Connect with us

Ongoing News

ഇരകളല്ല, ഇവര്‍ താരങ്ങളാണ്‌

Published

|

Last Updated

പയ്യന്നൂര്‍: തന്റെ രണ്ട് മക്കളെയും മാറോട് ചേര്‍ത്ത് ദുഃഖം ഉള്ളിലൊതുക്കി തല കുനിച്ച് നടന്ന ഈശ്വരനായിക്കിനും പുഷ്പലതയക്കും ഇനി മക്കളെ ഓര്‍ത്ത് അഭിമാനത്തോടെ തല ഉയര്‍ത്തി നടക്കാം. കാരണം ഇനി ഇവര്‍ ഇരകളല്ല സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലെ താരങ്ങളാണ്. മിന്നും താരങ്ങള്‍…..

എന്‍ഡോസള്‍ഫാന്റെ ജീവിക്കുന്ന രക്തസാക്ഷികളായി ജന്മനാ അന്ധരായി പിറന്ന രണ്ട് ആണ്‍മക്കളെകുറിച്ച് ഇന്നലെ വരെ ഈ മാതാപിതാക്കള്‍ക്ക് ആധിയായിരുന്നെങ്കിലും ഇനി അവര്‍ക്ക് സന്തോഷിക്കാം മക്കളെക്കുറിച്ച്. മൂത്ത മകന്‍ ദേവി കിരണ്‍ കഴിഞ്ഞ ദിവസം നേടിയ ഹയര്‍ സെക്കന്‍ഡറി വിഭാഗം ക്ലാസിക്കല്‍ മ്യൂസിക്ക് ഒന്നാം സ്ഥാനത്തിന് പിന്നാലെ ഇളയ മകന്‍ ഹൈസ്‌കൂള്‍ വിഭാഗം മിമിക്രിയില്‍ നേടിയ എ ഗ്രേഡ് ഇരട്ടി മധുരം സമ്മാനിച്ചിരിക്കുകയാണ് ഈ നിര്‍ധന കുടുംബത്തിന്. കാസര്‍ക്കോട് ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ദേവി കിരണ്‍ തന്റെ കന്നി അങ്കത്തിലാണ് വിധി ക്രൂരത കാട്ടിയ അന്ധതയെ തന്റെ ശബ്ദ മാധുര്യത്തിലൂടെ തോല്‍പ്പിച്ചത്. ജ്യേഷ്ഠന്‍ പാട്ടിന്റെ വഴിയിലൂടെ വിധിക്കെതിരെ പൊരുതിയപ്പോള്‍ അനിയന്‍ ജീവന്‍ രാജ് മിമിക്രിയിലൂടെയാണ് തന്റെ വൈകല്യത്തെ തോല്‍പ്പിച്ചത്.

ഏഴാം ക്ലാസ് വരെ സ്‌പെഷ്യല്‍ സ്‌കൂളില്‍ പഠിച്ച ജീവന്‍ രാജിന്റെ ശബ്ദാനുകരണത്തിലെ കഴിവുകള്‍ കണ്ടെത്തിയത് കൂട്ടുകാരായിരുന്നു. തുടര്‍ന്ന് കാസര്‍കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറുകയായിരുന്നു. സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇപ്പോള്‍.നിരവധി തവണ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിക്ക് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ജീവന്‍ രാജ് ആദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നത്.

 

Latest