അപകടങ്ങള്‍ തടയാന്‍ അഞ്ച് റോഡുകള്‍ കേന്ദ്രീകരിച്ച് പ്രചാരണവുമായി ആഭ്യന്തര മന്ത്രാലയം

Posted on: January 19, 2017 10:22 pm | Last updated: January 19, 2017 at 10:22 pm

അബുദാബി: റോഡപകടങ്ങള്‍ കുറക്കാനുള്ള പദ്ധതിയുടെ ഭാഗമായി രാജ്യത്തെ അഞ്ച് റോഡുകള്‍ കേന്ദ്രീകരിച്ച് ‘നിങ്ങള്‍ സുരക്ഷിതാരാണെങ്കില്‍, അവര്‍ സന്തുഷ്ടരാണ്’ എന്ന പ്രമേയത്തില്‍ ഗതാഗതവകുപ്പ് നടപ്പിലാക്കുന്ന കാമ്പയിന് തുടക്കമായി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് കാമ്പയിന്‍. റോഡില്‍ ജീവന്‍ പൊലിയുന്നവരുടെ എണ്ണം വര്‍ധിച്ചതാണ് ആഭ്യന്തര മന്ത്രാലയം പുതിയ കാമ്പയിന് തുടക്കം കുറിക്കുവാന്‍ കാരണം.

അബുദാബി- സില റോഡ്, അബുദാബി-അല്‍ ഐന്‍ റോഡ്, ദുബൈ ശൈഖ് സായിദ് റോഡ്, മലീഹ റോഡ് ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍ മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നിവിടങ്ങളില്‍ അപകടങ്ങള്‍ കുറച്ച് മരണ നിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് കാമ്പയിന്‍ ഒരുക്കിയിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം ഒരു ലക്ഷം യാത്രക്കാര്‍ക്ക് ശരാശരി 5.9 ജീവനുകളാണ് പൊലിഞ്ഞത്, 2021ല്‍ ഇത് മൂന്നായി കുറക്കാനാണ് ലക്ഷ്യം വെക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം വ്യക്തമാക്കി. മരണ നിരക്ക് അവസാനിച്ചാലും ഗതാഗത നിയന്ത്രണം, ട്രാഫിക് എന്‍ജിനീയറിംഗ്, ഗതാഗത ബോധവത്കരണം, ആംബുലന്‍സ് സര്‍വീസ് എന്നിവയുടെ സേവനം പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കുമെന്ന് പോലീസ് പറഞ്ഞു.

പൊതുജനങ്ങളില്‍ നിന്നും കൂടുതല്‍ ഇടപെടലിനു വേണ്ടി നവമാധ്യമങ്ങളിലൂടെ ‘#your_safety_thier_happiness’ എന്ന് ഹാഷ് ടാഗ് സന്ദേശമെത്തിക്കുമെന്ന് പോലീസ് അറിയിച്ചു. ഷാര്‍ജ മലീഹ റോഡില്‍ അപകടം കുറക്കുന്നതിനായി അപകട സാധ്യതകളെ കുറിച്ച് പഠനം ആരംഭിച്ചതായി ഷാര്‍ജ പോലീസ് അറിയിച്ചു. മലീഹ അല്‍ ബാഇദി പാലം മുതല്‍ ശൈഖ് ഖലീഫ എക്‌സിറ്റ് വരെ റോഡിലെ വേഗത 120 കിലോമീറ്ററില്‍ നിന്നും 100 ആയി കുറച്ചതായും റോഡില്‍ അപകടം കുറക്കുന്നതിന് അറ്റകുറ്റപ്പണി ആരംഭിച്ചതായും ആവശ്യമായ നടപടി സീകരിച്ചു വരുന്നതായും ഷാര്‍ജ പോലീസ് പറഞ്ഞു.

മലീഹ റോഡില്‍ സീകരിക്കേണ്ടുന്ന മുന്‍കരുതലുകള്‍ ഉള്‍പെടുത്തി തയ്യാറാക്കിയ ബോധവല്‍കരണ ലഘുലേഖ വിവിധ പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നതായും പോലീസ് അറിയിച്ചു. റോഡിലെ വാഹനാപകടം കുറക്കുന്നതിന് അല്‍ ഐന്‍, അബുദാബി-ഗുവൈഫാത്ത് റോഡില്‍ പോലീസ് പരിശോധന ശക്തമാക്കിയതായി അബുദാബി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. കാമ്പയിന്റെ ഭാഗമായി പ്രധാനമായും ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍കരണ ലഘുലേഖ നല്‍കിയതായും പോലീസ് അറിയിച്ചു. ശൈഖ് സായിദ് റോഡിലെ അപകടങ്ങള്‍ കുറക്കുന്നതിനായി, റോഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് ദുബൈ പൊലീസ് അവബോധ പ്രചാരണങ്ങള്‍ തുടങ്ങിയതായും മാരകമായ അപകടങ്ങള്‍ കുറക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പട്രോളിംഗ് ശക്തമാക്കിയതായും പോലീസ് പറഞ്ഞു.