മികമായ പ്രശ്‌നങ്ങള്‍, സമീപനത്തിലെ കുഴപ്പങ്ങള്‍ എന്നിവയും ദമ്പതിമാര്‍ക്കിടയില്‍ അകല്‍ച്ചക്കു കാരണങ്ങളാണ്. വിവാഹത്തിനു വേണ്ടത്ര തയാറെടുക്കാതെയും പ്രശ്‌നങ്ങളെ നേരിടാന്‍ കഴിയാതെയും ചില വിവാഹങ്ങള്‍ വേര്‍ പിരിയേണ്ടി വരുന്നു.
ഖത്വരി സമൂഹത്തില്‍ ബന്ധുക്കള്‍ക്കിടയിലെ വിവാഹം പതിവാണ്. അടുത്തകാലത്ത് നടന്ന ഒരു പഠനം അനുസരിച്ച് കുടുംബത്തില്‍ നിന്നു നടക്കുന്ന വിവാഹങ്ങള്‍ 35 ശതമാനമുണ്ട്. ഇത് സഊദി അറേബ്യയില്‍ 25 മുതല്‍ 40 ശതമാനം വരെയും യു എ ഇയില്‍ 21 മുതല്‍ 28 ശതമാനം വരെയുമാണ്. വളരെ അടുത്ത ബന്ധുക്കള്‍ക്കിടയില്‍ നടന്ന വിവാഹങ്ങളിലെ പിരിയല്‍ 19 ശതമാനവും അകന്ന ബന്ധുക്കള്‍ക്കിടയില്‍ 17 ശതമാനവുമാണ്. എന്നാല്‍ അടുത്ത ബന്ധുക്കള്‍ക്കിടയിലല്ലാത്ത വിവാഹമോചനങ്ങള്‍ രാജ്യത്ത് 64 ശതമാനമാണ്. 2008ല്‍ നിലവില്‍ വന്ന നിമയം അനുസരിച്ച് രാജ്യത്ത് വിവാഹപൂര്‍വ മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാണ്. സര്‍ട്ടിഫിക്കറ്റില്ലാത്ത വിവാഹങ്ങള്‍ക്ക് നിയമപരമായി നിലനില്‍പ്പില്ല.