ഇശലുകളുടെ ദിനം; താളം തിരികെയെത്തി

Posted on: January 20, 2017 11:35 pm | Last updated: January 22, 2017 at 12:14 am
SHARE

കണ്ണൂര്‍: അവര്‍ പെരുമഴ പോലെ നിളയിലും പമ്പയിലും പെരിയാറിലും പെയ്തു നിറഞ്ഞു. കലയുടെ പെരുമ്പറ മുഴങ്ങിക്കേട്ട വേദികളില്‍ മലവള്ളം പോലെ ആസ്വാദകവൃന്ദം ഒഴുകിയെത്തി. ആശങ്കയില്‍ കുതിര്‍ന്ന ഇന്നലെയുടെ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പോലും കാത്തുനില്‍ക്കാതെയാണ് ജനം വേദികളില്‍ നിന്ന് വേദികളില്‍ നിറഞ്ഞത്. ഉത്സവലഹരിയില്‍ ഉറക്കമില്ലാത്ത നഗരത്തെ ഗ്രാമം വളയുന്ന അപൂര്‍വ കാഴ്ചയാണ് ഇന്നലെ കണ്ടത്. ജനമൊഴുകുന്ന കണ്ണൂരിലെ കലോത്സവം വീണ്ടും മേളപ്പുസ്തകത്തിന്റെ ചരിത്രത്താളുകളിലേക്കാണ് നടന്നു കയറുന്നത്.
മാപ്പിളപ്പാട്ടിന്റെ ശീലുകള്‍ക്ക് കൈകൊട്ടിയെത്തിയ പുതുനാരികള്‍ ഒന്നാം വേദിയില്‍ നിറഞ്ഞപ്പോള്‍ കലോത്സവനഗരി ചടുലതാളത്തില്‍ മനംനിറഞ്ഞു. ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ ഒപ്പന മത്സര വേദിയായിരുന്നു ഇന്നലെ ആവേശക്കടല്‍ തീര്‍ത്തത്. പാരമ്പര്യകലയായ അറബനമുട്ടിനും ദഫിനും കലോത്സവ വേദികളില്‍ ഇതുവരെ കണ്ടിട്ടില്ലാത്തത്ര ജനസഞ്ചയമാണ് വേദികളില്‍ അലിഞ്ഞു ചേര്‍ന്നത്.
അഞ്ചാം നാളായ ഇന്നലെ അവസാന മത്സരങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ പാലക്കാട് തന്നെയാണ് മുന്നില്‍. കഴിഞ്ഞ ദിവസം വരെ ഒപ്പത്തിനൊപ്പമുണ്ടായിരുന്ന കോഴിക്കോടിനെ നേരിയ വ്യത്യാസത്തില്‍ പിന്നിലാക്കിയാണ് 746 പോയിന്റോടെ പാലക്കാട് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നത് 740 പോയിന്റാണ് കോഴിക്കോടിന്. ആതിഥേയരായ കണ്ണൂരിന് 730 പോയിന്റാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here