സഊദിയില്‍ വൈദ്യുതി ഉത്പാദനത്തിനായി ആദ്യ കാറ്റാടിയന്ത്രം കമ്മീഷന്‍ ചെയ്തു

Posted on: January 20, 2017 6:10 pm | Last updated: January 20, 2017 at 6:10 pm
SHARE

ദമ്മാം: സഊദിയില്‍ വിഷന്‍ 2030 ലക്ഷ്യം വെക്കുന്ന വിഭിന്ന ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്ന ആശയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി വൈദ്യുതി ഉത്പാദന കാറ്റാടിയന്ത്രം കമ്മീഷന്‍ ചെയ്തു. ദേശീയ പുനരുല്‍പാദന ഊര്‍ജ്ജത്തെ തിരിച്ചറിഞ്ഞ് പ്രയോഗിക്കാനുള്ള വിഷന്‍ 2030 അവതരിപ്പിച്ച സഊദി അറാംകോയുടെ പ്ലാന്‍ പ്രാവര്‍ത്തികമാക്കുന്നതിലെ പ്രധാന നാഴികക്കല്ലാണിത്. സഊദിയുടെ വടക്ക് പടിഞ്ഞാറ് പ്രദേശമായ ത്വുറൈഫിലാണ് ജനറല്‍ ഇലക്ട്രികിന്റെ പങ്കാളിത്തത്തോടെ വൈദ്യുതോല്‍പാദന കാറ്റാടി യന്ത്രം സ്ഥാപിച്ചിട്ടുള്ളത്.

ഇത് പുതിയൊരു ഊര്‍ജ്ജ മേഖലയെ കണ്ടെത്തിയിരിക്കുകയാണെന്ന് ഫോറിന്‍ ഇന്‍വെസ്റ്റ്മന്റ് ലീഗല്‍ കണ്‍സല്‍ട്ടന്റ് ഡോ.മാജിദ് അബ്ദുല്ല അല്‍ ഹദ്‌യാന്‍ പറഞ്ഞു. 9.5 മെഗാവാട്ട് പുനരുല്‍പാദന ഊര്‍ജ്ജ സ്രോതസാണ് വിഷന്‍ 2030 ന്റെ പ്രാഥമിക ടാര്‍ജറ്റ്. സഊദി വ്യാവസായിക ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പുനരുത്പാദന ഊര്‍ജ്ജ രംഗത്ത് വന്‍കുതിച്ചു ചാട്ടം നടത്താന്‍ സഊദി തയ്യാറായി എന്ന് പ്രഖ്യാപിച്ചതിന്റെ സാക്ഷാത്കാരം കൂടിയാണിത്. ഊര്‍ജ്ജ പ്രതിസന്ധി കുറക്കുന്നതോടൊപ്പം ഉത്പാദന ചെലവിലും നല്ല മാറ്റം ഉണ്ടാക്കാന്‍ പദ്ധതിക്ക് കഴിയും.

ഭാവിയില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതോടൊപ്പം രാജ്യത്തിന്റെ വര്‍ധിത ആവശ്യങ്ങള്‍ക്കിത് മതിയായതാണെന്ന് സഊദി അറാംകോ എക്‌സിക്യൂട്ടീവ് തലവന്‍ അബ്ദുല്‍ കരീം അല്‍ ഗംദി പറഞ്ഞു. നിലവില്‍ കമ്മീഷന്‍ ചെയ്ത ഒരു കാറ്റാടി യന്ത്രത്തിന് 250 വീടുകള്‍ക്കെങ്കിലും ഉപയോഗിക്കാന്‍ തരത്തില്‍ 2.75 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. ഇത് വര്‍ഷത്തില്‍ 18,600 ബാരല്‍ എണ്ണക്ക് തുല്യമായ ഡീസല്‍ ഉപഭോഗം കുറക്കും. ഗ്രീന്‍ഹൗസ് ഗ്യാസ് ചോര്‍ച്ച കുറക്കാനും പാരീസ് കാലാവസ്ഥാ കരാര്‍ അനുസരിച്ച് ആഗോള കാലാവസ്ഥാ ആക്ഷനിലേക്ക് നല്ല സംഭാവനയര്‍പ്പിക്കാനും പദ്ധതിക്ക് കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here