ഉഗാണ്ടയെ ഘാന വീഴ്ത്തി പെലെയുടെ മകനാണ് താരം

Posted on: January 19, 2017 6:05 am | Last updated: January 19, 2017 at 12:06 am

ലെബ്രിവിലെ: ഘാന പലവട്ടം വിറപ്പിച്ചിട്ടും ഉഗാണ്ട വിരണ്ടില്ല. ഒടുവില്‍ സൂപ്പര്‍ താരം ആന്ദ്രെ അയേവ് പെനാല്‍റ്റിയിലൂടെ നേടിയ ഏക ഗോളില്‍ ഘാന ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ വിജയത്തുടക്കമിട്ടു. ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തില്‍ മാലിയും ഈജിപ്തും ഗോള്‍ രഹിതം.
മൂന്ന് പോയിന്റുമായി ഘാനയാണ് ഗ്രൂപ്പില്‍ മേധാവിത്വം സ്ഥാപിച്ചു.

മുപ്പത്തിരണ്ടാം മിനുട്ടിലായിരുന്നു ആന്ദ്രെ അയേവിന്റെ പെനാല്‍റ്റി ഗോള്‍. ഈ ഗോളിന് ഏറെ ചരിത്രപ്രാധാന്യമുണ്ട്. നാഷന്‍സ് കപ്പില്‍ ഏഴാമത്തെ ഗോള്‍ കണ്ടെത്തി ആന്ദ്രെ അയേവ് തന്റെ പിതാവിന്റെ ആറ് ഗോളുകളുടെ റെക്കോര്‍ഡിനെ പിന്തള്ളി. ഘാനയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസവുമായ അബെദി പെലെയാണ് അയേവിന്റെ പിതാവ്. പക്ഷേ, ഇന്നും ഘാനയുടെ ഇതിഹാസം അബെദി പെലെ തന്നെ. 1982 ല്‍ ഘാനയെ ആഫ്രിക്കയിലെ ചാമ്പ്യന്‍മാരാക്കിയാണ് അബെദി പെലെ ചിരപ്രതിഷ്ഠ നേടിയത്. അയേവും പിതാവിന്റെ പാത പിന്തുടര്‍ന്ന് കിരീടവിജയം സ്വപ്‌നം കാണുന്നുണ്ടാകും.
തുടക്കം മുതല്‍ ഉഗാണ്ടന്‍ ഗോള്‍മുഖം വിറപ്പിക്കുന്നതായിരുന്നു ഘാന ടീമിന്റെ പ്രകൃതം. ക്യാപ്റ്റന്‍ അസമോവ ഗ്യാനായിരുന്നു കൂടുതല്‍ അപകടകാരി. ഗ്യാനിന്റെ രണ്ട് ഹെഡറുകളാണ് ഉഗാണ്ട ഗോളി ഡെനിസ് ഒന്യാഗോക്ക് വരാനിരിക്കുന്ന മിനുട്ടുകള്‍ കഠിനാധ്വാനത്തിന്റെതാണെന്ന്‌സൂചന കൊടുത്തത്. പിറകെ തന്നെ ആന്ദ്രെ അയേവും ക്രിസ്റ്റ്യന്‍ അസുവും ഗോളിലേക്ക് ലക്ഷ്യം വെച്ചു. ഡെനിസ് ശരിക്കും പരീക്ഷിക്കപ്പെട്ട നിമിഷങ്ങളായിരുന്നു പിന്നീട്. 1978 ന് ശേഷം ആദ്യമായിട്ടാണ് ഉഗാണ്ട നാഷന്‍സ് കപ്പില്‍ കളിക്കാനെത്തുന്നത്. അവസാനം കളിച്ചത് 1978 ലെ ഫൈനലായിരുന്നു. അതാകട്ടെ ഘാനയോടും. അന്നത്ത കിരീടപ്പോരിലേറ്റ തോല്‍വിക്ക് മധുരപ്രതികാരം ചെയ്യാനുള്ള സുവര്‍ണാവസരമായിരുന്നു ഇത്തവണ. ഫാറൂഖ് മിയ ബോക്‌സിന് പുറത്ത് വെച്ച് തൊടുത്ത പൊള്ളുന്ന ഷോട്ട് മാത്രമാണ് ആദ്യപകുതിയില്‍ ഉഗാണ്ടക്ക് എടുത്ത് പറയാനുള്ളത്. ലീഡ് നേടിയ ശേഷം ഘാന പന്തടക്കത്തില്‍ മാത്രമാണ് ശ്രദ്ധിച്ചത്. മികച്ച പ്രതിരോധം തീര്‍ത്ത് ഉഗാണ്ടന്‍ നീക്കത്തെ മുളയിലേ നുള്ളി. ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ മാലിയാണ് ഘാനയുടെ എതിരാളി. ഉഗാണ്ട ഏഴ് തവണ ചാമ്പ്യന്‍മാരായ ഈജിപ്തിനെ നേരിടും.

ഈജിപ്ത് ഗോളിക്ക് റെക്കോര്‍ഡ്..
മാലിക്കെതിരെ ഗോള്‍രഹിത സമനിലയായത് ഏഴ് തവണ ചാമ്പ്യന്‍മാരായ ഈജിപ്തിന് നിരാശയാണ് സമ്മാനിക്കുക. പക്ഷേ, ചെറിയൊരാശ്വാസം നാല്‍പ്പത്തിനാലാം വയസിലും തികഞ്ഞ ഫിറ്റ്‌നെസോടെ ടീമിന്റെ വലകാത്ത ഗോള്‍കീപ്പര്‍ എസാം അല്‍ ഹദാരി ക്ലീന്‍ഷീറ്റ് സ്വന്തമാക്കിയെന്നതാണ്. ഇതോടൊപ്പം, നാഷന്‍സ് കപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോര്‍ഡും ഈജിപ്ത് ഗോള്‍ കീപ്പര്‍ക്ക് സ്വന്തമായി. ഒന്നാം ഗോളി എല്‍ ഷെനാവിക്ക് പരുക്കേറ്റതോടെയാണ് ഹദാരി കളത്തിലിറങ്ങിയത്. ഹദാരിക്കിത് ഏഴാം നാഷന്‍സ് കപ്പാണ്. 1998, 2006, 2008, 2010 വര്‍ഷങ്ങളില്‍ ഈജിപ്തിനൊപ്പം നാഷന്‍സ് കപ്പ് ജേതാവായി.