ജെല്ലിക്കെട്ട് കേസില്‍ വിധി പറയുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് കൂടി നീട്ടിവെച്ചു

Posted on: January 20, 2017 11:47 am | Last updated: January 20, 2017 at 4:02 pm

ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് കേസില്‍ വിധി പറയുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് കൂടി നീട്ടിവെച്ചു. കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വിധി പറയുന്നത് നീട്ടിയത്. ജെല്ലിക്കെട്ടുമായുളള മൃഗസംരക്ഷണത്തിനൊപ്പം പാരമ്പര്യവും കൂടി പരിഗണിക്കേണ്ടതുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാരും സംസ്ഥാനവുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്.

അതുകൊണ്ട് വിധി പറയുന്നത് നീട്ടിവെക്കണമെന്നാണ് സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ അറിയിച്ചത്. ഇതേതുടര്‍ന്നാണ് വരുന്ന ഒരാഴ്ചത്തേക്ക് ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഒരു ഉത്തരവും ഇറക്കുകയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. ജെല്ലിക്കെട്ട് നിരോധിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് വന്‍ ജനകീയ പ്രക്ഷോഭമാണ് തമിഴ്‌നാട്ടില്‍ അരങ്ങേറുന്നത്. ജെല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്‌നാട് മന്ത്രിസഭ പ്രത്യേക മന്ത്രിസഭാ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ചെന്നൈ മറീന ബീച്ചില്‍ വിദ്യാര്‍ഥിയുവജന സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭവേദിയിലേക്ക് നാലാംദിവസമായ ഇന്നും ജനം ഒഴുകുകയാണ്. കൂടാതെ ഇന്ന് നടക്കുന്ന ബന്ദിന് ഐക്യദാര്‍ഢ്യം പ്രകടപ്പിച്ച് വിവിധ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും തെരുവിലിറങ്ങിയിട്ടുണ്ട്.