ജെല്ലിക്കെട്ടിന് രണ്ട് ദിവസത്തിനുള്ളില്‍ അനുമതി ലഭിച്ചേക്കുമെന്ന് പനീര്‍ശെല്‍വം

Posted on: January 20, 2017 10:37 am | Last updated: January 20, 2017 at 3:32 pm
SHARE

ചെന്നൈ: ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. ജെല്ലിക്കെട്ടിന് രണ്ട് ദിവസത്തിനകം അനുമതി ലഭിച്ചേക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ജെല്ലിക്കെട്ട് നിയമവിധേയമാക്കാനുള്ള നിയമഭേദഗതികള്‍ നല്‍കിയിട്ടുണ്ടെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പറഞ്ഞു. നാലു ദിവസമായി ചെന്നൈ മറീന ബീച്ചില്‍ തുടരുന്ന പ്രതിഷേധ പ്രകടനങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, തമിഴ്‌നാട് സര്‍ക്കാരിന് ജെല്ലിക്കെട്ട് പരമ്പരാഗത കായിക ഇനമായി പ്രാബല്യത്തില്‍വരുത്താനുള്ള നിയമനിര്‍മാണം നടത്താനുള്ള അധികാരമുണ്ടെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോഹതഗി പറഞ്ഞിരുന്നു.
അതേസമയം തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതായും ഒരു ദിവസം നിരാഹാരം ഇരിക്കാന്‍ ഉദ്ദേശിക്കുന്നതായും വ്യാഴാഴ്ച രാവിലെ ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍. റഹ്മാന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധി മറികടന്ന് പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നതുള്‍പ്പെടെയുള്ള തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിയിരുന്നു. ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് വ്യാഴാഴ്ച തന്നെ ഇക്കാര്യത്തിനായി സന്ദര്‍ശിച്ച പനീര്‍ശെല്‍വത്തെയും സംഘത്തെയും മോദി അറിയിച്ചിരുന്നു.

പ്രത്യേക ഓര്‍ഡിനന്‍സിലൂടെ ജെല്ലിക്കെട്ട് നിയമവിധേയമാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) എന്ന സംഘടനയാണ് ജെല്ലിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here