ഐ എ എസുകാര്‍ നിയമത്തിനതീതരോ?

രാഷ്ട്രീയ നേതാക്കള്‍ അധികാരസ്ഥാനത്തിരുന്നുകൊണ്ട് ആവശ്യപ്പെടുന്നതിനാല്‍ തങ്ങളും അഴിമതിക്കാരാകുന്നു എന്ന പഴയ കാലത്തെ വാദങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നതല്ല. ഒന്നാമതായി മന്ത്രി പറഞ്ഞാലും നിയമവിരുദ്ധമായ ഒരു കാര്യം ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം ഏതു ഐ എ എസ് ഉദ്യോഗസ്ഥനുമുണ്ട്. അല്ലാത്തപക്ഷം ഫയലില്‍ കൃത്യമായി വിയോജിപ്പു രേഖപ്പെടുത്തി അംഗീകരിക്കാം. ചില വിഷയങ്ങളിലെങ്കിലും ഉദ്യോഗസ്ഥരുടെ പ്രേരണ കൊണ്ടാണ് രാഷ്ട്രീയ നേതാക്കള്‍ അഴിമതി നടത്തുന്നതെന്നതും രഹസ്യമല്ല.
Posted on: January 19, 2017 6:00 am | Last updated: January 18, 2017 at 11:10 pm
SHARE

കേരളത്തെ ആകെ പിടിച്ചുകുലുക്കുന്ന രീതിയില്‍ ഐ എ എസ് പുംഗവന്മാര്‍ കൂട്ട കാഷ്വല്‍ ലീവ് സമരം പ്രഖ്യാപിച്ചതും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അവര്‍ ആ സമരം ഉപേക്ഷിച്ചതും നാം കണ്ടു. അതിന്റെ വരുംവരായ്കകളെ കുറിച്ച് പറയുന്നതിന് മുമ്പ് ഒരല്‍പം ഫഌഷ്ബാക്. 2002ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലം. വി എസ് പ്രതിപക്ഷനേതാവും. എ ഡി ബിയില്‍ നിന്നു വായ്പ എടുത്ത് ഭരണനവീകരണ പരിപാടിക്കായി സര്‍ക്കാര്‍ വാദിച്ചു. അതിന്റെ ഫലമായി സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവേതനവ്യവസ്ഥകളില്‍ ചില കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചു. ഫെബ്രുവരിയില്‍ മിക്ക സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തങ്ങളുടെ ഏന്‍ഡ് ലീവ് വില്‍ക്കും. അത് വഴി ഏതാണ്ട് ഒരു മാസത്തെ ശമ്പളം കിട്ടും. 28 ദിവസമുള്ള ഫെബ്രുവരി തിരഞ്ഞെടുക്കുന്നത് അല്‍പം കൂടുതല്‍ തുക കിട്ടാനാണ്. ആ മാസം വെച്ച് കണക്കാക്കിയാല്‍ പ്രതിദിന വേതനം അല്‍പം ഉയര്‍ന്നിരിക്കും. ആന്റണി പ്രഖ്യാപിച്ച പരിഷ്‌കാരമനുസരിച്ച് ആ വര്‍ഷം ഈ വില്‍പന നടക്കില്ലെന്നായി. ഇതായിരുന്നു ജീവനക്കാര്‍ക്കു പെെട്ടന്നുണ്ടായ പ്രചോദനം. കക്ഷി മുന്നണി വ്യത്യാസം മറന്നു എല്ലാ ജീവനക്കാരും അധ്യാപകരും പണിമുടക്കി. നാട്ടിലെ മിക്ക സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടന്നു. സെക്രട്ടേറിയറ്റില്‍ ആളനക്കമില്ലാതായി. സ്‌കൂളുകളും കോളജുകളും അടച്ചു. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ അന്ത്യം തുടങ്ങിയത് അന്ന് മുതലായിരുന്നു എന്ന് പറയാം. അരക്കോടിയിലേറെ വരുന്ന വിദ്യാര്‍ഥികളുടെ വാര്‍ഷികപരീക്ഷ നടക്കുമോ, അഥവാ എന്ന് നടക്കും എന്ന സംശയം പൊതുസമൂഹത്തിലാകെ പടര്‍ന്ന കാലം.
