ഖത്വര്‍ എയര്‍വേയ്‌സ് സ്വകാര്യവത്കരിക്കുമെന്ന് സി ഇ ഒ

Posted on: January 18, 2017 9:58 pm | Last updated: January 18, 2017 at 9:58 pm

ദോഹ: ദേശീയ വിമാന കമ്പനിയായ ഖത്വര്‍ എയര്‍വേയസിന്റെ സ്വകാര്യവത്കരണം പത്തു വര്‍ഷത്തിനകം സംഭവിക്കുമെന്ന് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍. നേരത്തേ അക്ബര്‍ ഇക്കാര്യം പ്രവചിച്ചിട്ടുണ്ട്. ശക്തമായ സ്ഥാനത്തു നില്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയായിരിക്കും സ്വകാര്യവത്കരണമെന്ന് ഫ്രഞ്ച് മാധ്യമമായ ലാ ട്രിബ്യൂണിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഖത്വര്‍ എയര്‍വേയ്‌സിന്റെ മൂല്യം 1000 കോടി ഡോളറിനു മുകളിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

രണ്ടു വര്‍ഷം മുമ്പാണ് ദേശീയ വിമാന കമ്പനിയുടെ സ്വകാര്യവത്കരണം ഉണ്ടാകുമെന്ന് അക്ബര്‍ അല്‍ ബാകിര്‍ ആദ്യമായി വെളിപ്പെടുത്തിയത്. വിമാനങ്ങളും സര്‍വീസുകളും വികസിപ്പിക്കുന്നതിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്വകാര്യവത്കരണത്തിലല്ല. എന്നാല്‍ അടുത്ത പത്തു വര്‍ഷത്തിനിടെ അതു സംഭവിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2008ലെ സാമ്പത്തിക മാന്ദ്യത്തിനു തൊട്ടു മുമ്പാണ് ഖത്വര്‍ എയര്‍വേയ്‌സ് സ്വകാര്യവത്കരണം എന്ന ആശയം മുന്നോട്ടു വെച്ചത്. എന്നാല്‍ എയര്‍ലൈന്‍ വ്യവസായ മേഖലയിലെ ഇടിവിനെത്തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ലോകത്തെ 150ലധികം നഗരങ്ങളിലേക്കാണ് ഇപ്പോള്‍ ഖത്വര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നത്. 200 നടുത്ത് വിമാനങ്ങളുണ്ട് കമ്പനിക്ക്. ഓക്‌ലാന്‍ഡ്, ഷിയാംഗ്മായ്, ഡുബ്ലിന്‍, നൈസ്, സ്‌കോപ്‌ജെ തുടങ്ങിയ നഗരങ്ങളിലേക്ക് ഈ വര്‍ഷം സര്‍വീസ് ആരംഭിക്കുമെന്ന് ഖത്വര്‍ എയര്‍വേയ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ സര്‍ക്കാര്‍ സബ്‌സിസിഡി സ്വീകരിക്കുന്ന വിമാനമാണ് ഖത്വര്‍ എയര്‍വേയ്‌സ് എന്ന് ആരോപിച്ച് അമേരിക്കന്‍ വിമാനക്കമ്പനികളുടെ കൂട്ടായ്മ രംഗത്തു വന്നിരുന്നു. അമേരിക്കനന്‍ റൂട്ടില്‍ ഓപ്പണ്‍ എയര്‍ പോളിസി അനുവദിക്കരുതെന്നായിരുന്നു ആവശ്യം. ഖത്വര്‍ എയര്‍വേയ്‌സിനു പുറമേ എമിറേറ്റ്‌സ്, ഇത്തിഹാദ് വിമാനങ്ങളും ഈ ആരോപണം നേരിടുന്നുണ്ട്. ആരോപണങ്ങള്‍ വിമാന കമ്പനികള്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും തര്‍ക്കം തുടരുന്നത് അമേരിക്കന്‍ റൂട്ടുകളിലേക്കുള്ള വികസനത്തിന് തടസം സൃഷ്ടിക്കും. അമേരിക്കന്‍, ഡെല്‍റ്റ, യുനൈറ്റഡ് എന്നീ എന്നീ വിമാനക്കമ്പനികളാണ് ഗള്‍ഫ് വിമാനങ്ങള്‍ക്കെതിരെ രംഗത്തു വന്നത്. ഒബാമുടെ ഭറണകാലത്ത് ഈ നീക്കം വിജയം കണ്ടില്ല. എന്നാല്‍ ട്രംപ് അധികാരത്തില്‍ വന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായ നീക്കമുണ്ടാകുമെന്നാണ് യു എസ് വിമാന കമ്പനികള്‍ കരുതുന്നത്. യു എസ് വിമാന കമ്പനികള്‍ക്ക് അനുകൂലമായ ചില പ്രസ്താവനകള്‍ തിരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ട്രംപ് നടത്തിയിരുന്നു.