Connect with us

Ongoing News

എടരിക്കോടിന് അടി തെറ്റി; ചുരമിറങ്ങി വന്നവര്‍ക്ക് വിജയഭേരി

Published

|

Last Updated

ഹയര്‍ സെക്കന്‍ഡറി വിഭാഗം കോല്‍ക്കളിയില്‍ ജേതാക്കളായ പിണങ്ങോട് ഡബ്ല്യൂ എം ഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം

കണ്ണൂര്‍: കോല്‍ക്കളിയില്‍ ഇത്തവണ എടരിക്കോടിന് കാലിടറി. ജേതാക്കളായത് വയനാട് ടീം. ആദ്യമായാണ് വയനാടിന് കോല്‍ക്കളിയില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗം കോല്‍ക്കളിയില്‍് ഇരുപത് വര്‍ഷമായി ഒന്നാം സ്ഥാനം ലഭിച്ചു വരുന്ന എടരിക്കോടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വയനാട് ഇത്തവണ നേട്ടം കൊയ്തത്. റവന്യൂ ജില്ലാ തലത്തില്‍ മത്സരിക്കാന്‍ തന്നെ അപ്പീല്‍ നല്‍കിയായിരുന്നു വയനാട് പിണങ്ങോട് ഡബ്ല്യൂ എം ഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അര്‍ഹത നേടിയത്. പൂരക്കളിയില്‍ മത്സരിക്കുന്ന ടീമിന് കാറ്റഗറി പ്രകാരം കോല്‍ക്കളിയില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നത് കാരണമാണ് മത്സരിക്കാന്‍ അപ്പീല്‍ നല്‍കേണ്ടി വന്നത്. തുടര്‍ന്ന് റവന്യൂ ജില്ലയിലും ഇപ്പോള്‍ സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നേടുകയായിരുന്നു.

റവന്യു ജില്ലാ കലോത്സവത്തില്‍ അര മണിക്കൂറ് മുമ്പാണ് മത്സരിക്കാനുള്ള അനുമതി ലഭിച്ചത്. കോയ പന്നിയങ്കരയുടെ പരിശീലനത്തിലൂടെയാണ് രണ്ട് പതിറ്റാണ്ട് കാലമായി സ്വന്തമായി കൈവശമാക്കി വെച്ചിരുന്ന കോല്‍ക്കളിയുടെ ഒന്നാം സ്ഥാനം പിണങ്ങോട്ടെ കുട്ടികള്‍ പിടിച്ചടക്കിയത്.
താളം, കോലടക്കം, അടിച്ചു മറിയല്‍, അവതരണം, പാട്ട് എന്നിവക്ക് ചുവട്‌വെച്ച് മെയ്‌വഴക്കം തീര്‍ത്തായിരുന്നു പിണങ്ങോടിന്റെ മുന്നേറ്റം. കണ്ണെത്തുന്നിടത്തും കോലും, കോലെത്തുന്നിടത്ത് മെയ്യും, മെയ്യത്തുന്നിടത്ത് മനസ്സുമെന്ന കോല്‍ക്കളി ചിട്ടയില്‍ പിടിമുറുക്കി കോലടിച്ചപ്പോള്‍ എതിരിടാനെത്തിയവരെയൊക്കെ ചുരമിറങ്ങി വന്ന വയനാടന്‍ സംഘം ജയഭേരി മുഴക്കി. കോല്‍ക്കളിയെന്നാല്‍ എടരിക്കോട് സ്‌കൂള്‍ എന്ന ധാരണയാണ് ഇത്തവണ പിണങ്ങോട് പൊളിച്ചടുക്കിയത്.

മുര്‍ശിദ് അഹമ്മദും താളക്കാരന്‍ സാബിത്തുമാണ് വയനാടന്‍ ചുവട്‌വെപ്പിന് നായകത്വം വഹിച്ചത്.ആകെ 22 ടീമുകള്‍ മത്സരിച്ച കോല്‍ക്കളിയില്‍ എല്ലാ കളിയും മികച്ച നിലവാരം പുലര്‍ത്തി. അത് കൊണ്ട് തന്നെ എല്ലാ ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചു

Latest