കോഴിക്കോട്ടെ ഹജ്ജ്‌സര്‍വ്വീസ് തിരിച്ചു പിടിക്കാന്‍ ശനിയാഴ്ച ജനകീയ പ്രതിരോധം

Posted on: January 18, 2017 9:11 pm | Last updated: January 18, 2017 at 9:11 pm
SHARE

കോഴിക്കോട്: റണ്‍വെയുടെ ബലപ്പെടുത്തല്‍ ജോലികള്‍ തീര്‍ന്നിട്ടും വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാത്തതിലും, ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി കരിപ്പൂരിനെ ഉള്‍പ്പെടുത്താത്തതിലും പ്രതിഷേധിച്ച് ജനുവരി 21 ന് (ശനിയാഴ്ച) മലബാര്‍ ഡെവലപ്‌മെന്റ് ഫോറം കോഴിക്കോട്ട് ജനകീയ പ്രതിരോധ സംഗമം സംഘടിപ്പിക്കുന്നു.

സിവില്‍ ഏവിയേഷന്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഗൂഢതാല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുകയാണ് കേന്ദ്ര വ്യോമയാന മന്ത്രിയും ചെയ്യുന്നതെന്നാണ് ആക്ഷേപം. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് അനുവദിച്ചു കിട്ടുന്നതിന് കേന്ദ്ര മന്ത്രിയെ സമീപിച്ച സംസ്ഥാന മന്ത്രി കെ.ടി.ജലീലിനു ലഭിച്ച മറുപടിയാണ് പ്രതിഷേധത്തിനിടയാക്കിയത്. സുരക്ഷാ കാരണങ്ങളാണ് മന്ത്രാലയം നിരത്തിയത്. എന്നാല്‍ 14 വര്‍ഷക്കാലം ജംബോ വിമാനങ്ങളിറങ്ങിയ റണ്‍വേക്ക് ബലപ്പെടുത്തല്‍ ജോലികള്‍ തീര്‍ന്ന ശേഷം എന്ത് സുരക്ഷാ പ്രശ്‌നമാണു വന്നതെന്നു മനസ്സിലാകുന്നില്ല.

ചില ഗള്‍ഫ് വ്യവസായികളാണ് കരിപ്പൂരിനെതിരെ ചരടുവലിക്കാന്‍ ഉദ്യോഗസ്ഥരെ ചട്ടം കെട്ടുന്നതെന്ന ആരോപണം കഴിഞ്ഞ ദിവസം മലബാര്‍ ഡെവലപ്‌മെന്റ് ഫോറം നേതാക്കള്‍ കോഴിക്കോട്ട് നടത്തിയിരുന്നു.

കരിപ്പൂരിനോടും, മലബാറിനോടുമുള്ള ഈ അവഗണനക്കെതിരെ ഹാജിമാരെയടക്കം അണിനിരത്തി പ്രതിഷേധം തീര്‍ക്കാനാണ് പദ്ധതിയെന്ന് എംഡിഎഫ് ഭാരവാഹികള്‍ പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം 3.30 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടത്തുന്ന ജനകീയ പ്രതിരോധ സംഗമം ഡോ. എംജിഎസ് നാരായണന്‍ ഉദ്ഘാടനം ചെയ്യും. എം.കെ രാഘവന്‍ എം പി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.

പി.ടി.എ റഹീം എം എല്‍ എ, എ.പ്രദീപ്കുമാര്‍ എം.എല്‍.എ, കാരാട്ട് റസാഖ് എംഎല്‍എ, ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി, ടി.സിദ്ദീഖ്, മോഹനന്‍ മാസ്റ്റര്‍, ടി.വി.ബാലന്‍, ഉമര്‍ പാണ്ടികശാല, നാസര്‍ ഫൈസി കൂടത്തായി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഹുസൈന്‍ മടവൂര്‍, ഡോ. ഫസല്‍ ഗഫൂര്‍, ഒ.അബ്ദുല്ല, വി.കുഞ്ഞാലി, ജാഫര്‍ അത്തോളി, ഹമീദ് മാസ്റ്റര്‍, നവാസ് പൂനൂര്, സി.പി സൈതലവി, എന്‍.പി ചെക്കുട്ടി എന്നിവര്‍ പ്രസംഗിക്കും.

കരിപ്പൂരിനോടുള്ള അവഗണന തുടരുന്ന പക്ഷം, വിവിധ സംഘടനകളെ ഏകോപിപ്പിച്ച് തെരുവില്‍ ജനകീയ സമരത്തിന് നേതൃത്വം നല്‍കുമെന്ന് ഫോറം പ്രസിഡണ്ട് കെ എം ബശീര്‍ ‘സിറാജി’നോടു പറഞ്ഞു.