Connect with us

National

ജെല്ലിക്കെട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് വിമുക്തഭടന്‍ മെഡല്‍ തിരിച്ചുനല്‍കുന്നു

Published

|

Last Updated

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്‌നാട്ടില്‍ ജനകീയ പ്രതിഷേധം പടരുമ്പോള്‍, അവര്‍ക്കൊപ്പം ചേര്‍ന്ന് തനിക്ക് കിട്ടിയ ധീരതക്കുള്ള സൈനിക മെഡല്‍ തിരിച്ച് നല്‍കാന്‍ ഒരുങ്ങുകയാണ് വിമുക്തഭടന്‍.

സേലം ജില്ലയിലെ കൊങ്കണപുരത്ത് നിന്നുള്ള മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനായ ആര്‍ സെല്‍വ രാമലിംഗമാണ് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തതിന് ലഭിച്ച മെഡല്‍ തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് അദ്ദേഹം തന്റെ ആവശ്യമറിയിച്ച് സേലം ജില്ലാ കലക്ടര്‍ പി സമ്പത്തിനെ സമീപിക്കുകയും ചെയ്തു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മെഡല്‍ തിരിച്ചെടുക്കാന്‍ തനിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയ കലക്ടര്‍ സെല്‍വ രാമലിംഗത്തെ തിരിച്ചയച്ചു.

1995 മുതല്‍ 2015 വരെ സെല്‍വ രാമലിംഗം വ്യോമസേനയിലുണ്ടായിരുന്നു. തമിഴ്‌നാടിന്റെ പാരമ്പര്യ കായിക വിനോദമായ ജെല്ലിക്കെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷമായി നിരോധിച്ച നടപടിയില്‍ തനിക്ക് വിഷമമുണ്ടെന്ന് കലക്ടര്‍ക്ക് നല്‍കിയ കത്തില്‍ അദ്ദേഹം പറയുന്നു. ഇതേത്തുടര്‍ന്നാണ്, 1998 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തതിന് തനിക്ക് ലഭിച്ച മെഡല്‍ തിരിച്ചു നല്‍കാന്‍ തീരുമാനിച്ചത്. ജെല്ലിക്കെട്ട് പുനഃസ്ഥാപിച്ചാല്‍ മാത്രമേ താനിനി ഈ മെഡല്‍ തിരിച്ചെടുക്കൂ എന്നും സെല്‍വ രാമലിംഗം കത്തില്‍ പറയുന്നു.

Latest