Connect with us

Gulf

തീവ്രവാദത്തിനെതിരെ ഇന്ത്യയും യു എ ഇയും യോജിച്ച് പ്രവര്‍ത്തിക്കും: മന്ത്രി പിയൂഷ് ഗോയല്‍

Published

|

Last Updated

അബുദാബിയില്‍ മന്ത്രി പിയൂഷ് ഗോയല്‍ സംസാരിക്കുന്നു

അബുദാബി: തീവ്രവാദവും കാലാവസ്ഥാ വ്യതിയാനവുമാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെന്ന് ഇന്ത്യന്‍ ഊര്‍ജ മന്ത്രി പീയൂഷ് ഗോയല്‍. തീവ്രവാദത്തിനെതിരെ പോരാടാന്‍ യു എ ഇയും ഇന്ത്യയും യോജിച്ചുള്ള നീക്കം നടത്തും. ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ ഗ്രൂപ്പ് അബുദാബിയും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ സി എ ഐ) അബുദാബി ചാപ്റ്ററും സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. റിപ്പബ്ലിക് ദിനാഘോഷത്തിന് മുഖ്യാതിഥിയായി അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഡല്‍ഹിയിലെത്തുന്നത് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള നയതന്ത്രബന്ധം കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും ഗോയല്‍ പറഞ്ഞു.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം വലിയ വെല്ലുവിളികളാണ് സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഇത് പരിഹരിക്കാനായി സുസ്ഥിര ഊര്‍ജ രംഗങ്ങളിലെ മുന്നേറ്റങ്ങളിലൂടെ ഇന്ത്യ-യു എ ഇ യോജിച്ചുള്ള നീക്കം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ ഊര്‍ജരംഗം വിപ്ലവകരമായ മാറ്റത്തിലേക്കാണ് കുതിക്കുന്നത്. രണ്ടര വര്‍ഷം മുമ്പ് മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ ഇന്ത്യയിലെ 18,500 ഓളം ഗ്രാമങ്ങളില്‍ യാതൊരുവിധ ഊര്‍ജ സംവിധാനങ്ങളുമില്ലത്ത അവസ്ഥയുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം 1000 ദിവസത്തിനുള്ളില്‍ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്ന് പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ അത് 800 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി ഗോയല്‍ പറഞ്ഞു. ഊര്‍ജ ഉപഭോഗം കൂടിയ ഹാലൊജന്‍ ബള്‍ബുകള്‍ മാറ്റി കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ഇ ഡി ബള്‍ബുകള്‍ ജനകീയമാക്കുന്ന പദ്ധതിയും ഇന്ത്യയില്‍ വിജയകരമായി നടപ്പാക്കാന്‍ സാധിച്ചു. ഇതിനോടകം 200 ദശലക്ഷം ബള്‍ബുകള്‍ ഇത്തരത്തില്‍ കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.

ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി, ഡോ. ബി ആര്‍ ഷെട്ടി, വൈ സുധീര്‍ കുമാര്‍ ഷെട്ടി, ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ചീഫ് ഓഫ് മിഷന്‍ നീത ഭൂഷണ്‍, യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍ എം ഡി ഡോ. ഷബീര്‍, രാജീവ് ഷാ, സുരേഷ് പന്‍വാര്‍ സംബന്ധിച്ചു.

 

Latest