അന്ന് തദ്ദേശഭരണ വകുപ്പിന്റെ സെക്രട്ടറി ഇന്നത്തെ ചീഫ് സെക്രട്ടറിയായ എസ് എം വിജയാനന്ദും എ ഡി ബി പദ്ധതി നടപ്പാക്കാന്‍ (ഭരണ നവീകരണം) ചുമതലപ്പെട്ട സെക്രട്ടറി ഡോ. കെ എം എബ്രഹാം, ഇന്നത്തെ ധനകാര്യ സെക്രട്ടറിയും ആയിരുന്നു. സമരത്തെ നേരിടാന്‍ സര്‍വായുധങ്ങളുമായി ആന്റണി. ഒപ്പം കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളും വ്യാപാരി വ്യവസായികളും കുറെ വലതുപക്ഷ ബുദ്ധിജീവികളും. എ ഡി ബി വായ്പയെ ഒരു ഇടതുപക്ഷക്കാരന് സ്വീകാര്യമായ രീതിയില്‍ ന്യായീകരിച്ചുകൊണ്ട് കേരളമാകെ ഓടിനടന്നതു കെ എം എബ്രഹാം ആയിരുന്നു. എസ് എം വിജയാനന്ദ് കൂടെയുണ്ട്. ഇടതുപക്ഷം സമരത്തെ പിന്താങ്ങിയെങ്കിലും അതിലെ നല്ലൊരു വിഭാഗം എ ഡി ബി വായ്പയുടെ രാഷ്ട്രീയ സാമ്പത്തികവശം ചര്‍ച്ച ചെയ്യാതെ ഒഴിഞ്ഞു മാറി. വ്യവസ്ഥകളോടായിരുന്നു അവരുടെ എതിര്‍പ്പ്. വി എസ് മാത്രം ശക്തിയായി ആഞ്ഞടിച്ചു. ഇടതുപക്ഷം ഭരണത്തില്‍ വന്നാല്‍ ഈ വായ്പ തിരിച്ചടക്കില്ലെന്നു പ്രഖ്യാപിച്ചു. എന്നാല്‍ അതിനു അനുകൂലമായി സ്വന്തം പാര്‍ട്ടിക്കാര്‍ പോലും നിന്നില്ല എന്നത് മറ്റൊരു വിഷയം. നമ്മുടെ വിഷയം കെ എം എബ്രഹാം ആണല്ലോ. സെക്രട്ടേറിയറ്റില്‍ പൂച്ച പ്രസവിക്കുന്ന വിധം ശൂന്യത. വിഷണ്ണനായി മുഖ്യമന്ത്രിക്ക് പിന്‍ബലം നല്‍കിക്കൊണ്ട് എബ്രഹാം പറഞ്ഞു, ശമ്പളം കിട്ടാതെ കൈയില്‍ കാശില്ലാതെ വരുമ്പോള്‍ ജീവനക്കാര്‍ തിരിച്ചുവരും എന്ന്. ആ വ്യക്തിയാണ് ഇപ്പോള്‍ ഐ എ എസുകാരുടെ സമരനേതാവ് എന്ന് കേള്‍ക്കുമ്പോള്‍ നാമെന്തു കരുതണം?
