മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്ത് വിടാനാകില്ലെന്ന് മുഖ്യമന്ത്രി

Posted on: January 20, 2017 11:14 am | Last updated: January 20, 2017 at 4:02 pm

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്ത് വിടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വിവരങ്ങളും ഉടനടി പുറത്ത് വിടുകയാണെങ്കില്‍ കാര്യങ്ങള്‍ ലക്ഷ്യപ്രാപ്തിയില്‍ എത്തുന്നതിന് തടസമുണ്ടാകുമെന്നും അതിനാല്‍ മന്ത്രിസഭാ തീരുമാനങ്ങളില്‍ ചിലത് നടപ്പിലാക്കിയ ശേഷമെ അറിയാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിവരാവകാശ നിയമം വ്യക്തിപരമായി ദുരുപയോഗിക്കുന്നവരെ തിരിച്ചറിയണം. അതേസമയം ദുരുപയോഗം മറയാക്കി വിവരം നല്‍കാതിരിക്കുന്ന സ്ഥിതിയും വരരുത്. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വിവേചനം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് അഴിമതി അര്‍ബുദം പോലെ പടരുകയാണ്. വികസനം ലക്ഷ്യപ്രാപ്തിയില്‍ എത്താതെ മറ്റുവഴികളിലൂടെ ചോര്‍ന്നു പോകുകയാണ്. അഴിമതിയില്ലാതെയുളള ഭരണത്തിനായി ശുദ്ധീകരിക്കല്‍ നടപടികള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. പിന്നാലെ സര്‍ക്കാരിന്റെ സൈറ്റിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. നേരത്തെ സംസ്ഥാന വിവരാവകാശ കമ്മീഷനും മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.