Connect with us

Articles

എം ജി റോഡിലെ ആഭാസങ്ങള്‍

Published

|

Last Updated

പുതുവര്‍ഷപ്പുലരി ബെംഗളൂരുവിനെ സംബന്ധിച്ചിടത്തോളം ചില ചോദ്യങ്ങളുയര്‍ത്തുന്നതായിരുന്നു. പുതുവര്‍ഷം ആഘോഷിക്കേണ്ടത് ഇങ്ങനെയൊക്കെയാണോ? ആഘോഷം അതിരുകടന്നാല്‍ ഇത്രയൊക്കെ സംഭവിക്കുമോ? ആരാണ് ഇതിനൊക്കെ ഉത്തരവാദി? അഭിപ്രായം പറയാന്‍ സംസ്ഥാനത്തെ ആഭ്യന്തര മന്ത്രി കൂടി ഇടപെട്ടതോടെ രംഗം ചൂടുപിടിച്ചതായി മാറി.

നഗരത്തിലെ എം ജി റോഡും പരിസരവുമായിരുന്നു പുതുവര്‍ഷപ്പാതിരയില്‍ അഴിഞ്ഞാടിയത്. സാധാരണഗതിയില്‍ രാത്രി ഒരു മണി വരെയാണ് പുതുവര്‍ഷാഘോഷം അനുവദിക്കാറെങ്കില്‍ ഇത്തവണ സര്‍ക്കാര്‍ അത് രണ്ട് മണി വരെയാക്കിയിരുന്നു. 1500 പോലീസുകാരെ വരിക്ക്‌നിര്‍ത്തി നടത്തിയ ആഘോഷം പക്ഷേ, അതിക്രമങ്ങള്‍ കൊണ്ട് വിവാദമായി. അര്‍ധനഗ്ന വേഷമണിഞ്ഞെത്തിയ യുവതീയുവാക്കള്‍ നഗരത്തില്‍ ആറാടിയപ്പോള്‍ പോലീസിന് വെറും കാഴ്ചക്കാരാകാനേ കഴിഞ്ഞുള്ളൂ. നട്ടപ്പാതിരക്ക് നടന്ന അതിക്രമത്തെക്കുറിച്ച് പോലീസും യുവതീയുവാക്കളുമൊന്നും മിണ്ടിയില്ല. പുതുവര്‍ഷാഘോഷം വളരെ സമാധാനപൂര്‍ണമായിരുന്നുവെന്ന് അധികൃതര്‍ പത്രക്കുറിപ്പുമിറക്കി. പിന്നെയല്ലേ വിവാദം കത്തിയത്.

പുതുവര്‍ഷ രാവില്‍ അരങ്ങേറുന്ന അതിക്രമങ്ങള്‍ തടയാന്‍ വേണ്ടി നഗരത്തില്‍ 500 ഓളം പുതിയ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇവയില്‍ പതിഞ്ഞ ചിത്രങ്ങള്‍ തിരയലായി മാധ്യമപ്രവര്‍ത്തകരുടെ ജോലി. അതിക്രമികളെ തടയാന്‍ യുവതികള്‍ ചെരിപ്പെടുത്തത്, സഹിക്കവയ്യാതെ നിലവിളിച്ചത്, പോലീസിന്റെ സഹായത്തോടെ ഓട്ടോയില്‍ കയറി രക്ഷപ്പെട്ടത്… ഇങ്ങനെ നീളുന്നു ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍. ബെംഗളൂരുവിലെങ്ങും സ്ത്രീ അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്ന് പറഞ്ഞ് സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തി. ധര്‍ണ, പിക്കറ്റിംഗ്…. അതിനിടക്കാണ് ഒരു സി സി ടി വി ദൃശ്യം കൂടി വെളിച്ചത്തായത്. നഗരത്തില്‍ കമ്മനഹള്ളിയില്‍ രാത്രി 2.10ന് പുതുവര്‍ഷാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ നടുറോഡിലെത്തി ചിലര്‍ കടന്നുപിടിച്ച് സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായിരുന്നു അത്. ശ്രമം പരാജയപ്പെട്ടപ്പോള്‍ യുവതിയെ നടുറോഡില്‍ തള്ളിയിട്ടാണ് യുവാക്കള്‍ രക്ഷപ്പട്ടതത്രെ. സംഭവം രാജ്യത്തെ ചാനലുകളില്‍ മുഴുവന്‍ ഇടം പിടിച്ചു. ബെംഗളൂരുവിന് ദേശീയ ശ്രദ്ധ കിട്ടി. പക്ഷേ പരാതിക്കാരിയില്ലാതെ എങ്ങനെ കേസെടുക്കും. അവസാനം പ്രതികളേയും പരാതിക്കാരിയേയും പോലീസ് പിടിച്ചുകൊണ്ടുവന്നു.
ഇതെല്ലാം കത്തി നില്‍ക്കുമ്പോഴാണ് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ പ്രസ്താവന. പെണ്ണുങ്ങള്‍ പശ്ചാത്യ വേഷം ധരിച്ചാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്. അതിനൊന്ന് ബലം കൂട്ടാന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അബൂ അസ്മിയും ഒപ്പം കൂടി. ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്ന് വ്യതിചലിച്ചതുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പിന്നെയല്ലേ പൊടിപൂരം. മന്ത്രിക്കും അബൂ ആസിമിക്കുമെതിരെയായി പട. വനിതാ കമ്മീഷന്‍ തന്നെ ആഭ്യന്തരമന്ത്രിക്ക് നോട്ടീസയച്ചു. പൊടുന്നനെ പത്ര സമ്മേളനം വിളിച്ച് മന്ത്രി അഭിപ്രായം തിരുത്തി. മന്ത്രിയായതുകൊണ്ട് ഒരു യാഥാര്‍ഥ്യം പറയാനും കഴിയാതെപോയെന്ന് ചിലര്‍ അടക്കം പറഞ്ഞു. ഏതായാലും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തിയവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുമെന്ന് പിന്നീട് മന്ത്രി പരമേശ്വര പ്രസ്താവനയിറക്കി. സ്ത്രീ അതിക്രമങ്ങള്‍ക്ക് പിന്നാലെ മാധ്യമ പ്രവര്‍ത്തകര്‍ ഒരാഴ്ച പിന്തുടര്‍ന്നപ്പോള്‍ എന്തൊക്കെയാ കിട്ടിയത്, അവസാനം രംഗം ഉപേക്ഷിച്ച് മറ്റു വിഷയത്തിലേക്ക് കടന്നതോടെയാണ് സമാധാനമായത്.