എന്താണ് ഐ എ എസുകാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍? ആരെല്ലാമാണ് അവരെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണക്കുന്നത്? വിജിലന്‍സ് ഡയറക്ടര്‍ ആയ ജേക്കബ് തോമസ് തങ്ങളെ പീഡിപ്പിക്കുന്നു, വൈരനിര്യാതന ബുദ്ധിയോടെ കേസുകള്‍ ആരോപിക്കുന്നു. കള്ളക്കേസുകളില്‍ അന്വേഷണമെന്ന പേരില്‍ വീട്ടില്‍ കയറി വരെ അന്വേഷിക്കുന്നു. ഈ വിജിലന്‍സ് ഡയറക്ടര്‍ തന്നെ നിരവധി ആരോപണങ്ങള്‍ക്ക് വിധേയനാണ്. അദ്ദേഹത്തെ സര്‍ക്കാര്‍ സഹായിക്കുന്നു. എന്നാല്‍ ഐ എ എസുകാരെ രക്ഷിക്കാന്‍ ആരുമില്ല. വിജിലന്‍സ് ഡയറക്ടര്‍ ഇത്തരം കാര്യങ്ങള്‍ക്കായി സംശയാസ്പദമായ പ്രവര്‍ത്തന രീതികള്‍ സ്വീകരിക്കുന്ന ചില വ്യക്തികളെ ആശ്രയിക്കുന്നു. ഇങ്ങനെ പോകുന്നു ആവലാതികള്‍. ഉണ്ണാതെ സ്ഥാനങ്ങള്‍ വഹിക്കുന്ന ടോം ജോസ്, കെ എം എബ്രഹാം, ഏറ്റവും ഒടുവില്‍ പോള്‍ ആന്റണിയും. ഇത് സിവില്‍ സര്‍വീസിന്റെ ആത്മധൈര്യം തകര്‍ക്കുന്നു.
ഈ പറയുന്നതില്‍ സത്യമുണ്ടെങ്കില്‍ അത് ഗൗരവതരമായി കണക്കിലെടുക്കാന്‍ ഏതു സര്‍ക്കാറിനും ബാധ്യതയുണ്ട്. എന്നാല്‍ അതിനെ മറ്റൊരു രീതിയില്‍ കണ്ടാലോ? ജേക്കബ് തോമസിനെ ആ പദവിയില്‍ ഇരുത്താന്‍ തീരുമാനിച്ചതിനെ അതി ശക്തിയായി പിന്താങ്ങിയവരില്‍ ഒരാളാണ് ഈ ലേഖകന്‍. മുന്‍ സര്‍ക്കാറിന്റെ കാലത്ത് പൊതു ആസ്തികളും പ്രകൃതി സമ്പത്തും വന്‍ തോതില്‍ കൊള്ളയടിക്കപ്പെടുകയായിരുന്നു എന്നതൊരു രഹസ്യമല്ല.

കെ പി സി സി അധ്യക്ഷന്‍ പോലും പറഞ്ഞ കാര്യമാണത്. ആ മുന്നണിയെ തോല്‍പ്പിച്ച് അധികാരത്തിലെത്തുന്ന ഒരു മുന്നണിക്ക് തങ്ങള്‍ അഴിമതിക്കെതിരാണെന്നു സ്ഥാപിക്കാനുള്ള ധാര്‍മിക ബാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജേക്കബ് തോമസിനെപ്പോലെ സത്യസന്ധനെന്ന് പൊതുസമൂഹത്തിനു ബോധ്യമുള്ള ഒരാളെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഇരുത്തുന്നതിനെ ആരും സ്വാഗതം ചെയ്യും. ആറ് പതിറ്റാണ്ട് കാലത്തെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മുന്നണികളും കക്ഷികളും നിയമസഭക്കകത്തും പുറത്തും അനേകായിരം കോടികളുടെ അഴിമതി ആരോപണങ്ങള്‍ പരസ്പരം ഉന്നയിച്ചിട്ടുണ്ട്. അവയില്‍ പലതും വലിയ തോതില്‍ കേരളീയ സമൂഹവും മാധ്യമങ്ങളും ചര്‍ച്ച ചെയ്തിട്ടുമുണ്ട്. എന്നാല്‍, ഈ കേസുകളില്‍ വിചാരണ നടത്തി ശിക്ഷിക്കപ്പെട്ട ഒറ്റ രാഷ്ട്രീയ നേതാവേയുള്ളൂ, ആര്‍ ബാലകൃഷ്ണ പിള്ള. അതും സുഖവാസം പോലെ കുറച്ചു ദിവസങ്ങള്‍ മാത്രം. ആ വ്യക്തി ഇപ്പോള്‍ ഭരണക്കാരുടെ കൂടെയാണ് താനും.