വര്‍ധിക്കുന്ന സാമ്പത്തിക അസമത്വം

Posted on: January 20, 2017 6:00 am | Last updated: January 19, 2017 at 11:51 pm
SHARE

സോഷ്യലിസമാണ് ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്യുന്നത്. എന്നാല്‍ സമ്പന്ന, ദരിദ്ര വിഭാഗങ്ങള്‍ക്കിടയിലെ സാമ്പത്തികമായ ഏറ്റക്കുറച്ചിലില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്നാണ് ഓക്ഫാം നടത്തിയ പഠനം കാണിക്കുന്നത്. രാജ്യാന്തര തലത്തില്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ഓക്ഫാം. രാജ്യത്തെ സമ്പത്ത് വിരലിലെണ്ണാവുന്ന വ്യക്തികളുടെ കൈകളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും മൊത്തം സമ്പത്തില്‍ 58 ശതമാനവും ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നരുടെ കൈയിലാണെന്നും ഓക്ഫാം റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

രാജ്യത്തെ 57 ശതകോടീശ്വരന്‍മാരുടെ പക്കലുള്ള സമ്പത്ത് ജനസംഖ്യയുടെ 70 ശതമാനം ജനങ്ങളുടെ കൈവശമുള്ള സമ്പത്തിന് തുല്യമാണ്, റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ മാത്രം സമ്പത്ത് ജനസംഖ്യയുടെ 25 ശതമാനം ജനങ്ങളുടെ സമ്പത്തിലും കൂടുതല്‍ വരും. ഓരോ വര്‍ഷം കഴിയുമ്പോഴും അതിസമ്പന്നര്‍, ബാക്കി 99 ശതമാനത്തിന്റെ സമ്പത്തില്‍ നിന്ന് കൂടുതല്‍ വിഹിതം സ്വന്തമാക്കുകയാണ്. 2000ത്തില്‍ രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ 38 ശതമാനമായിരുന്നു അതിസമ്പന്നര്‍ കൈവശം വെച്ചിരുന്നത്. 2015ല്‍ ഇത് 53 ശതമാനമായി വര്‍ധിച്ചു. ഇക്കാലയളവില്‍ ജനസംഖ്യയില്‍ അതിസമ്പന്നരുടെ തൊട്ടുതാഴെയുള്ള ഒന്‍പത് ശതമാനത്തിന്റെ സാമ്പത്തിക വിഹിതം 29 ശതമാനത്തില്‍നിന്ന് 23 ശതമാനമായി കുറയുകയും ബാക്കിയുള്ള 90 ശതമാനത്തിന്റെ സാമ്പത്തിക വിഹിതം 33 ശതമാനത്തില്‍ നിന്ന് 24ലേക്ക് കൂപ്പുകുത്തുകയും ചെയ്‌തെന്ന് 2015ലെ ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അതേസമയം, ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങളുടെ പട്ടികയിലെ ആദ്യപത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 5600 ബില്ല്യണ്‍ ഡോളറാണ് ഇന്ത്യന്‍ പൗരന്മാരുടെ സമ്പത്ത്. എങ്കിലും ശരാശരി ഇന്ത്യന്‍ പൗരന്‍ ഇപ്പോഴും ദാരിദ്ര്യം അനുഭവിക്കുകയാണ്.
സമ്പത്തിന്റെ വിതരണത്തിലെ രൂക്ഷമായ ഏറ്റക്കുറച്ചിലും യുക്തിസഹമല്ലാത്ത ഭരണരീതികളുമാണ് ഈ സ്ഥിതിവിശേഷത്തിന് കാരണം. പലപ്പോഴും നമ്മുടെ നിയമനിര്‍മാണങ്ങള്‍ സമ്പന്നര്‍ക്ക് അനുകൂലവും സാധാരണക്കാര്‍ക്ക് ദോഷകരവുമായിത്തീരുന്നു. സമ്പന്നര്‍ക്ക് തങ്ങളുടെ സമ്പാദ്യം

പരിപോഷിപ്പിക്കാന്‍സഹായകമാവുകയും ദരിദ്രന്‍ കൂടുതല്‍ ദരിദ്രനാകുകയും ചെയ്യുന്ന രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ചലനങ്ങളാണ് രാജ്യത്ത് നടന്നു വരുന്നത്. ഇത് യാദൃശ്ചികമല്ല. രാജ്യത്തെ രാഷ്ട്രീയ, ഭരണ ചക്രങ്ങള്‍ കറങ്ങുന്നത് ആ വിധത്തിലാണ്. നഗരവാസിയുടെയും ഉദ്യോഗസ്ഥരുടെയും ക്ഷേമത്തിനായുള്ള നിയമ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത് ഗ്രാമീണരുടെയും സാധാരണ പൗരന്മാരുടെയും ചെലവിലാണ്. നഗരത്തിന്റെ മാലിന്യം തൊട്ടടുത്ത ഗ്രാമത്തില്‍ നിക്ഷേപിച്ച് ഗ്രാമവാസികള്‍ക്ക് നല്ല വായു ശ്വസിക്കാനുള്ള അവസരം ഇല്ലാതാക്കുന്നു. സാമ്പത്തിക പരിഷ്‌കാരങ്ങളിലും കാണാം ഇത്തരം വിവേചനങ്ങള്‍ നിരവധി.

