Connect with us

Gulf

'സന്ദര്‍ശനം നാഴികക്കല്ലാകും; ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളില്‍ ഒപ്പ് വെക്കും'

Published

|

Last Updated

അബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ മുന്നോടിയായി, ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെക്കുന്ന സുപ്രധാന ഉടമ്പടികള്‍ ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി യു എ ഇ ഇന്ത്യന്‍ സ്ഥാനപതി നവദീപ്‌സിംഗ് സൂരി.

ഒരു പ്രാദേശിക ഇംഗ്ലീഷ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സൂരി ഇക്കാ ര്യം വ്യക്തമാക്കിയത്. ജനുവരി 26ന് ജനറല്‍ ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശന വേളയില്‍ കരാറുകളൊപ്പിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ മേഖലകളിലേക്ക് വാതിലുകള്‍ തുറന്നിരിക്കുകയാണ്. ഊര്‍ജം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ സഹകരണം പുരോഗമിക്കുമ്പോള്‍തന്നെ ലോകത്ത് നിന്നും തീവ്രവാദവും ഭീകരവാദവും ഉന്മൂലനം ചെയ്യുന്നതിനായി പ്രതിരോധ, രാജ്യരക്ഷാ സഹകരണവും വര്‍ധിപ്പിക്കുന്നതിന് സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണവും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചചെയ്യും. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് യു എ ഇ 7,500 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇന്ത്യ നിലവില്‍ നിക്ഷേപത്തിന്റെ അജണ്ട തയ്യാറാക്കിയിട്ടില്ല.

അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ അജണ്ട തയ്യാറാക്കി യു എ ഇ സര്‍ക്കാരിന് സമര്‍പിക്കും. നിലവില്‍ ഇന്ത്യയും യു എ ഇ യും തമ്മില്‍ വലിയ വ്യാപാര ബന്ധമാണുള്ളത്. യു എ ഇ യുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു എ ഇ, സ്ഥാനപതി പറഞ്ഞു. യു എ ഇ യിലെ വ്യവസായികളില്‍ മുന്‍ നിരയിലുള്ളത് ഇന്ത്യക്കാരാണ്. യു എ ഇ ലെ വന്‍കിട കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. ഇന്ത്യയുടെ അടിസ്ഥാന വികസന പദ്ധതികളായ തുറമുഖ നിര്‍മാണം, റോഡ്, റിയല്‍ എസ്റ്റേറ്റ്, പെട്രോകെമിക്കല്‍സ് മേഖലകളില്‍ നിക്ഷേപമിറക്കാന്‍ യു എ ഇ കമ്പനികള്‍ തയ്യാറായിട്ടുണ്ട്.

ഇവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നും സൂരി പറഞ്ഞു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ സന്ദര്‍ശനം തീര്‍ച്ചയായും ഒരു നാഴികക്കല്ലായിരിക്കും. സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. റിപ്പബ്ലിക് ദിന പരേഡില്‍ യു എ ഇ വ്യോമസേന പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൂരി പറഞ്ഞു.

 

Latest