ബോയിംഗ് 787 ഡ്രീംലൈനര്‍ കൊച്ചി- ദുബൈ സര്‍വീസ് ആരംഭിക്കുന്നു

Posted on: January 20, 2017 6:54 am | Last updated: January 19, 2017 at 11:56 pm
SHARE

നെടുമ്പാശേരി: കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകള്‍ ഉള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുടെ പ്രധാന ആവശ്യമായിരുന്ന എയര്‍ ഇന്ത്യയുടെ ദീര്‍ഘദൂര വിമാന സര്‍വീസായ ബോയിംഗ് 787 ഡ്രീംലൈനര്‍ കൊച്ചി- ദുബൈ സര്‍വീസ് ആരംഭിക്കുന്നു. അടുത്ത മാസം ഒന്നിന് ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലെത്തിയ ശേഷം 9.30ന് ദുബായിലേക്ക് പറക്കും. മലയാളികളുടെ സ്വപ്‌നമായ ഈ സര്‍വീസിന്റെ ഉദ്ഘാടനം എയര്‍ ഇന്ത്യയുടെ സി എം ഡി അശ്വിന്‍ ലോഹാനി നിര്‍വഹിക്കും.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 9.30ന് പുറപ്പെടുന്ന വിമാനം 12.30ന് ദുബായിലെത്തും. പിന്നീട് 1.30ന് ദുബായില്‍ നിന്ന് തിരിച്ച് പുറപ്പെടുന്ന വിമാനം 7.05ന് കൊച്ചിയിലെത്തും. പിന്നീടിത് ഡല്‍ഹിയിലേക്ക് പറക്കും. കൂടുതല്‍ സൗകര്യങ്ങളോടെ ധാരാളം യാത്രക്കാര്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ യാത്ര ചെയ്യാം എന്നതാണ് ബോയിംഗ് 787 ഡ്രൈ ലൈനര്‍ വിമാനത്തിന്റെ പ്രത്യേകത.
നിലവില്‍ എയര്‍ ഇന്ത്യ കൊച്ചിയില്‍ നിന്ന് റിയാദ്, ജിദ്ദ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. നേരത്തെ എയര്‍ ബസ് ബോയിംഗ് വിമാനങ്ങള്‍ക്കായി ഓര്‍ഡര്‍ നല്‍കിയെങ്കിലും നാല് വര്‍ഷം വൈകിയാണ് വിമാനം എയര്‍ ഇന്ത്യക്ക് ലഭിച്ചത്. ഇത് മൂലമാണ് കൊച്ചിയില്‍ നിന്ന് ഈ വിമാന സര്‍വീസ് ആരംഭിക്കാന്‍ വൈകിയത്.

27 എണ്ണം ഓര്‍ഡര്‍ നല്‍കിയതില്‍ 23 എണ്ണം ലഭിച്ച് കഴിഞ്ഞു. 23 മത്തെ വിമാനം കഴിഞ്ഞ ഒമ്പതിനാണ് കിട്ടിയത്. ഇന്ധന ലാഭം, മണിക്കൂറുകളോളം പറക്കാനുള്ള ശേഷി, യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ ഇരിപ്പിട സംവിധാനം, വിനോദം, മികച്ച ഭക്ഷണം എന്നിവയാണ് ഡ്രീംലൈനര്‍ വിമാനത്തിന്റെ പ്രത്യേകതകളാണ്. കഴിഞ്ഞ ഒക്‌ടോബറില്‍ ഡല്‍ഹി സെന്റ് ഫ്രാന്‍സിസ്‌കോയിലേക്ക് പസഫിക് മഹാസമുദ്രത്തിന് മുകളിലൂടെ 14.5 മണിക്കൂര്‍ തുടര്‍ച്ചയായി പറന്ന് ഈ വിമാനം റെക്കോര്‍ഡ് നേടിയിരുന്നു.
മുന്‍ കാലങ്ങളില്‍ അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന് മുകളിലൂടെയാണ് പറന്നിരുന്നത്. ഡല്‍ഹി, മുംബൈ, ചെന്നെ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് ഗള്‍ഫ്, അമേരിക്ക, സ്‌പെയിന്‍, ലണ്ടന്‍ എന്നിവിടങ്ങളിലേക്ക് പറക്കുന്നത്.
കേരളത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഡ്രീംലൈനര്‍ സര്‍വീസ് നടത്തുന്നത്. 238 ഇക്കോണമി ക്ലാസും 18 ബിസിനസ് ക്ലാസും ഉള്ള വിമാനത്തില്‍ ജീവനക്കാരെ കൂടാതെ 256 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും.

 

LEAVE A REPLY

Please enter your comment!
Please enter your name here