Connect with us

Articles

സ്വാശ്രയ കാലത്തെ ഏകലവ്യന്മാര്‍

Published

|

Last Updated

കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തോടെയാണ് കേരളത്തിലെ സ്വകാര്യ സ്വാശ്രയ കോളജുകളില്‍ നടക്കുന്ന മനുഷ്യാവകാശ നിഷേധങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സമര്‍ഥനായ വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന സംശയമാണ് വിദ്യാര്‍ഥി സംഘടനകള്‍ ഉയര്‍ത്തിയിരിക്കുന്നത്. അധ്യാപകന്റെയും കോളജ് മാനേജ്‌മെന്റിന്റെയും പ്രതികാര മനോഭാവത്തോടെയുള്ള നടപടികളുടെ ഫലമായി മാനസിക പ്രയാസം മൂലമാണ് ജിഷ്ണു ആത്മഹത്യചെയ്തത് എന്നാണ് ആദ്യം വന്ന വിവരം.

എന്നാലിപ്പോള്‍ ജിഷ്ണുവിന്റെ മാതാപിതാക്കളും വിദ്യാര്‍ഥി സംഘടനകളും നല്‍കിയിരിക്കുന്ന പരാതിയില്‍ ജിഷ്ണുവിന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളും മൂക്കില്‍ രക്തം കട്ടപിടിച്ച് നില്‍ക്കുന്നതും ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നാണെന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പാമ്പാടി കോളജില്‍ “ഇടിമുറി”കളുണ്ടെന്ന് വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും സാക്ഷ്യപ്പെടുത്തുന്നു. ക്യാമ്പസുകളുടെ ഈ ദുരന്തപൂര്‍ണമായ പരിണാമം വിദ്യാഭ്യാസരംഗത്തെ വാണിജ്യ താത്പര്യങ്ങള്‍ക്കനുസൃതമായി അടിച്ചേല്‍പ്പിക്കപ്പെട്ട അരാഷ്ട്രീയവത്കരണത്തിന്റെ ഫലമാണ്. ക്യാമ്പസുകളില്‍ രാഷ്ട്രീയം പാടില്ല, വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം പാടില്ല എന്ന വാദമുയര്‍ന്നത് നവലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ചാണ്. വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യത്തെയും സര്‍ഗവാസനകളെയും ഷണ്ഡീകരിച്ച് മാനേജ്‌മെന്റുകളുടെ അടിമകളാക്കി മാറ്റിയെടുക്കുകയായിരുന്നു അരാഷ്ട്രീയവത്കരണത്തിന്റെ ലക്ഷ്യം.
വിദ്യാഭ്യാസത്തിനു പകരം മരണവ്യാപാരം നടത്തുന്ന സ്ഥാപനങ്ങളായി സ്വാശ്രയ കോളജുകള്‍ മാറിയിരിക്കുകയാണോ? സമൂഹത്തോടോ വരും തലമുറകളോടോ ഉത്തരവാദിത്വമില്ലാത്ത ലാഭക്കൊതിയന്‍മാരായ ആളുകളാണ് സ്വാശ്രയ വിദ്യാഭ്യാസരംഗത്ത് കൊടികുത്തിവാഴുന്നവരില്‍ ഭൂരിപക്ഷവും. വലതുപക്ഷ രാഷ്ട്രീയവും നവലിബറല്‍ വാദികളുമാണ് ആര്‍ക്കും സ്വാശ്രയ കോളജുകള്‍ തുടങ്ങാനുള്ള സാഹചര്യമുണ്ടാക്കിയത്. എല്ലാവര്‍ക്കും വിദ്യാഭ്യാസം എത്തിക്കാനെന്ന വ്യാജേന പ്രൊഫഷനല്‍ വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുന്ന നയമാണ് സ്വാശ്രയക്കച്ചവടത്തിന് ചുവപ്പുപരവതാനി വിരിച്ചത്. എല്ലാവിധ സാമൂഹിക നിയന്ത്രണങ്ങളെയും നിരാകരിക്കുന്ന, ലാഭത്തെ ധര്‍മശാസ്ത്രമായി കരുതുന്ന വിദ്യാഭ്യാസക്കച്ചവടക്കാര്‍ കേരളത്തിലെ വിദ്യാഭ്യാസമേഖലയെ മനുഷ്യത്വരഹിതമായ സാഹചര്യത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു.