ഇതിനര്‍ഥം ഇവിടെ ഉന്നയിക്കപ്പെട്ട അഴിമതി ആരോപണങ്ങളെല്ലാം അസത്യങ്ങളായിരുന്നു എന്നാണോ? അഥവാ ഇക്കാലമത്രയും ഭരണം നടത്തിയ ആരും ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നാണോ? എങ്കില്‍ ആരോപണങ്ങള്‍ ഉന്നയിച്ച എല്ലാ നേതാക്കളും പരസ്യമായി മാപ്പു പറയേണ്ടതല്ലേ? അഴിമതി ആരോപണങ്ങളുടെ പേരില്‍ നടത്തിയ നിയമസഭാസ്തംഭനങ്ങളും ബന്ദുകളും ഹര്‍ത്താലുകളും എല്ലാം ജനങ്ങളെ ദ്രോഹിക്കുന്നതിനു മാത്രമായിരുന്നോ? അല്ലെന്നു ആര്‍ക്കുമറിയാം. അയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ മുന്നണികള്‍ മാറി ഭരണത്തില്‍ എത്തിയിട്ടും ഇവരെ കണ്ടെത്തി ശിക്ഷിക്കാന്‍ കഴിയുന്നില്ലെന്ന് വരികില്‍ ഇവിടെ നിലല്‍ക്കുന്ന വിജിലന്‍സ് സംവിധാനം പര്യാപ്തമല്ലെന്ന് ആര്‍ക്കും വിലയിരുത്താന്‍ കഴിയും. തന്നെയുമല്ല അത് മെച്ചപ്പെടുത്താതെ, രാഷ്ട്രീയ എതിരാളികള്‍ നടത്തിയ അഴിമതികള്‍ പോലും വെളിച്ചത്ത് കൊണ്ട് വരാന്‍ തയ്യാറാകാതെ പരസ്പരം സഹായിക്കുകയാണെന്നു ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.
ഏതു വിധത്തിലുള്ള അഴിമതി നടത്തിയാലും രക്ഷപ്പെടാനുള്ള വഴിയുണ്ടാകുമെന്ന ഉറപ്പുള്ളതിനാലാണ് അഴിമതി തുടരുന്നതും വളരുന്നതും. ഇവിടെ നടക്കുന്ന രാഷ്ട്രീയ അഴിമതികളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്തതാണ്. രാഷ്ട്രീയ നേതാക്കള്‍ അധികാരസ്ഥാനത്തിരുന്നുകൊണ്ട് ആവശ്യപ്പെടുന്നതിനാല്‍ തങ്ങളും അഴിമതിക്കാരാകുന്നു എന്ന പഴയ കാലത്തെ വാദങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നതല്ല. ഒന്നാമതായി മന്ത്രി പറഞ്ഞാലും നിയമവിരുദ്ധമായ ഒരു കാര്യം ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം ഏതു ഐ എ എസ് ഉദ്യോഗസ്ഥനുമുണ്ട്. അല്ലാത്തപക്ഷം ഫയലില്‍ കൃത്യമായി വിയോജിപ്പു രേഖപ്പെടുത്തി അംഗീകരിക്കാം. അപ്പോള്‍ ഉദ്യോഗസ്ഥന്‍ രക്ഷപ്പെടും. വാക്കാലുള്ള ഉത്തരവുകള്‍ പോലും ഫയലില്‍ രേഖപ്പെടുത്തണമെന്നു സുപ്രീം