കോഴിക്കോട് ചാമ്പ്യന്‍മാര്‍

Posted on: January 19, 2017 12:07 am | Last updated: January 19, 2017 at 12:07 am
SHARE

കോഴിക്കോട്:സംസ്ഥാന ജൂനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരും നിലവിലെ റണ്ണറപ്പുമായ കോഴിക്കോട് ജില്ല ജേതാക്കള്‍. ആവേശകരമായ ഫൈനലില്‍ കോഴിക്കോട് ഷൂട്ടൗട്ടിലാണ് മലപ്പുറത്തിന്റെ വെല്ലുവിളി അതിജീവിച്ചത് (3-2). നിശ്ചിതസമയത്ത് ഗോള്‍രഹിതം. കോഴിക്കോടിന് വേണ്ടി മുഹമ്മദ് ഇനായത്ത്,ശ്യാംജിത്ത് ലാല്‍, എന്‍ കെ അഷ്മല്‍ ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടു. മലപ്പുറത്തിന് വേണ്ടി മുഹമ്മദ് സജാദും പി കെ ഫസീനുമാണ് ഗോളടിച്ചത്.

ഇരു ടീമുകളും ആദ്യ രണ്ട് കിക്കുകളും പാഴാക്കിയതോടെ ആവേശം വാനോളം ഉയര്‍ന്നു. മൂന്നാം കിക്ക് മുഹമ്മദ് സജാദ് വലയിലെത്തിച്ചതോടെ മലപ്പുറം 1-0ന് മുന്നില്‍. ഗോളിയുടെ ഇടത് ഭാഗത്തേക്ക് ക്ലീന്‍ ഗോള്‍. കോഴിക്കോടിന്റെ മൂന്നാം കിക്കെടുത്തത് ഇനായത്ത്. ബുദ്ധിപരമായ ഗ്രൗണ്ടര്‍ ഷോട്ട് ഗോളിയുടെ ഇടത് വശത്തൂടെ വലയില്‍. മുഹമ്മദ് ഇഹ്‌സാലെടുത്ത കിക്ക് കോഴിക്കോടിന്റെ ഗോളി അല്‌കേഷ് രാജ് ഇടത്തേക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റി. 1-1ന് സ്‌കോര്‍ തുല്യം. നാലാം കിക്കെടുത്തത് ശ്യാംജിത് ലാല്‍. ഗോളി ഷാറോണിന്റെ ഇടത് വശത്തിലൂടെ പന്ത് വലയില്‍. 2-1ന് കോഴിക്കോട് മുന്നില്‍. മലപ്പുറത്തിന്റെ അഞ്ചാം കിക്ക് ഫസീനായിരുന്നു എടുത്തത്. ഷൂട്ടൗട്ടിലെ ഏറ്റവും പവര്‍ഫുളായ കിക്ക്. അല്‍കേഷ് രാജ് നിന്നിടത്ത് നിന്ന് അനങ്ങും മുമ്പ് പന്ത് വല തുളച്ചിരുന്നു. ഒരു ഗോളിന് പിറകില്‍ നില്‍ക്കുമ്പോഴുള്ള സമ്മര്‍ദം ആ സ്‌പോട് കിക്കില്‍ കൊത്തി വെച്ചിരുന്നു. സ്‌കോര്‍ 2-2. കോഴിക്കോടിനായി അവസാനത്തെ കിക്ക് അതായത് ചാമ്പ്യന്‍ഷിപ്പ് കിക്കെടുക്കാന്‍ വന്നത് അഷ്മല്‍. ഗോളായാല്‍ കോഴിക്കോടിന് കപ്പ് ! പാഴായാല്‍ മലപ്പുറത്തിന് ഓക്‌സിജന്‍ ! ഇരിപ്പുറക്കാതെ കോഴിക്കോടിന്റെ കോച്ച് നിയാസ് റഹ്മാന്‍. സമ്മര്‍ദത്തിനടിപ്പെടാതെ വളരെ തന്‍മയത്വത്തോടെ അഷ്മലിന്റെ പ്ലെയ്‌സിംഗ്. ഗോള്‍ !! 3-2ന് കോഴിക്കോട് കപ്പില്‍ മുത്തമിട്ടു.

തോല്‍വിയറിയാതെയാണ് സ്വന്തം തട്ടകത്തില്‍ കോഴിക്കോട് കിരീടം നേടിയത്. ഇരു ടീമുകളും ആദ്യവസാനം പൊരുതികളിച്ചു. മികച്ച അവസരങ്ങള്‍ കണ്ടെത്തുന്നതില്‍ മലപ്പുറം മുന്തി നിന്നു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ മലപ്പുറം തുടരെ ബോക്‌സിലെത്തി. വിഷ്ണുവര്‍മയുടെ നീളന്‍ ത്രോ ബോള്‍ ബോക്‌സിനുള്ളില്‍ വെച്ച് അര്‍ജുന്‍ ഗോളിലേക്ക് ലക്ഷ്യം വെച്ചപ്പോള്‍ കോഴിക്കോടന്‍ പ്രതിരോധനിര ബ്ലോക്ക് ചെയ്തത് പോലുമില്ല. പന്ത് ക്രോസ് ബാറിന് മുകളിലൂടെ മൂളിപ്പറന്നപ്പോള്‍ അപകടം ഒഴിവായി. തൊട്ടടുത് മിനുട്ടില്‍ മധ്യനിരയില്‍ നിന്ന് വലത് വിംഗിലേക്ക് കുതിച്ചെത്തിയ മിനേഷ് തൊടുത്ത ക്രോസ് ബോള്‍ അര്‍ജുന്‍ ഫസ്റ്റ് ടൈം വോളിയാക്കിയപ്പോഴും കോഴിക്കോട് ഗോള്‍ മുഖം വിറച്ചു. പത്താം നമ്പര്‍ താരംമുഹമ്മദ് ഇനായത്ത് പ്ലേ മേക്കിംഗ് റോളില്‍ കോഴിക്കോടിനായി തിളങ്ങി.
വിജയികള്‍ക്ക് മുന്‍ താരം ഹസ്സന്‍ഘോഷ് മെമ്മോറിയല്‍ ട്രോഫി മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ കെ പി സേതുമാധവന്‍ സമ്മാനിച്ചു.