സാംസംഗിന്റെ ഗാലക്‌സി സി 9 പ്രോ പുറത്തിറക്കി

Posted on: January 19, 2017 8:32 am | Last updated: January 18, 2017 at 11:34 pm

കൊച്ചി: സാംസംഗ് ഇന്ത്യ അതിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ പവ്വര്‍ ഹൗസ് ഗാലക്‌സി സി 9 പ്രോ പുറത്തിറക്കി. മെറ്റല്‍ യൂനിബോഡിയിലുള്ള സി 9 പ്രോ നിരവധി സവിശേഷതകളുമായാണ് പുറത്തിറങ്ങുന്നത്. ഉപഭോക്താക്കള്‍ക്ക് അത്യാകര്‍ഷകമായ കാഴ്ചയും ഏറ്റവും മികച്ച മള്‍ട്ടി മീഡിയയും ക്യാമറാ അനുഭവവും പ്രദാനം ചെയ്യുന്ന സൂപ്പര്‍ സ്‌ക്രീന്‍, സൂപ്പര്‍ മെമ്മറി, സൂപ്പര്‍ ക്യാമറ എന്നിവയുമായാണ് ഇതെത്തുന്നത്.

6 ഇഞ്ച് ഫുള്‍ എച്ച് ഡി സാമോലെഡ് ഡിസ്‌പ്ലെ, 6 ജി ബി റാം, 4,000 എം എ എച്ച് ബാറ്ററി എന്നിവ പ്രത്യേകതകളാണ്. രണ്ടു സിം കാര്‍ഡുകളും പ്രത്യേകമായ അധിക മൈക്രോ എസ് ഡി കാര്‍ഡ് സ്ലോട്ടും സാംസംഗ് ഗാലക്‌സി സി9 പ്രോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനെല്ലാം പുറമേ മുന്നിലും പിന്നിലുമുള്ള 16 എം പി ക്യാമറകള്‍ എഫ് 1.9 ലെന്‍സിന്റെ സഹായത്തോടെ കുറഞ്ഞ വെളിച്ചത്തില്‍ പോലും ഏറ്റവും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുമെന്ന് സാംസംഗ് ഇന്ത്യയുടെ മൊബൈല്‍ ബിസിനസ് സെയില്‍സ് വൈസ് പ്രസിഡന്റ് രാജു പുല്ലന്‍ പറഞ്ഞു.

രണ്ടു നിറങ്ങളിലാണ് സാംസംഗ് ഗാലക്‌സി സി9 പ്രോ ലഭ്യമാകുക. കറുപ്പും സ്വര്‍ണ നിറവും. എല്ലാ റീട്ടെയില്‍ ചാനലുകളും വഴി ഫെബ്രുവരി രണ്ടാം പകുതി മുതല്‍ ഫോണ്‍ ലഭ്യമാകും. തിരഞ്ഞെടുത്ത സ്‌റ്റോറുകളും ഓണ്‍ലൈന്‍ ചാനലുകളും വഴി ജനുവരി 27 മുതല്‍ പ്രീ ബുക്ക് ചെയ്യാവുന്നതാണ്. പ്രീ ബുക്കിംഗ് നടത്തുന്നവര്‍ക്ക് 12 മാസത്തേക്ക് ഒറ്റത്തവണത്തെ സ്‌ക്രീന്‍ റീപ്ലെയ്‌സ്‌മെന്റ് ലഭ്യമായിരിക്കും. 36,900 രൂപയാണ് ഗാലക്‌സി സി 9 പ്രോയുടെ വില.