കോടതി തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. ഐ എ എസുകാര്‍ തന്നെ മിക്ക അഴിമതികളിലും പങ്കാളികളാണെന്ന സത്യം ഇന്ന് പുറത്തുവരുന്നുണ്ട്. നിഷ്‌കളങ്കമായി അവര്‍ രാഷ്ട്രീയ അഴിമതിക്ക് കൂട്ട് നില്‍ക്കുകയല്ല പലപ്പോഴും ചെയ്യുന്നത് എന്നര്‍ഥം. ചില വിഷയങ്ങളിലെങ്കിലും അവരുടെ പ്രേരണയും ധൈര്യവും കൊണ്ടാണ് രാഷ്ട്രീയ നേതാക്കള്‍ അഴിമതി നടത്തുന്നതെന്നതും രഹസ്യമല്ല. എതിര്‍പക്ഷത്തുള്ള മുന്നണി ജയിച്ചുവന്നിട്ടും താക്കോല്‍ സ്ഥാനത്തുള്ള പല വകുപ്പ് തലവന്മാരും അവിടെ തന്നെ തുടരുന്നത് മിക്കപ്പോഴും അവരുടെ കാര്യക്ഷമത കൊണ്ടല്ല മറിച്ചു അഴിമതി തുടരാനാണ്. കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയുടെ കാലത്ത് വ്യവസായ വകുപ്പിലെ അഡീഷനല്‍ ചീഫ് സെക്രട്ടറി മുന്‍ സര്‍ക്കാറിന്റെ കാലത്തെ വ്യക്തി തന്നെ തുടരുകയായിരുന്നു. കൊക്കക്കോള കമ്പനി പൂട്ടിയതില്‍ ദുഃഖിക്കുകയും പെപ്‌സി കമ്പനിയുടെ ജലചൂഷണം സംരക്ഷിക്കാന്‍ സഹായിച്ചതില്‍ സന്തോഷിക്കുകയും ആ യത്‌നത്തില്‍ ഇടതുപക്ഷ മന്ത്രിക്കുള്ള പങ്ക് തുറന്നുപറയാന്‍ ധൈര്യം കാട്ടുകയും ചെയ്ത വ്യക്തി വലതുപക്ഷത്തിനും സ്വീകാര്യനായതില്‍ അത്ഭുതമില്ല. ലാവ്‌ലിന്‍ ഇടപാടിന് അന്നത്തെ മന്ത്രിയെ പ്രേരിപ്പിച്ചത് ചില ഉദ്യോഗസ്ഥരാണെന്ന സത്യം ഇന്നും വേണ്ടത്ര തിരിച്ചറിയപ്പെട്ടിട്ടില്ല. ഇവിടെ നടക്കുന്ന അഴിമതികളില്‍ കേവല മൂകസാക്ഷികള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ എന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥര്‍ പ്രധാന പ്രതികളായ നിരവധി കേസുകള്‍ ഇപ്പോള്‍ നടക്കുന്നുമുണ്ട്. സിവില്‍ സര്‍വീസുകാര്‍ പരസ്പരം സഹായിക്കുക വഴി രക്ഷപ്പെട്ട നിരവധി സംഭവങ്ങളും ഉണ്ട്. ടോം ജോസിനെതിരായ പരാതികള്‍ ഉയര്‍ന്നുവന്നപ്പോള്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ അന്നും ഇന്നും ആഭ്യന്തര സെക്രട്ടറിയായ വ്യക്തി റിപ്പോര്‍ട്ട് തയാറാക്കിയത് ഈ സര്‍ക്കാറിന് വലിയ തലവേദനയായി. ഇതെല്ലാം കൊണ്ട് തന്നെ ഒരു ആരോപണമുണ്ടായാല്‍ അതിനെ നിയമം അനുശാസിക്കുന്ന പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് അന്വേഷണം നടത്തുക എന്നത് ഇന്ന് സമൂഹത്തിന്റെ ആവശ്യമാകുന്നു.

