ദുബൈ പോലീസ് കണ്ടുകെട്ടിയത് 1,226 വാഹനങ്ങള്‍; സ്വദേശിക്ക് പിഴ ഒരു ലക്ഷം

Posted on: January 18, 2017 8:03 pm | Last updated: January 18, 2017 at 8:03 pm

ദുബൈ: സ്വദേശി പൗരന്‍ അശ്രദ്ധയോടെയും അപകടകരമായും വാഹനമോടിച്ചതിന് ദുബൈ ട്രാഫിക് പോലീസിന് ഒടുക്കാനുള്ളത് ഒരു ലക്ഷം ദിര്‍ഹം പിഴ. ഇദ്ദേഹത്തിന്റെ വാഹനം ദുബൈ ട്രാഫിക് പോലീസ് കണ്ടുകെട്ടിയിരിക്കുകയാണ്. അപകടകരമായി വാഹനമോടിക്കുന്നവരെ പിടികൂടി വാഹനം തല്‍ക്ഷണം കണ്ടുകെട്ടുന്നതിന് ദുബൈ ട്രാഫിക് പൊലീസിന് അനുമതി നല്‍കിക്കൊണ്ട് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം 2015 ആഗസ്റ്റില്‍ പുതിയ നിയമം പുറപ്പെടുവിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കിയതോടെ കഴിഞ്ഞ വര്‍ഷം 1,226 വാഹനങ്ങളാണ് പിടിച്ചെടുത്തതെന്ന് ദുബൈ ട്രാഫിക് പോലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ജമാല്‍ അല്‍ ബനായി പറഞ്ഞു. ഇത്തരത്തില്‍ പിടികൂടിയ ഒരു മോട്ടോര്‍ സൈക്കിള്‍ ഉടമ ദുബൈ പൊലീസിന് 50,000 ദിര്‍ഹമാണ് പിഴ നല്‍കാനുള്ളത്.
ട്രാഫിക് വിഭാഗത്തിന്റ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു 31 വാഹങ്ങളാണ് തെരുവുകളില്‍ അനധികൃതമായി റേസിംഗ് നടത്തിയത്. 325 പേര്‍ അപകടകരമായ രൂപത്തില്‍ വാഹനമോടിച്ചു. 24 വാഹനങ്ങള്‍ പോലീസ് സംഘത്തെ മറികടന്ന് നിര്‍ത്താതെ പോയതിനാണ് പിടികൂടിയത്. അദ്ദേഹം വിശദീകരിച്ചു.

വാഹനത്തില്‍ വേഗത വര്‍ധിപ്പിക്കാനുള്ള ഘടകങ്ങള്‍ ഘടിപ്പിക്കുന്നതും അനധികൃതമായി വാഹനത്തെ മോടിപിടിപ്പിക്കുന്നതും കുറ്റകൃത്യമായി കണക്കാക്കും. ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവരുടെ വാഹനം കണ്ടുകെട്ടുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അപകടമായ വിധത്തില്‍ വാഹനമോടിക്കുന്നതും പോലീസിനെ കബളിപ്പിച്ചു നിരത്തുകളില്‍ വേഗതയില്‍ ഓടിക്കുന്നതും കുറ്റകരമാണ്. ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവരുടെ വാഹനങ്ങളും കണ്ടുകെട്ടും.
ദുബൈ നിരത്തുകളില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതിനും വേഗതയില്‍ ഓടിച്ചു മറ്റുള്ളവര്‍ക്ക് തടസം സൃഷ്ട്ടിച്ചതിനുമാണ് 119 വാഹനങ്ങളെ പിടികൂടിയത്. 10 വാഹനങ്ങള്‍ അധികൃതരുടെ അനുമതി ഇല്ലാതെ പെയിന്റ് മാറ്റിയതിനും പിടികൂടിയതില്‍ ഉള്‍പെടും. ഒമ്പതു വാഹനങ്ങളെ ഒറ്റ നമ്പര്‍ പ്ലേറ്റുകള്‍ മാത്രം ഉപയോഗിച്ച് നിരത്തുകളില്‍ ഓടിച്ചതിനും പിടികൂടിയിട്ടുണ്ട്.