Connect with us

Kerala

ഫയല്‍ പൂഴ്ത്തല്‍ : ചീഫ് സെക്രട്ടറിക്കെതിരായ ഹരജിയില്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം: കോടതി

Published

|

Last Updated

തിരുവനന്തപുരം: ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിനെതിരായ ഹരജിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടു. ഈ മാസം 24ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ നിര്‍ദേശം.
റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ നിര്‍ദേശിച്ചത് പ്രകാരം വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഫയലുകള്‍ പൂഴ്ത്തുന്നത് സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിജിലന്‍സ് ലീഗല്‍ അഡൈ്വസറെ രൂക്ഷമായി വിമര്‍ശിച്ചു. വ്യക്തമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടതിനൊപ്പം പരാതി ഒന്നുകൂടി വായിച്ചുനോക്കാനും കോടതി ലീഗല്‍ അഡൈ്വസറോട് നിര്‍ദേശിച്ചു. തുടര്‍ന്നാണ് 24ന് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത.് വിജിലന്‍സ് ജഡ്ജി എ ബദറുദ്ദീനാണ് ഹരജി പരിഗണിച്ചത്.

ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശിപാര്‍ശകളോടെ നല്‍കുന്ന ഫയലുകള്‍ ചീഫ് സെക്രട്ടറി അട്ടിമറിക്കുന്നുവെന്ന ഹരജിയിലാണ് കോടതി റിപ്പോര്‍ട്ട് തേടിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ കെ എം എബ്രഹാം, ടോം ജോസ്, എ ഡി ജി പി. ആര്‍ ശ്രീലേഖ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണ ഫയല്‍ ചീഫ് സെക്രട്ടറി പൂഴ്ത്തിയെന്നാണ് ഹരജി. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസാണ് കോടതിയെ സമീപിച്ചത്.
എ ഡി ജി പി ശ്രീലേഖക്കെതിരായ കേസില്‍ നടപടി വൈകിപ്പിച്ചുവെന്ന പരാതിയില്‍ കോടതി ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശം ഉന്നയിച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ അതിന്മേല്‍ അന്വേഷണം വേണ്ടെന്ന് തീരുമാനിക്കുന്നത് ശരിയല്ലെന്നും കോടതി കുറ്റപ്പെടുത്തി. ഗതാഗത വകുപ്പിലെ ക്രമക്കേടില്‍ ശ്രീലേഖക്കെതിരെ നടപടി വേണമെന്ന കുറിപ്പോടെ ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ 2016 ജൂലൈ 25ന് ഫയല്‍ മന്ത്രി എ കെ ശശീന്ദ്രന് കൈമാറി. അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ഈ ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയെങ്കിലും നാല് മാസത്തോളം നടപടിയെടുക്കാതെ ചീഫ് സെക്രട്ടറി പൂഴ്ത്തിവെച്ചുവെന്നായിരുന്നു ആരോപണം.