ഒരു പ്രത്യേക സംരക്ഷണവലയമൊന്നും സിവില്‍ സര്‍വീസുകാര്‍ക്കില്ല. അത്രയല്ലേ ജേക്കബ് തോമസ് ചെയ്തുള്ളു. ടോം ജോസിന്റെ വീട് പരിശോധിച്ചത് കോടതി ഉത്തരവനുസരിച്ചാണല്ലോ. നിയമത്തിനപ്പുറം കടന്നു വിജിലന്‍സ് പ്രവര്‍ത്തിക്കുന്നു എങ്കില്‍ അതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ വ്യക്തി എന്ന നിലയില്‍ അവകാശം അവര്‍ക്കുണ്ട്. അപ്പോള്‍ അതല്ല കാര്യം. ഒരു നിയമവും ജേക്കബ് തോമസ് ലംഘിച്ചിട്ടില്ല. എന്നിട്ടും അത് തടയാന്‍ ഇവര്‍ സമരമാര്‍ഗം സ്വീകരിക്കുന്നു എങ്കില്‍ അത് നിയമവിരുദ്ധലക്ഷ്യങ്ങള്‍ക്കായുള്ള സമ്മര്‍ദ തന്ത്രമാണ്. അതിനു മുന്നില്‍ മുഖ്യമന്ത്രി മുട്ട് മടക്കിയോ?
നമുക്ക് ഇപ്പോഴത്തെ പ്രശ്‌നങ്ങളിലേക്ക് വരാം. ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന സിനിമയില്‍ പറയുന്നത് പോലെ ഇപ്പോള്‍ കേരളത്തില്‍ കേള്‍ക്കുന്ന ഒരു വിളിയാണ് ‘പോള്‍ ആന്റണി പോകല്ലേ, പോള്‍ ആന്റണി പോകല്ലേ’എന്ന്. അതെ, നമ്മുടെ വ്യവസായ അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ തന്നെയാണ് ഇങ്ങനെ വിളിക്കുന്നത്. ആര്‍ വിളിക്കുന്നു? അദ്ദേഹത്തിന്റെ വകുപ്പുമന്ത്രി തന്നെ, എ സി മൊയ്തീന്‍. ഇ പി ജയരാജന്‍ വ്യവസായമന്ത്രി ആയിരുന്നപ്പോള്‍ നടത്തിയ ബന്ധു നിയമനക്കേസില്‍ മൂന്നാം പ്രതിയാക്കപ്പെട്ട പോള്‍ ആന്റണി വകുപ്പ് വിട്ടുപോകാന്‍ തീരുമാനിച്ചപ്പോഴാണ് ഈ വിളി നടത്തിയത്. എന്താണ് അതിനര്‍ഥം? വിജിലന്‍സ് പ്രതിയാക്കിയ ഇദ്ദേഹം ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് ഇപ്പോഴത്തെ വ്യവസായ മന്ത്രി വിശ്വസിക്കുന്നു എന്നര്‍ഥം. ബൈബിളില്‍ പറയുന്നത് പോലെ വലതു കൈ ചെയ്യുന്നതെന്താണ് എന്ന് ഇടതു കൈ അറിയാന്‍ പാടില്ല. ഇവിടെ അറിയുന്നില്ല അതോ അറിഞ്ഞതായി നടിക്കാത്തതോ? മുഖ്യമന്ത്രിയുടെ കീഴിലാണ് വിജിലന്‍സ്. അവര്‍ പറയുന്നത് മുഖ്യമന്ത്രി വിശ്വസിക്കുന്നുണ്ടോ?
