നോട്ട് പ്രതിസന്ധി: തുടങ്ങാത്ത പദ്ധതികള്‍ ഇനി അടുത്ത വര്‍ഷം

Posted on: January 19, 2017 7:20 am | Last updated: January 18, 2017 at 11:21 pm

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ പദ്ധതികള്‍ ആരംഭിച്ചിട്ടില്ലെങ്കില്‍ ഇനി തുടങ്ങേണ്ടതില്ലെന്ന് ധനവകുപ്പ് നിര്‍ദേശം. നോട്ട് പ്രതിസന്ധിയുടെ പശ്ചാതലത്തിലാണിത്. ഈ പദ്ധതികള്‍ അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കാന്‍ അനുമതി നല്‍കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. നോട്ട് പ്രതിസന്ധി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ ഇടിവുണ്ടാക്കി. 20 ശതമാനം സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചിരുന്നു. ഇത് 10 ശതമാനത്തില്‍ താഴെയായി ചുരുങ്ങിയേക്കും.

നോട്ടില്ലാത്തതു കൊണ്ട് വികസന പ്രവര്‍ത്തനങ്ങളൊന്നും നടക്കാത്തതിനാല്‍ സര്‍ക്കാറിന് ചെലവ് കുറഞ്ഞിട്ടുണ്ട്. കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരക്ക് സേവന നികുതി(ജി എസ് ടി) സംസ്ഥാനത്തിന് ഗുണകരമാവും. നിര്‍മിക്കുന്ന സ്ഥലത്തുതന്നെ നികുതി ഈടാക്കുന്ന രീതി ആയതിനാല്‍ ഇന്ത്യയില്‍ എവിടെ നികുതി ഒടുക്കിയാലും അതിന്റെ ആനുകൂല്യം കേരളത്തിന് ലഭിക്കും. ജി എസ് ടി നിലവില്‍ വരുന്നതോടെ സേവനങ്ങളുടെയും ഓണ്‍ലൈന്‍ വ്യാപാരത്തിന്റെയും നികുതി വരുമാനത്തിന്റെ ഒരു ഭാഗം സംസ്ഥാനത്തിനുള്ളതാണ്. നികുതിയിനത്തില്‍ 20 ശതമാനത്തിന്റെയെങ്കിലും വര്‍ധനവ് ജി എസ് ടിയിലൂടെ കേരളത്തിനുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ജി എസ് ടി പ്രാബല്യത്തിലെത്തിക്കഴിഞ്ഞാല്‍ ചെക്ക് പോസ്റ്റുകള്‍ക്ക് പ്രസക്തിയില്ലാതെയാവും. ചെക്ക് പോസ്റ്റുകള്‍ വിവര ശേഖരണത്തിന് മാത്രമായി ഒതുങ്ങും. ജി എസ് ടിയിലൂടെ ഉദ്യോഗസ്ഥ കേന്ദ്രീകൃത ഇടപെടലുകള്‍ കുറച്ച് അഴിമതി തടയാനുമാവും. ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് ജി എസ് ടി വലിയ നേട്ടമുണ്ടാക്കുമ്പോഴും ഉത്പാദന സംസ്ഥാനങ്ങള്‍ക്ക് കാര്യമായ മെച്ചമില്ല. അതിനാലാണ് ചില സംസ്ഥാനങ്ങള്‍ ജി എസ് ടിയെ എതിര്‍ക്കുന്നതെന്നും ഐസക് പറഞ്ഞു.