9/11: മുസ്‌ലിംകളെ അന്യായമായി തടവിലിട്ടതിനെതിരായ ഹരജിയില്‍ വാദം കേള്‍ക്കുന്നു

Posted on: January 20, 2017 10:30 am | Last updated: January 20, 2017 at 10:15 am

വാഷിംഗ്ടണ്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അറസ്റ്റ് ചെയ്യപ്പെട്ട മുസ്‌ലിംകള്‍ നല്‍കിയ ഹരജിയില്‍ യു എസ് സുപ്രീം കോടതി വാദം കേള്‍ക്കാന്‍ തുടങ്ങി. തങ്ങളെ അകാരണമായി കേസില്‍ പെടുത്തുകയായിരുന്നുവെന്നും അറബ് വംശജരാണെന്ന ഒറ്റക്കാരണത്താലാണ് കുറ്റം ചുമത്തിയതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അന്നത്തെ അറ്റോര്‍ണി ജനറല്‍ ജോണ്‍ അഷ്‌ക്രോഫ്റ്റ്, ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ് ബി ഐ) ഡയറക്ടര്‍ റോബര്‍ട്ട് മ്യൂളര്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെടാന്‍ പരാതിക്കാര്‍ക്ക് അവകാശമുണ്ടോ എന്നതാണ് കോടതി ഇന്നലെ പരിഗണിച്ചത്.

ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അറസ്റ്റിലായ 750 പേരില്‍ ചിലരുടെ ഹരജിയാണ് പരമോന്നത കോടതി വര്‍ഷങ്ങള്‍ക്കിപ്പുറം പരിഗണിക്കുന്നത്. മൂന്ന് മുതല്‍ എട്ട് മാസം വരെ തടവ് അനുഭവിച്ചവരാണ് ഇവര്‍. അറസ്റ്റ് തീര്‍ത്തും നിയമവിരുദ്ധമായിരുന്നുവെന്നും 23 മണിക്കൂര്‍ തങ്ങളെ ഏകാന്ത സെല്ലിലിട്ട് പീഡിപ്പിച്ചുവെന്നും ഇവര്‍ ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. മറ്റ് തെളിവുകളൊന്നും ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ മതിയായ കുടിയേറ്റ രേഖകളില്ലെന്ന ആരോപണമാണ് പോലീസ് മുന്നോട്ട് വെച്ചിരുന്നത്. മുസ്‌ലിം യുവാക്കളുടെ ഹരജിയില്‍ അനുകൂല നിലപാടാണ് കീഴ്‌ക്കോടതികള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ അപ്പോഴൊക്കെ മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കുകയായിരുന്നു അധികൃതര്‍. വര്‍ഷങ്ങള്‍ നീണ്ട നിയമ നടപടികള്‍ക്കൊടുവിലാണ് സുപ്രീം കോടതിക്ക് മുമ്പാകെ കേസ് എത്തിയിരിക്കുന്നത്. ജൂണില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ. അത്തരമൊരു സംഭവത്തിന് ശേഷം ചിലരെ പോലീസ് അറസ്റ്റ് ചെയ്യുമെന്നത് സ്വാഭാവികമാണെന്ന് നിയമവിദഗ്ധനായ സ്റ്റീഫന്‍ ബ്രെയര്‍ പറഞ്ഞു.