ഈ അവസ്ഥയെ കൃത്യമായി നിയന്ത്രിക്കുക തന്നെ വേണം. വിദ്യാഭ്യാസ കച്ചവടക്കാരെ ജനകീയ ഓഡിറ്റിംഗിലൂടെ നിയന്ത്രിക്കാനും വാണിജ്യ താത്പര്യം മാത്രമുള്ളവരെ ഈ മേഖലയില്‍ നിന്ന് പുറന്തള്ളാനും കഴിയേണ്ടതുണ്ട്. ഇതിനാവശ്യമായ ജനാധിപത്യ പ്രതിരോധങ്ങള്‍ ക്യാമ്പസുകളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നു വരണം. ഭൂരിപക്ഷം സ്വാശ്രയ മാനേജ്‌മെന്റുകളുടെയും സമീപനം എല്ലാ നിയന്ത്രണങ്ങളെയും നിയമങ്ങളെയും ധിക്കരിക്കുകയും തള്ളിക്കളയുകയും ചെയ്യുകയെന്നതാണ്. പലരും പ്രവേശ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നു. പ്രവേശത്തിന് തലവരിപ്പണം വാങ്ങുന്നു. ഫീസ് തോന്നിയപോലെ. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മിനിമം ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കുന്നു. അക്കാദമിക് കാര്യങ്ങളില്‍ കൃത്രിമം കാണിക്കുന്നത് പതിവായിരിക്കുന്നു. യോഗ്യതയില്ലാത്തവരെ അധ്യാപകരായി നിയമിക്കുന്നു. ഇന്റേനല്‍ അസസ്‌മെന്റ് വിദ്യാര്‍ഥികളെ അവിഹിതമായി സ്വാധീനിക്കാനും വരുതിയില്‍ നിര്‍ത്താനുമുള്ള ആയുധമാക്കുന്നു. അതിന്റെ പേരില്‍ വിദ്യാര്‍ഥികളെ അടിമകളാക്കുന്നു. ഹോസ്റ്റല്‍, മെസ്സ് നടത്തിപ്പില്‍ ഒരു നീതീകരണവുമില്ലാത്ത ചൂഷണമാണ് മിക്കയിടങ്ങളിലും നടക്കുന്നത്.

അനീതികരമായ ഈ അവസ്ഥക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് പ്രതികരിക്കാന്‍ കഴിയുന്നില്ല. അതിനുള്ള സംഘടനാ സ്വാതന്ത്ര്യം അവിടങ്ങളില്‍ അനുവദിക്കുന്നില്ല. രക്ഷിതാക്കള്‍ക്ക് ഒരു തരത്തിലും ഇത്തരം സ്ഥാപനങ്ങളില്‍ ഇടപെടാന്‍ അവസരവും ലഭിക്കുന്നില്ല. അക്കാദമിക്- സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കുമേല്‍ ഇടപെടാന്‍ നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമല്ലെന്നതാണ് വസ്തുത. ഇതു തന്നെയാണ് മാനേജുമെന്റുകളുടെ തന്നിഷ്ടങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ കോടതി വഴി സമര്‍ഥമായി വിദ്യാഭ്യാസ കച്ചവടക്കാര്‍ മറികടക്കുകയും ചെയ്യുന്നു.
ഇടതുപക്ഷം എക്കാലത്തും അത്തരം നിയന്ത്രണങ്ങള്‍ വേണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. ഒരു സര്‍ക്കാര്‍ കോളജിന് തുല്യമാണ് രണ്ട് സ്വാശ്രയ കോളജുകളെന്ന സമവാക്യവുമായി ഒന്നരപ്പതിറ്റാണ്ടു മുമ്പ് എ കെ ആന്റണി രംഗത്തുവന്നപ്പോഴും ഇടതുപക്ഷം അതിന്റെ ആപത്തുകളെ ചൂണ്ടിക്കാട്ടിയിരുന്നു. മാനേജ്‌മെന്റുകളെ സാമൂഹിക നിയന്ത്രണത്തില്‍ കൊണ്ടുവരുന്ന നിയമം വരണമെന്ന് ഇടതുപക്ഷം വാദിച്ചു. എന്നാല്‍ “പുത്തന്‍ വ്യവസായങ്ങളില്‍” ഏറ്റവും ലാഭകരമെന്നു കണ്ട് വിദ്യാഭ്യാസമേഖലയിലേക്ക് വന്‍ മൂലധനമുടക്കുമായി ഇറങ്ങിയവരും അവരെ പിന്തുണക്കുന്ന വലതുപക്ഷ രാഷ്ട്രീയവും ഒരു പരിധിവരെ നീതിന്യായ സംവിധാനവും അത്തരം നിയന്ത്രണങ്ങള്‍ അനാവശ്യമാണെന്ന നിലപാടാണെടുത്തത്. സ്വാശ്രയ മാനേജ്‌മെന്റുകളുടെമേല്‍ വിദ്യാഭ്യാസപരവും സാമ്പത്തികവും ധാര്‍മികവും നിയമപരവുമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് 2006ലെ എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തെ മാനേജ്‌മെന്റുകള്‍ എതിര്‍ക്കുകയും ഹൈക്കോടതി നിയമം റദ്ദാക്കുകയുമാണ് ഉണ്ടായത്. ഇന്ന് സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റുകള്‍ കടിഞ്ഞാണില്ലാതെ പായുന്നതിന്റെ കാരണം അന്വേഷിക്കേണ്ടത് ഈ തെറ്റായ നിലപാടില്‍ കൂടിയാണ്.

