യുവാവിനെ നഗ്നനാക്കി മര്‍ദിച്ച സംഭവം: പ്രതികള്‍ പിടിയില്‍

Posted on: January 19, 2017 6:22 am | Last updated: January 18, 2017 at 11:23 pm
SHARE
കൊടുങ്ങല്ലൂരില്‍ യുവാവിനെ ഉത്തരേന്ത്യന്‍ മാതൃകയില്‍ നഗ്നനാക്കി ആക്രമിച്ച കേസില്‍ പിടിയിലായ പ്രതികള്‍

കൊടുങ്ങല്ലൂര്‍: ഉത്തരേന്ത്യന്‍ മാതൃകയില്‍ യുവാവിനെ നഗ്‌നനാക്കി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയിലായി. അഴീക്കോട് വട്ടപ്പറമ്പില്‍ ബാബു (55), അഴീക്കോട് പേബസാര്‍ തേവരത്ത് സിയാദ് (പൊക്കന്‍ സിയാദ്-30), അഴീക്കോട് മേനോന്‍ ബസാര്‍ സ്വദേശികളായ കോതത്ത് സായ്കുമാര്‍ (സായി-26), കംബ്ലിക്കല്‍ മഹേഷ് (ചിക്കു-37), തേര്‍പുരക്കല്‍ മിഖില്‍ (കറമ്പന്‍-27) എന്നിവരാണ് പിടിയിലായത്.

പള്ളിപ്പറമ്പില്‍ സലാമി (49) നെ തല്ലിച്ചതച്ച സംഭവം ദൃശ്യമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മുങ്ങിയ പ്രതികളെയാണ് എറണാകുളം മുനമ്പം ബീച്ചില്‍ നിന്ന് എസ് ഐ. ഇ ആര്‍ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളില്‍ സായി ചേലക്കരയിലേക്കും മറ്റുള്ളവര്‍ വയനാട്ടിലേക്കും മുങ്ങുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. സമീപത്തെ കല്യാണ വീട്ടില്‍ നിന്ന് വിവരമറിഞ്ഞെത്തിയവരും സലാമിനെ മര്‍ദിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
സംഭവം ദേശീയ ശ്രദ്ധയാകര്‍ഷിച്ചതോടെ ഡി ജി പി ലോക്‌നാഥ് ബഹ്‌റ പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇരിങ്ങാലക്കുട എ എസ് പി. കിരണ്‍ കുമാര്‍, കൊടുങ്ങല്ലൂര്‍ സി ഐ യുടെ ചുമതലയുള്ള ഇരിങ്ങാലക്കുട സി ഐ. എം കെ സുരേഷ് കുമാര്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ദൃശ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് സി ഐ സുരേഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.