കുവൈത്തില്‍ നിന്ന് വിദേശികളെ കൂട്ടമായി നാടുകടത്താന്‍ പരിപാടിയില്ലെന്ന് മന്ത്രി

Posted on: January 19, 2017 1:33 pm | Last updated: January 19, 2017 at 1:33 pm
SHARE

കുവൈത്ത് സിറ്റി: രാജ്യത്ത് നിന്ന് വിദേശിസമൂഹത്തെ കൂട്ടത്തോടെ നാടുകടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും അങ്ങിനെ ഒരാലോചന പോലും സര്‍ക്കാരിന്റെ മുന്നിലില്ലെന്നും കുവൈത്ത് കാബിനറ്റ് കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അല്‍ സബാഹ് പറഞ്ഞു. നിയമപരമായി രാജ്യത്ത് പ്രവേശിക്കുകയും നിയമപരമായി ജീവിക്കുകയും ചെയ്യുന്ന ഒരു വിദേശിയും അന്യായമായി നാടുകടത്തപ്പെടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഉത്പാദനക്ഷമമല്ലാത്തതും നിയമവിരുദ്ധമായതുമായ മാര്‍ഗത്തില്‍ രാജ്യത്ത് താങ്ങുന്നവരെ ഒഴിവാക്കേണ്ടതുണ്ട്. അധികരിച്ച് വരുന്ന തദ്ദേശീയ തൊഴിലില്ലായ്മക്ക് യുക്തമായ പരിഹാരം കാണേണ്ടതുമുണ്ട്. പക്ഷെ അതെല്ലാം നിയമത്തിന്റെ മാര്‍ഗത്തിലൂടെ മാത്രമേ നടപ്പാക്കുകയുള്ളൂ.

ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിച്ചും നികുതികള്‍ ഏര്‍പ്പെടുത്തിയും വിദേശികളെ സമ്മര്‍ദ്ധത്തിലാക്കി രാജ്യം വിടുവിക്കാനുള്ള നീക്കമാണോ സര്‍ക്കാരിന്റേതെന്ന പത്രക്കാരുടെ ചോദ്യത്തിന് ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരോ , ഔദ്യോഗിക വക്താക്കളോ അങ്ങിനെ നിങ്ങളോട് പറഞ്ഞുവോ എന്നു തിരിച്ചു ചോദിച്ച മന്ത്രി, ആരുടെയെങ്കിലും ഭാവനക്കും ആഗ്രഹത്തിനുമനുസരിച്ച് സോഷ്യല്‍ മീഡിയയില്‍ ഇടുന്ന കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടതില്ലെന്നും വ്യക്തമാക്കി.