ഇടിമുറിയും ഒളിഞ്ഞുനോട്ടവും റാഗിംഗും ലൈംഗികാതിക്രമങ്ങളും പരാതിക്കാര്‍ക്കുനേരെ മൂന്നാംമുറയും ഭീഷണിയും പക്ഷപാത സമീപനവും അനീതികളെ ചോദ്യം ചെയ്യുന്നവരുടെ ഭാവി തകര്‍ക്കുന്ന ശിക്ഷയുമാണ് സ്വകാര്യ സ്വാശ്രയ ക്യാമ്പസുകളുടെ ഇന്നത്തെ മുഖമുദ്ര. “വിദ്യാഭ്യാസ സ്ഥാപനം നടത്തുക, വ്യക്തിയുടെ മൗലികാവകാശങ്ങളില്‍ ഒന്നാണെന്ന” സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയുടെ മറവില്‍ വിദ്യാഭ്യാസക്കച്ചവടവും അനാശാസ്യ പ്രവണതകളുമാണ് അരങ്ങേറുന്നത്. മിക്ക സ്വാശ്രയമാനേജ്‌മെന്റുകളും ക്രിമിനല്‍ സംഘങ്ങളായി മാറിയിരിക്കുന്നു. അതിന്റെ ഉത്പന്നമാണ് ജിഷ്ണുവിന്റെ മരണം.

ഇത്തരം അവസ്ഥ നിര്‍ബാധം തുടരുന്നത് കൂടുതല്‍ വലിയ വിപത്തുകളിലേക്കാണ് നാടിനെ നയിക്കുക. സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ഓംബുഡ്‌സ്മാനെ ഏര്‍പ്പെടുത്താനുള്ള സാങ്കേതിക സര്‍വകലാശാലയുടെ തീരുമാനം ഇത്തരം ദുരവസ്ഥ ഒഴിവാക്കാനുള്ള നീക്കമാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഈ നീക്കം കൊണ്ടുമാത്രം സ്വാശ്രയക്കച്ചവടക്കാര്‍ മര്യാദരാമന്‍മാരാകുമെന്ന് കരുതുക വയ്യ. അവിടെ പൊതു വിദ്യാഭ്യാസസ്ഥാപനങ്ങളിലുള്ള അതേ തോതില്‍ വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യം ലഭ്യമാക്കണം. ക്യാമ്പസ് രാഷ്ട്രീയത്തിനും സ്വാശ്രയ മാനേജ്‌മെന്റുകളെ നിയന്ത്രിക്കാന്‍ പര്യാപ്തമായ നിയമസംവിധാനത്തിനും വേണ്ടിയുള്ള ഇടപെടല്‍ പൊതു സമൂഹത്തില്‍ നിന്നുണ്ടാകണം.

Latest