പ്രജ്ഞാസിംഗ് താക്കൂറിന് കോടതി ജാമ്യം നല്‍കുകയാണെങ്കില്‍ എതിര്‍പ്പില്ലെന്ന് എന്‍ഐഎ

Posted on: January 20, 2017 2:39 pm | Last updated: January 20, 2017 at 2:39 pm
SHARE

മുംബൈ: മലേഗാവ് ബോംബ്‌സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന സ്വാമിനി പ്രജ്ഞാസിങ് താക്കൂറിന് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കുകയാണെങ്കില്‍ എതിര്‍പ്പില്ലെന്ന് എന്‍ഐഎ. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് ആണ് എന്‍.ഐ.എക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. കേസില്‍ മകോക വകുപ്പ് ചുമത്തേണ്ടെന്ന് എന്‍ഐഎ നിലപാടെടുത്തതിന് പിന്നാലെയാണ് ഇപ്പോള്‍ ജാമ്യം നല്‍കുന്നതിനും എതിര്‍പ്പില്ലെന്ന് അറിയിച്ചിരിക്കുന്നത്.

നേരത്തെ പ്രജ്ഞ വിചാരണ കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജി ജസ്റ്റിസ് ആര്‍.വി മോര്‍, ശാലിനി പന്‍സല്‍കര്‍ ജോഷി എന്നിവരടങ്ങിയ ബെഞ്ച് നിരസിച്ചിരുന്നു. പ്രതി മലേഗാവ് സ്‌ഫോടനക്കേസില്‍ മാത്രമല്ല, മറ്റ് പല സ്‌ഫോടനക്കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുമ്പ് കേസന്വേഷിച്ച എ.ടി.എസ് (മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ്‌സ്‌ക്വാഡ്) മകോക ചുമത്തിയത്. എന്നാല്‍ പ്രതി മലേഗാവ് സ്‌ഫോടനത്തില്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളുവെന്നാണ് എന്‍ഐഎ നിലപാട്. കേസ് ഹൈകോടതി ജനുവരി 31ന് വീണ്ടും പരിഗണിക്കും.