*************************
പ്രവാസികള്‍ക്കു വേണ്ടി ലക്ഷങ്ങള്‍ പൊടിച്ച പ്രവാസി ഭാരതീയ ദിവസായിരുന്നു ഈയിടെ ബെംഗളൂരു കണ്ട മറ്റൊരു സംഭവം. ബെംഗളൂരു ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ മൂന്നു ദിവസമായി നടന്ന പ്രവാസി ഭാരതീയ ദിവസില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമൊക്കെ പങ്കുകൊണ്ടു. പ്രവാസി മാമാങ്കത്തില്‍ പാവം പ്രവാസികള്‍ പലതും പ്രതീക്ഷിച്ചു. പക്ഷേ, പ്രവാസികളുടെ മോടി പറഞ്ഞ് മോദി മടങ്ങി. പ്രധാനമന്ത്രിയുടെ അര മണിക്കൂര്‍ നീണ്ട പ്രസംഗം കഴിഞ്ഞപ്പോള്‍ പ്രവാസി പ്രതിനിധികളില്‍ നിന്ന് രണ്ടഭിപ്രായം ഉയര്‍ന്നു. ഒന്നാമത്തേത് സ്വാഗതാര്‍ഹമെന്നു തന്നെയായിരുന്നു. പ്രധാനമന്ത്രി നിക്ഷേപ സാധ്യതകള്‍ക്കുള്ള അഭിപ്രായമുയര്‍ത്തിയതാണ് ഭേദപ്പെട്ട പ്രവാസികളെ പ്രസംഗം സ്വാഗതം ചെയ്യിപ്പിച്ചത്. എന്നാല്‍, അടിസ്ഥാന വിഷയങ്ങളില്‍ തൊടാതിരുന്ന പ്രധാനമന്ത്രി ഗള്‍ഫില്‍ നിന്ന് തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് ഈ വര്‍ഷാവസാനം വരെ നിരോധിച്ച നോട്ട് മാറ്റിയെടുക്കാനുള്ള പ്രഖ്യാപനം പോലും നടത്തിയില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ അധിവസിച്ച് ജോലിയും പട്ടിണിയുമായി കഴിയുന്ന നല്ലൊരു ശതമാനവും പ്രവാസികളെന്ന പേരില്‍ അറിയപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കാനും പ്രധാനമന്ത്രിക്കായില്ല. സീസണ്‍ കാലത്ത് വിമാനക്കമ്പനികളുടെ പിടിച്ചുപറിക്ക് വിധേയരാകുന്നവര്‍, നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതില്‍ പങ്കുകൊള്ളാന്‍ കഴിയാത്തവര്‍, അദ്ധ്വാനം കഴിഞ്ഞ് നാട്ടിലെത്തിയാല്‍ തൊഴിലില്ലാതെ വലയുന്നവര്‍, പങ്കാളിത്ത പെന്‍ഷന്‍ ലഭിക്കുമെന്ന് ഭരണാധികാരികളില്‍ നിന്ന് അറിയിപ്പുണ്ടായെങ്കിലും അത് ലഭിക്കാത്തവര്‍…. ഇങ്ങനെ നീളുന്നു അവരുടെ പരിഭവങ്ങള്‍. ഇതേക്കുറിച്ചൊന്നും മിണ്ടാതെ പോയ പ്രധാനമന്ത്രി ഇത്തവണത്തെ സമ്മേളനത്തില്‍ ഗള്‍ഫ് സെഷനും ഒഴിവാക്കുകയുണ്ടായി.

*****************

രാജ്യത്തെ മൂന്നില്‍ രണ്ട് കര്‍ഷക ആത്മഹത്യകളും നടക്കുന്ന സംസ്ഥാനമായി കര്‍ണാടകം മാറിയെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. വരള്‍ച്ചയും മറ്റൊരു ഭാഗത്ത് വെള്ളപ്പൊക്കവും കാരണം കാര്‍ഷികോദ്പാദനത്തില്‍ വമ്പിച്ച കുറവാണുണ്ടായിരിക്കുന്നത്. അണക്കെട്ടുകളിലെ ജലനിരപ്പ് നന്നായി കുറഞ്ഞിട്ടുണ്ട്. കാവേരി ജലത്തിലാണ് പ്രതീക്ഷ. ഇത് സംബന്ധിച്ച് തമിഴ്‌നാടുമായി കലഹം നിലനില്‍ക്കുകയുമാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കെടുത്തു നോക്കുമ്പോള്‍ മാണ്ഡ്യയില്‍മാത്രം 92 കര്‍ഷകരാണ് ജീവനൊടുക്കിയത്. 1995നും 2002നും ഇടയില്‍ ശരാശരി 2,259 കര്‍ഷകര്‍ ഒരു കഷണം കയറിലോ ഒരിറ്റ് വിഷത്തിലോ ജീവിതം അവസാനിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

 

Latest