എസ്പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി; ശിവ്പാലും മത്സരിക്കും

Posted on: January 20, 2017 2:45 pm | Last updated: January 20, 2017 at 7:02 pm

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനുള്ള 191 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. എതിരാളിയായ അമ്മാവന്‍ ശിവ്പാല്‍ യാദവിനെ ഉള്‍പ്പെടുത്തിയാണ് അഖിലേഷിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. 38 പേര്‍ക്ക് ഉറപ്പായും സീറ്റ് നല്‍കണമെന്ന ആവശ്യപ്പെട്ട് പാര്‍ട്ടി സ്ഥാപകനും പിതാവുമായ മുലായം സിംഗ് യാദവ് നല്‍കിയ പട്ടിക അംഗീകരിച്ചാണ് ശിവ്പാല്‍ യാദവിനേയും അഖിലേഷ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. തേിരഞ്ഞെടുപ്പില്‍ ഏത് വിധേനേയും ഒപ്പം കൂട്ടാനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

മുലായം സിംഗ് ആവശ്യപ്പെട്ടവരില്‍ കൂടുല്‍പരേും അഖിലേഷിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. ഇതോടെ ഭിന്നതയില്ലാതെ തിരഞ്ഞെടുപ്പില്‍ എസ്പി ഒന്നിച്ച് പൊരുതുമെന്ന് ഏറെക്കുറെ ഉറപ്പായി. ഫെബ്രുവരി 11 മുതല്‍ 7 ഘട്ടമായാണ് ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ്. ആദ്യ മൂന്ന് ഘട്ടങ്ങളിലേക്കുള്ള 191 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടത്.

മുലായം സിംഗ്‌യാദവ് കഴിഞ്ഞ മാസം പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് സമാന്തര സ്ഥാനാര്‍ത്ഥി പട്ടികയുമായി മുഖ്യമന്ത്രി അഖിലേഷ് യാദവ് എത്തിയതോടെയാണ് എസ്പിയില്‍ ആഭ്യന്തരകലഹം രൂക്ഷമായത്. പിന്നാലെ അഖിലേഷിനേയും രാംഗോപാല്‍ യാദവിനേയും പാര്‍ട്ടിയില്‍ നിന്ന് മുലായം പുറത്താക്കിയെങ്കിലും 15 മണിക്കൂറിനകം തിരിച്ചെടുത്തു. പ്രത്യേക ദേശീയ കണ്‍വെന്‍ഷന്‍ വിളിച്ച് പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റ് അഖിലേഷ് തിരിച്ചടിച്ചു. ഇതോടെ പാര്‍ട്ടിക്കും പാര്‍ട്ടി ചിഹ്നത്തിനും വേണ്ടി മുലായംഅഖിലേഷ് പക്ഷങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തിയെങ്കിലും എംഎല്‍എമാരുടെ പിന്തുണയോടെ പാര്‍ട്ടി അഖിലേഷ് പിടിച്ചെടുത്തു.