കാര്‍ഷിക വികസനം നേരിട്ട് വിലയിരുത്താന്‍ കൃഷി മന്ത്രി അട്ടപ്പാടിയില്‍

Posted on: January 20, 2017 4:25 pm | Last updated: January 20, 2017 at 4:04 pm
SHARE

പാലക്കാട്: ആദിവാസി വിഭാഗങ്ങളുടെ ആരോഗ്യ പരിപാലനവും കാര്‍ഷിക അഭിരുചിയും ചെറുധാന്യങ്ങള്‍ ഉള്‍പ്പെട്ട തനത് പരമ്പരാഗത കൃഷിരീതിയിലൂടെ പരിപോഷിപ്പിക്കാന്‍ അട്ടപ്പാടി മേഖലയിലെ 192 ഊരുകള്‍ ഉള്‍പ്പെടുത്തി കാര്‍ഷിക വ്യാപന പദ്ധതി ആവിഷ്‌കരിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

മേഖലയിലെ പരമ്പരാഗത വിളകളുടെ കൃഷി വ്യാപനവുമായി ബന്ധപ്പെട്ട് അട്ടപ്പാടി , അഗളി കാംപ് സെന്ററില്‍ നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഈ കാര്യം അറിയിച്ചത്. അട്ടപ്പാടിയെ കാര്‍ഷികമേഖലായി പ്രഖ്യാപിച്ചുകൊണ്ട് നടപ്പാക്കുന്ന പദ്ധതി ക്ക് 4.33 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. കോറ, അരി ചോളം, മക്കച്ചോളം, ചാമ, എള്ള്, തിന പഴങ്ങള്‍ പച്ചക്കറികള്‍, കിഴങ്ങ് വര്‍ക്ഷങ്ങളുടെ കാര്‍ഷികവികസനവും തേനീച്ച വളര്‍ത്തലും ഉള്‍പ്പെട്ട പദ്ധതി അന്യ സംസ്ഥാനങ്ങളിലെ വിദഗ്ധരുടെ കൂടി ഉപദേശം സ്വീകരിച്ച് പട്ടികവര്‍ഗ-വനം-ജലവിഭവം എന്നിങ്ങനെ വിവിധ വകുപ്പുകളുടെ ഏകോപന പ്രവര്‍ത്തനങ്ങളിലൂടെയാവും നടപ്പാക്കുക.

കാലാവസ്ഥ വ്യതിയാനവും പരമ്പരാഗത കൃഷിരീതിയിലുള്ള പിന്‍മാറ്റവുമാണ് ആദിവാസമേഖലയുടെ ശോഷണത്തിന് കാരണമെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ആദിവാസികളുടെ ആവാസ വ്യവസ്ഥ പരിരക്ഷിക്കാന്‍ കൂടിയെന്നോണം ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്. എം ബി രാജേഷ് എം പി, എന്‍ ശംസുദ്ദീന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി, ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, ഒറ്റപ്പാലം സബ്കലക്ടര്‍ പി ബി നൂഹ മന്ത്രിയെ അനുഗമിച്ചു. അട്ടപ്പാടി മേഖലയിലെ അഞ്ച് സംസ്ഥാന കര്‍ഷക ജേതാക്കളെ കൃഷി മന്ത്രി ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here