Connect with us

Gulf

വിശ്വകലാകാരന്മാരുടെ സൃഷ്ടികളുടെ കാര്‍ണിവലൊരുക്കി ഖത്വര്‍ മ്യൂസിയം

Published

|

Last Updated

ദോഹ: മിഡില്‍ ഈസ്റ്റില്‍ ആദ്യമായി പാബ്ലോ പിക്കാസോയുടെയും ആല്‍ബര്‍ട്ടോ ഗ്യാകോമെച്ചിയുടെയും കലാസൃഷ്ടികള്‍ ഖത്വറില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഖത്വര്‍ മ്യൂസിയത്തിന്റെ വസന്തകാല ആഘോഷങ്ങളുടെ ഭാഗമായാണ് പ്രശസ്ത ചിത്രകാരന്മാരുടെ സൃഷ്ടികള്‍ കലാആസ്വാദകരുടെ മുന്നിലെത്തുന്നത്. കല, സംസ്‌കാരം, പൈതൃകം എന്നിവയില്‍ ഊന്നിയുള്ള പ്രത്യേക പരിപാടികളാണ് നടത്തുന്നത്. ഖത്വര്‍- ജര്‍മനി സാംസ്‌കാരിക വര്‍ഷത്തിന്റെ ആരംഭവും ഇതോടൊപ്പമുണ്ടാകും.

ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 21 വരെ ഫയര്‍ സ്റ്റേഷന്‍ ആര്‍ടിസ്റ്റ്‌സ് ഇന്‍ റസിഡന്‍സിലാണ് പിക്കാസോയുടെയും ഗ്യാകോമെച്ചിയുടെയും കലാസൃഷ്ടികളുടെ പ്രദര്‍ശനമുണ്ടാകുക. മ്യൂസീ നാഷനല്‍ പിക്കാസോ, പാരീസിലെ ഫൗണ്ടേഷന്‍ ഗ്യാകോമെച്ചി എന്നിവയില്‍ നിന്നുള്ള രണ്ട് കലാകാരന്മാരുടെയും 120 സൃഷ്ടികളാണ് പ്രദര്‍ശനത്തിനെത്തുന്നത്.

പെയിന്റിംഗുകള്‍, ശില്‍പ്പങ്ങള്‍, സ്‌കെച്ചുകള്‍, ഫോട്ടോഗ്രാഫുകള്‍, കലാകാരന്മാരുമായുള്ള അഭിമുഖങ്ങള്‍ അടക്കമുള്ള അന്താരാഷ്ട്ര ശേഖരണങ്ങളുമുണ്ടാകും. കതാറയിലെ ഒപേറ ഹൗസില്‍ ഖത്വര്‍ ഫില്‍ഹാര്‍മോണിക് ഓര്‍കസ്ട്രയുടെ സംഗീത വിരുന്നോടെയാണ് ഖത്വര്‍- ജര്‍മനി സാംസ്‌കാരിക വര്‍ഷത്തിന് തുടക്കമാകുക. പ്രശസ്ത ജര്‍മന്‍ സംഗീത സൃഷ്ടികള്‍ ഇരുരാഷ്ട്രങ്ങളിലെയും സംഗീതജ്ഞര്‍ വായിക്കും.

ജനകീയ ഫ്രഞ്ച് കലാകാരന്‍ ജെ ആറിന്റെ ഷോ ആയ പൂര്‍വവൃത്താന്ത വിമര്‍ശം കതാറയിലെ ക്യു എം ഗ്യാലറിയില്‍ മാര്‍ച്ച് ആറ് മുതല്‍ മെയ് 31 വരെയുണ്ടാകും. ഔട്ട്‌ഡോര്‍ ഇന്‍സ്റ്റലേഷനുകള്‍, സിനിമകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, തെരുവുചിത്രങ്ങള്‍ അടക്കമുള്ള കലകളിലൂടെയുള്ള ഷോയാണിത്.
പാരീസിലെ ചേരികളിലും കെട്ടിടങ്ങളിലും മിഡില്‍ ഈസ്റ്റിലെ ചുമരുകളിലും ആഫ്രിക്കയിലെ തകര്‍ന്ന പാലങ്ങളിലും ബ്രസീലിലെ ചേരിപ്രദേശങ്ങളിലും സര്‍വവ്യാപി കല എന്ന പേരിലുള്ള ജെ ആറിന്റെ സൃഷ്ടികള്‍ പ്രസിദ്ധമാണ്. അജ്ഞാതനായി യാതൊരു വിശദീകരണവുമില്ലാതെയുള്ള പ്രദര്‍ശന രീതിയായിരിക്കും ഇത്.

മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്‌സി (മിയ)ല്‍ തുര്‍ക്കി, ഇറാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള രാജഭരണഗാലത്തെ പ്രത്യേക പ്രദര്‍ശനവുമുണ്ടാകും. മാര്‍ച്ച് 15 മുതല്‍ നവംബര്‍ നാല് വരെ ഇത് നീണ്ടുനില്‍ക്കും. പ്രത്യേകിച്ച് 16- 18 നൂറ്റാണ്ടുകള്‍ക്കിടയിലെ രാജാക്കന്മാര്‍ക്കിടയിലെ സാംസ്‌കാരിക വിനിമയം, കലാ സ്വാധീനം, കൈമാറിയ വസ്തുക്കള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിനുണ്ടാകുക. കാര്‍പറ്റുകള്‍, കൈയെഴുത്തുപ്രതികള്‍, ലോഹസൃഷ്ടികള്‍, മണ്‍പാത്രങ്ങള്‍ തുടങ്ങിയവയാണ് കേന്ദ്രീകരിക്കുക.
കൂടാതെ ഖത്വര്‍ മ്യൂസിയം ഗാലറിയില്‍ ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 16 വരെ ജെസ്സീക ഫുള്‍ഫോര്‍ഡ് ഡോബ്‌സന്റെ സ്‌കേറ്റ് ഗേള്‍സ് ഓഫ് കാബൂള്‍ ഫോട്ടോ പ്രദര്‍ശനം, മാര്‍ച്ച് 10 മുതല്‍ 13 വരെ ന്യൂയോര്‍ക്ക് ടൈംസിന്റെ ആര്‍ട് ഫോര്‍ ടുമോറോ സമ്മേളനം തുടങ്ങിയവയുമുണ്ടാകും.
ഈ സമ്മേളനത്തില്‍ ന്യൂയോര്‍ക്ക് ടൈംസിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകളില്‍ 20 രാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറിലധികം മ്യൂസിയം ഡയറക്ടര്‍മാരും ഗ്യാലറിസ്റ്റുകളും ക്യുറേറ്റര്‍മാരും ഓക്ഷന്‍ ഹൗസുകളും സംരംഭകരും അന്വേഷകരും കലാകാരന്മാരും ഡിസൈനര്‍മാരും മറ്റും പങ്കെടുക്കും.

 

Latest