Connect with us

National

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാന്‍ അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: അഞ്ച് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഉള്‍പ്പെടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാന്‍ ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ 25 ശതമാനം ഓഹരി വില്‍ക്കാനാണ് അനുമതി നല്‍കിയത്.
ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ്, യുനൈറ്റഡ് ഇന്ത്യ, നാഷനല്‍, ജനറല്‍ ഇന്‍ഷ്വറന്‍സ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനികളെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും. ഇതോടൊപ്പം ബെമല്‍ മറ്റു ചില പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയും ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായങ്ങള്‍ക്ക് വായ്പ അനുവദിക്കാന്‍ 5,000 കോടി രൂപ വകയിരുത്താനും മന്ത്രിസഭ തീരുമാനിച്ചു.
നിലവില്‍ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ 100 ശതമാനം ഓഹരികളും കേന്ദ്ര സര്‍ക്കാറിന്റെ കൈയിലാണെന്നിരിക്കെ 25 ശതമാനം വരെ സ്വകാര്യ മേഖലയില്‍ വിറ്റ് 75 ശതമാനം വരെ ഓഹരി കൈവശം വെക്കാനുള്ള തീരുമാനത്തിന് അനുമതി നല്‍കിയതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. ഇതുവഴി കമ്പനികള്‍ക്ക് കൂടൂതല്‍ മുലധനം സ്വരൂപിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി ഒന്നിലെ കേന്ദ്ര ബജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും.
അതേസമയം, ഇന്ത്യന്‍ പ്രതിരോധ മേഖലക്ക് ആവശ്യമായ മിസൈല്‍, ടാങ്കറുകള്‍, ട്രക്ക് തുടങ്ങി ആയുധങ്ങളുടെ ഭാഗങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഭാരത് എര്‍ത്ത് മൂവേഴ്‌സിന്റെ (ബെമല്‍) ഓഹരികള്‍ വില്‍പ്പനക്കെത്തുന്നതോടെ പ്രതിരോധ മേഖലയില്‍ സ്വകാര്യവത്കരണത്തിന് ആക്കം കൂടും. കേരളത്തിലെ പാലക്കാട് കഞ്ചിക്കോട് ഉള്‍പ്പെടെ വിവിധ യൂനിറ്റുകളിലായി പ്രവര്‍ത്തിക്കുന്ന ബെമല്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി ലാഭത്തിലാണ്. ഇക്കാലയളവില്‍ 2,321 കോടി രൂപയാണ് ബെമലിന്റെ ലാഭം.
ബെമലിന്റെ ചെറിയ യൂനിറ്റായ കഞ്ചിക്കോട്ടെ കഴിഞ്ഞ വര്‍ഷത്തെ മാത്രം ലാഭ വിഹിതം നാല് കോടി രൂപയായിരുന്നു. നിലവില്‍ ഇതിന്റെ 54 ശതമാനം ഓഹരിയും കേന്ദ്ര സര്‍ക്കാറിന്റെ കൈയിലാണ്. നിലവിലെ തീരുമാന പ്രകാരം ഇതില്‍ നിന്ന് 26 ശതമാനവും അടുത്ത മാര്‍ച്ചിനകം സ്വകാര്യ മേഖലക്ക് കൈമാറിയേക്കും.

 

Latest