Connect with us

Gulf

ലിവര്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ ചരിത്രം കുറിച്ച് ഹമദ് ആശുപത്രി

Published

|

Last Updated

ലിവര്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍

ദോഹ: രാജ്യത്തെ ആതുരശുശ്രൂഷാ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ച് ഹമദ് ജനറല്‍ ആശുപത്രി. ജീവിച്ചിരിക്കുന്നയാളില്‍ നിന്നും ലിവര്‍ എടുത്ത് രോഗിയില്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയാണ് ഹമദിലെ അവയവം മാറ്റിവെക്കല്‍ വിഭാഗം നേട്ടം കൈവരിച്ചത്. ഈ രീതിയില്‍ രാജ്യത്ത് ആദ്യത്തെ ശസ്ത്രക്രിയയാണിത്.

ജീവിച്ചിരിക്കുന്നവരില്‍ നിന്നും ലിവര്‍ സ്വീകരിച്ച് രോഗികളില്‍ മാറ്റിവെക്കുന്ന ശസ്ത്രക്രിയാ രീതി നവംബറിലാണ് ആരംഭിച്ചത്. ഇതിനികം 17 പേരില്‍ നിന്നും ലിവര്‍ സ്വീകരിച്ച് രോഗികളുടെ ശരീരത്തില്‍ ഘടിപ്പിച്ചു. ഓരോ വര്‍ഷവും 20 മുതല്‍ 25 വരെ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ വെയിറ്റിംഗ് ലിസ്റ്റില്‍ ചേര്‍ക്കപ്പെടുന്നുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ലിവര്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ മികച്ച പരിശീലനം നേടിയ സംഘത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയകള്‍ നടന്നതെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടറും ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കമ്മിറ്റി മേധാവിയുമായ ഡോ. യൂസുഫ് അല്‍ മുസല്‍മാനി പറഞ്ഞു. സര്‍ജന്‍മാര്‍, അനസ്‌തേഷ്യസ്റ്റുകള്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍മാര്‍ തുടങ്ങി മികച്ച വിദഗ്ധ സംഘമാണ് നേതൃത്വം നല്‍കുന്നത്.
മാറ്റിവെക്കല്‍ പ്രക്രിയയുടെ ഭാഗമായി ദാനം ചെയ്യുന്നയാളില്‍ നിന്നും ലിവര്‍ എടുക്കുന്നതും രോഗിയുടെ മാറ്റി വെക്കുന്ന ലിവര്‍ നീക്കം ചെയ്യുന്നതും എട്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവര്‍ത്തനമാണ്. തുടര്‍ന്ന് രോഗിയില്‍ ലിവര്‍ വെച്ചുപിടിപ്പിക്കുന്ന നടപടി പൂര്‍ത്തിയായി രോഗി സുരക്ഷിതാവസ്ഥയിലേക്കു വരാന്‍ 12 മണിക്കൂര്‍ എടുക്കും. സൂക്ഷ്മമായ നിരീക്ഷണം വേണ്ടി വരുന്ന പ്രവര്‍ത്തനമാണിത്. ഹമദില്‍ നടന്ന ലിവര്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് കൊറിയയില്‍ നിന്നുള്ള ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍മാരും പങ്കെടുത്തിരുന്നു.
ജീവിച്ചിരിക്കുന്നവരില്‍നിന്നും മസ്തികഷ്‌ക മരണം സംഭവിച്ചിക്കുന്നവരില്‍നിന്നും സ്വീകരിച്ച് ഭാവിയില്‍ കൂടുതല്‍ ലിവര്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നതായി ഡോ. യൂസുഫ് പറഞ്ഞു. ദാനം ചെയ്യാന്‍ സന്നദ്ധരാകുന്നവരെ പ്രോത്സാഹിപ്പിക്കും. ഇത് രാജ്യത്ത് ലിവര്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി കാത്തു നില്‍ക്കുന്ന നിരവധി രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും. സങ്കീര്‍ണത നിറഞ്ഞ പ്രവര്‍ത്തനമാണ് ലിവര്‍ മാറ്റി വെക്കലെന്നും ദാനം ചെയ്യുന്നവരിലും സ്വീകരിക്കുന്നവരിലും മിനിമം മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കപ്പെട്ടിരിക്കണമെന്നും എച്ച് എം സിയുടെ എച്ച് പി ബി ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍വീസ് ക്ലിനിക്കല്‍ ലീഡും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ഹാതിം ഖലാഫ് പറഞ്ഞു.

ദാനം ചെയ്യുന്നവര്‍ അത് നിസ്വാര്‍ഥമായി ചെയ്യുന്നതാകണം. സ്വീകര്‍ത്താവിന്റെയും ദാനം ചെയ്യുന്നയാളുടെയും ലിവറുകള്‍ തമ്മില്‍ ചേരുകയും വേണം. 18നും 45നും ഇടയില്‍ പ്രായമുള്ളവരുടെ ലിവറാണ് സ്വീകരിക്കുക. ദാനം ചെയ്യുന്നള്‍ രോഗങ്ങളില്‍നിന്ന് മുക്തനുമായിരിക്കണം. സൂക്ഷ്മമായ പരിശോധനകള്‍ നടത്തി മാത്രമേ ലിവര്‍ സ്വീകരിക്കൂ. ശസ്ത്രക്രിയക്കു ശേഷം ദാനം ചെയ്യുന്നയാള്‍ക്ക് ഒരാഴ്ചക്കു ശേഷം ആശുപത്രി വിടാം. എന്നാല്‍ സ്വീകരിക്കുന്നയാള്‍ക്ക് രണ്ടാഴ്ചക്കു ശേഷമേ ആശുപത്രി വിടാനാകൂ. തുടര്‍ന്നും പരിചരണവും ശ്രദ്ധയും ആവശ്യമാണ്.