അലോക് വര്‍മ സി ബി ഐ ഡയറക്ടര്‍

Posted on: January 20, 2017 6:25 am | Last updated: January 20, 2017 at 12:30 am

ന്യൂഡല്‍ഹി: നിലവില്‍ ഡല്‍ഹി പോലീസ് കമ്മീഷണറായ അലോ ക് കുമാര്‍ വര്‍മയെ സി ബി ഐ ഡയറക്ടറായി നിയമിച്ചു. ഡിസംബറില്‍ അനില്‍ സിന്‍ഹ വിരമിച്ച ഒഴിവിലാണ് അലോക് വര്‍മ നിയമിതനായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ സമിതി നിയമനം അംഗീകരിച്ചു. ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ആര്‍ കെ ദത്ത, മഹാരാഷ്ട്ര ഡി ജി പി എസ് സി മാത്തൂര്‍ എന്നിവരെ മറികടന്നാണ് 27ാമത് സി ബി ഐ ഡയറക്ടറായി നിയമിക്കപ്പെട്ടത്.

1979 ബാച്ച് ഐ പി എസ് ഓഫീസറായ അലോക് വര്‍മ അരുണാചല്‍ പ്രദേശ്, ഗോവ, മിസോറം എന്നിവിടങ്ങളിലും തിഹാര്‍ ജയില്‍ ജനറല്‍ ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 11 മാസം മുമ്പാണ് ഡല്‍ഹി പോലീസ് കമ്മീഷണറായി ചുമതലയേറ്റത്. ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായ രാകേഷ് അസ്താനയെ സിന്‍ഹയുടെ ഒഴിവിലേക്ക് താത്കാലികമായി നിയമിച്ചിരുന്നെങ്കിലും വിവാദമായതിനെ തുടര്‍ന്നാണ് വര്‍മയുടെ നിയമനം.