അഴിമതിക്കെതിരെ ശക്തമായി പോരാടുന്ന ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്ന മുഖം വെറും മുഖംമൂടി ആയിരുന്നുവെന്നു വെളിപ്പെടുത്തുന്നതാണ് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍. ഐ എ എസുകാര്‍ കൂട്ട കാഷ്വല്‍ അവധി എടുത്തപ്പോള്‍ അവരെ വിരട്ടി അതില്‍ നിന്നും പിന്തിരിപ്പിച്ചു എന്ന രീതിയിലാണ് പലരും വ്യാഖ്യാനിച്ചത്. എന്നാല്‍ അതിന്റെ പിന്നിലെ കഥകള്‍ പുറത്ത് വന്നപ്പോള്‍ ചിത്രം മാറി. നിങ്ങളൊന്നും കുറ്റക്കാരല്ലെന്നു തനിക്കറിയാമെന്നും നിങ്ങളെ ആരും ഒന്നും ചെയ്യില്ലെന്നും പറഞ്ഞുകൊണ്ടാണ് ഐ എ എസുകാരെ ആശ്വസിപ്പിച്ചതെന്നു കേള്‍ക്കുന്നു. ഇതിനു സാധ്യതയുണ്ടെന്ന് തെളിയിക്കുന്നതാണ് മേല്‍ പറഞ്ഞ വ്യവസായ മന്ത്രിയുടെ പിന്‍വിളി. അപ്പോള്‍ അഴിമതിക്കെതിരെ മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കില്ല മറിച്ചു ഇരട്ടമുഖമാണുള്ളത് എന്ന് പറയേണ്ടിവരും.

സ്വന്തക്കാര്‍ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരാകുമ്പോള്‍ അന്വേഷണത്തിന്റെ വേഗത കാര്യമായി കുറയുന്നു എന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാകുന്നു. ബന്ധു നിയമനക്കേസില്‍ അതിവേഗ പരിശോധന കഴിഞ്ഞു ഒന്നര മാസം പിന്നിട്ടിട്ടും പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്നതിനു കോടതി ശാസിച്ചു. അതിനെ തുടര്‍ന്നാണ് എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. ഇതുപോലെ പോലീസ് ഉദ്യോഗസ്ഥയായ ശ്രീലേഖയുടെ കേസിലും മറ്റൊരു മന്ത്രിയായ മേഴ്‌സിക്കുട്ടിയമ്മയുടെ കേസിലും കാലതാമസമുണ്ടായി എന്നും കോടതി പറഞ്ഞു. ഇത് അഴിമതിവിരുദ്ധനെന്ന മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്കു മങ്ങല്‍ വീഴ്ത്തി. വിജിലന്‍സ് ഡയറക്ടര്‍ക്ക് സ്വാതന്ത്ര്യമില്ലാത്തതിനാലാണ് ഈ വൈകല്‍ ഉണ്ടായതെന്ന് വ്യക്തം. ജേക്കബ് തോമസിനെ കൂട്ടിലടക്കാന്‍ ശ്രമിക്കുന്നു എങ്കില്‍ അത് ഇടതുപക്ഷത്തിന്റെ വഴി മുന്‍സര്‍ക്കാറിന്റേത് തന്നെ എന്ന് ജനങ്ങള്‍ വിലയിരുത്തും. ജേക്കബ് തോമസിനെപ്പോലെ ഒരു ഉദ്യോഗസ്ഥനെ മുന്നില്‍ നിര്‍ത്തി പിന്നില്‍ അഴിമതികള്‍ തുടര്‍ന്ന് പോകാനുള്ള പരിപാടിയാണ് മുഖ്യമന്ത്രിക്കെന്നു പറയേണ്ടി വരും. വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്തണിഞ്ഞുകൊണ്ട് ധീരസാഹസികനാകാന്‍ മുഖ്യമന്ത്രി നടത്തിയ ശ്രമം പാളിപ്പോയോ? അത് തിരിച്ചടിക്കുകയാണോ?

 

LEAVE A REPLY

Please enter your comment!
Please enter your name here