വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കരുത്

Posted on: January 19, 2017 6:14 am | Last updated: January 18, 2017 at 11:15 pm
SHARE

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍. അടുത്ത മാസം മുതല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂനിറ്റ് ഒന്നിന് 23 പൈസ മുതല്‍ 30 പൈസ വരെയും മറ്റുള്ളവര്‍ക്ക് 50 പൈസയും വര്‍ധിപ്പിക്കാനാണ് തീരുമാനം. നിരക്ക് വര്‍ധിപ്പിക്കണമെങ്കില്‍ വൈദ്യുതി ബോര്‍ഡ് തങ്ങളുടെ വരവ് ചെലവ് കണക്കുകള്‍ സഹിതം പുതുക്കിയ താരിഫ് റെഗുലേറ്ററി കമ്മീഷന് സമര്‍പ്പിക്കണമെന്നാണ് കീഴ്‌വഴക്കം. താരിഫ് പുതുക്കി നല്‍കാന്‍ റെഗുലേറ്ററി കമ്മീഷന്‍ പല തവണ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. സ്ഥാപനം അയ്യായിരത്തോളം കോടി രൂപ നഷ്ടത്തിലാണെന്ന് പറയുകയല്ലാതെ കെ എസ് ഇ ബി ഇതുവരെ കമ്മീഷനു മുമ്പാകെ വ്യക്തമായ കണക്കുകളോ പുതുക്കിയ താരീഫോ സമര്‍പ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തങ്ങള്‍ സ്വന്തം നിലയില്‍ നിരക്ക് വര്‍ധിപ്പിക്കുന്നതെന്നാണ് കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നത്.

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളില്‍ 81 ശതമാനവും ഗാര്‍ഹിക ഉപഭോക്താക്കളാണെന്നതിനാല്‍ നിരക്ക് വര്‍ധന അവര്‍ക്കാണ് കൂടുതല്‍ ആഘാതമേല്‍പ്പിക്കുക. 50 ശതമാനം വൈദ്യുതിയും ഉപയോഗിക്കുന്നത് ഗാര്‍ഹിക ഉപഭോക്താക്കളാണ.് പൊതുവിപണിയിലെ നിരക്കിനേക്കാള്‍ 30 ശതമാനം കുറവാണ് ഗാര്‍ഹിക ഉപഭോക്താക്കളുടെ നിലവിലെ നിരക്ക്. അതേസമയം 13 ശതമാനം വൈദ്യുതി ഉപയോഗിക്കുന്ന വ്യവസായ വിഭാഗത്തില്‍ നിന്ന് 26 ശതമാനം അധികതുക ഈടാക്കുന്നുണ്ട്. കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കും കുറച്ച് ഉപയോഗിക്കുന്നവര്‍ക്ക് കൂടിയ നിരക്കുമെന്ന നിലപാട് ശരിയല്ലെന്നും ഗാര്‍ഹിക ഉപഭോക്താക്കളും വ്യാവസായിക ഉപഭോക്താക്കളും തമ്മിലെ നിരക്കിലുള്ള അന്തരം കുറക്കണമെന്നുമാണ് റെഗുലേറ്ററി കമ്മീഷന്റെ നയം.

വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ കണക്കനുസരിച്ച് 2016-17ലും 2017-18ലും കെ എസ് ഇ ബി പ്രതീക്ഷിത ലാഭത്തിലാണ്. യഥാക്രമം 166 കോടിയും 739 കോടിയുമാണ് ലാഭം കണക്കാക്കുന്നത്. എന്നാല്‍ 2011 – 2013 കാലയളവില്‍ ബോര്‍ഡ് നഷ്ടത്തിലായിരുന്നു. 4924 കോടിയാണ് ഈ വര്‍ഷങ്ങളിലെ മൊത്തം കമ്മി. ഇത് നികത്തി ഈ സാമ്പത്തിക വര്‍ഷം 166 കോടിയുടേയും അടുത്ത സാമ്പത്തികവര്‍ഷം 633 കോടിയുടേയും അധിക വരുമാനമുണ്ടാക്കുകയാണത്രേ ഇപ്പോഴത്തെ നിരക്ക് വര്‍ധനയിലൂടെ ലക്ഷ്യമാക്കുന്നത്. ബോര്‍ഡിന്റെ അനാസ്ഥയും പിടിപ്പുകേടും മൂലം സംഭവിച്ച നഷ്ടം പാവപ്പെട്ട വൈദ്യുതി ഉപഭോക്താക്കള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് റെഗുലേറ്ററി കമ്മീഷന്‍. പ്രസരണ നഷ്ടം, കുടിശ്ശിക പിരിച്ചെടുക്കുന്നതിലുള്ള വീഴ്ച, അഴിമതി, അശ്രദ്ധ തുടങ്ങിയവയാണ് കെ എസ് ഇ ബിയുടെ നഷ്ടത്തിന് പ്രധാന കാരണം. സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ 14.32 ശതമാനം പ്രസരണ നഷ്ടം സംഭവിക്കുന്നുണ്ടെന്ന് വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. വൈദ്യുതി വിതരണം ചെയ്യുന്ന സബ്‌സ്‌റ്റേഷന്‍ മുതല്‍ വീടുകളിലെ കണക്ഷന്‍ വരെയുള്ള വിതരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും വൈദ്യുതി ചോര്‍ച്ച സംഭവിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് ഭൂമിക്കടിയിലൂടെ വൈദ്യുതി ലൈന്‍ വലിക്കുന്നത് ഉള്‍പ്പെടെയുള്ള നൂതന പദ്ധതികള്‍ അവലംബിക്കുമെന്ന് പലപ്പോഴും പ്രഖ്യാപിച്ചിരുന്നതാണ്. പദ്ധതികളൊന്നും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളും ചില വ്യവസായ സ്ഥാപനങ്ങളുമാണ് വൈദ്യുതി ചാര്‍ജ് അടക്കുന്നതില്‍ കടുത്ത അനാസ്ഥ കാണിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആയിരം കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക വരുത്തിയതായി കെ ഇസ് ഇ ബി വിജിലന്‍സ് ഓഫീസര്‍ പദവിയിലിരിക്കെ ഋഷിരാജ് സിംഗ് വെളിപ്പെടുത്തിയിരുന്നു.

നിലവാരമുള്ള ഉത്പന്നങ്ങള്‍ വാങ്ങി സ്ഥാപനത്തിന്റെ ഭദ്രത നിലനിര്‍ത്തേണ്ടതിനു പകരം ഗുണനിലവാരം കുറഞ്ഞവ വാങ്ങി ഉപഭോക്താക്കളേയും സ്ഥാപനത്തേയും വഞ്ചിക്കുകയും ദുരിതത്തിലാക്കുകയുമാണ് ബോര്‍ഡ് അധികൃതര്‍. അടുത്തിടെ എല്‍ ആന്‍ഡ് ടിയില്‍ നിന്ന് വാങ്ങിയ പന്ത്രണ്ട് ലക്ഷം മീറ്ററുകളില്‍ പകുതിയിലേറെയും വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തുന്ന ഡിസ്‌പ്ലേ പ്രവര്‍ത്തിക്കാത്തത് മൂലം ബോര്‍ഡിന് ഉപേക്ഷിക്കേണ്ടിവന്നു. നേരത്തെ വാങ്ങിയ വൈദ്യുതി പോസ്റ്റുകള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും മണ്ണിനടിയില്‍ കിടന്നു നശിച്ചു കൊണ്ടിരിക്കെയാണ,് സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെയും കാര്‍ഷിക കണക്ഷന്‍ നല്‍കുന്നതിന്റെയും ഭാഗമായി അടുത്തിടെ കെ എസ് ഇ ബി പുതിയ പോസ്റ്റുകള്‍ വാങ്ങിക്കൂട്ടിയത്. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും പുറത്തു നിന്ന് കൂടിയ വിലക്ക് വാങ്ങുകയാണെന്നതാണ് ബോര്‍ഡിന്റെ അധികച്ചെലവിന് മറ്റൊരു കാരണം. ചെറുകിട ജലവൈദ്യുത പദ്ധതികളും കാറ്റില്‍ നിന്നുള്ള വൈദ്യുത ഉത്പാദനവും വര്‍ധിപ്പിച്ചാല്‍ പുറമെ നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവ് കുറക്കാനാകും. ഇത്തരം മാര്‍ഗങ്ങളിലൂടെ ബോര്‍ഡിന്റെ ചെലവ് പരമാവധി കുറച്ചു നഷ്ടം നികത്തുകയല്ലാതെ നിരക്ക് വര്‍ധിപ്പിച്ചു ഉപഭോക്താക്കളുടെ മേല്‍ അധിക ഭാരം ചുമത്താനുള്ള പുറപ്പാടില്‍ നിന്ന് ബോര്‍ഡും വൈദ്യുതി റെഗുലേറ്ററി കമ്മീഷനും പിന്തിരിയണം.