സോഷ്യലിസം എന്ന പദം നമ്മുടെ ഭരണഘടനയില്‍ എഴുതി ചേര്‍ത്തിട്ടുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ നടപ്പാകുന്നില്ല. സാമ്പത്തിക സമത്വം പൂര്‍ണമായ തോതില്‍ സാധ്യമല്ലെങ്കിലും രാജ്യത്തെ ഏതൊരു പൗരനും അടിസ്ഥാന ആവശ്യങ്ങളായ ആരോഗ്യം, ആഹാരം, പാര്‍പ്പിടം, വസ്ത്രം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. വൈദേശികര്‍ രാജ്യം വിട്ടിട്ട് ഏഴ് പതിറ്റാണ്ടായി. ഈ കാലത്തിനിടയില്‍ ജനങ്ങളുടെ അടിസ്ഥാനാവശ്യം ഉറപ്പാക്കുന്നതിലും ദാരിദ്ര്യത്തിന്റെ തോത് കുറച്ചുകൊണ്ടു വരുന്നതിലും രാജ്യം എത്രത്തോളം മുന്നോട്ട് പോയെന്ന ചോദ്യത്തിന് ലഭിക്കുന്ന ഉത്തരം ആശാവഹമല്ല. രാജ്യത്തെ 36 ശതമാനം പേര്‍ കുടിവെള്ളം, വൈദ്യുതി, കക്കൂസ് പോലെയുള്ള സൗകര്യങ്ങള്‍ ഇല്ലാത്തവരാണെന്നാണ് സൊസൈറ്റി ഫോര്‍ പാര്‍ടിസിപ്പേറ്ററി റിസര്‍ച്ച് ഇന്‍ ഏഷ്യയും ഇന്‍ഡിക്കറ്റ് അനാലറ്റിക്‌സും ചേര്‍ന്നു നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. നഗരങ്ങളില്‍ ദരിദ്രരുടെ നിരക്ക് ഉയരുകയാണെന്നും പഠനം വെളിപ്പെടുത്തുന്നു. നഗരങ്ങളിലെ 20 ശതമാനവും ചേരികളിലാണ് താമസിക്കുന്നത്. മുംബൈ, ഡല്‍ഹി, ചെന്നൈ,കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങി അംബര ചുംബികള്‍ കൂടുതലുള്ള വന്‍ നഗരങ്ങളിലാണ് രാജ്യത്തെ ചേരികളില്‍ പകുതിയോളമെന്നത് വൈരുധ്യാത്മകമായ ഒരു യാഥാര്‍ഥ്യമാണ്.

വിദ്യാഭ്യാസം, സാമൂഹികോന്നതി തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കുള്ള അടിസ്ഥാന ഘടകമാണ് പണമെന്നിരിക്കെ അത് ജനങ്ങള്‍ക്കിടയില്‍ വികേന്ദ്രീകരിക്കപ്പെടേണ്ടതുണ്ട്. സമ്പന്നര്‍ നേടുന്ന ധനത്തില്‍ നിന്ന് ഒരു നിശ്ചിത വിഹിതം ദരിദ്രര്‍ക്ക് ലഭ്യമാക്കുന്നതിന് ഉതകുന്ന നിയമങ്ങള്‍ ആവിഷ്‌കരിക്കുകയോ, അവരുടെ സമ്പാദ്യത്തില്‍ നിന്ന് ദരിദ്രരുടെ ഉന്നമനത്തിന് ഉപകരിക്കുന്ന പദ്ധതികള്‍ നടപ്പാക്കുകയോ ആണ് സാമ്പത്തിക വികേന്ദ്രീകരണത്തിനുള്ള ഫലപ്രദമായ മാര്‍ഗം. സമ്പന്നര്‍ അവരവരുടെ കഴിവും ബുദ്ധിയും അധ്വാനവും ഉപയോഗിച്ചാണ് പണമുണ്ടാക്കുന്നതെങ്കിലും സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കേണ്ടത് തങ്ങളുടെ ബാധ്യതയായി കാണാനുള്ള ധര്‍മിക ബോധം അവരില്‍ വളര്‍ന്നുവരേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here