ഖത്വറിൽ എക്സിറ്റ് പെർമിറ്റ് സൗജന്യമാക്കി; പലതവണ ഉപയോഗിക്കാം

രാജ്യത്തു നിന്ന് പുറത്തു പോകുന്നതിന് വിദേശികള്‍ക്കുള്ള എക്‌സിറ്റ് പെര്‍മിറ്റുകള്‍ സൗജന്യമാക്കി.
Posted on: January 18, 2017 6:00 pm | Last updated: July 10, 2017 at 5:05 pm
SHARE

ദോഹ: രാജ്യത്തു നിന്ന് പുറത്തു പോകുന്നതിന് വിദേശികള്‍ക്കുള്ള എക്‌സിറ്റ് പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് തികച്ചും സൗജന്യമായി. നേരത്തേയുണ്ടായിരുന്നതില്‍ നിന്നു വ്യത്യസ്തമായി പെര്‍മിറ്റിന്റെ കാലാവധി 10, 20, 30 ദിവസത്തേക്കും ഒരു വര്‍ഷത്തേക്കും ഇഷ്ടാനുസരണം എടുക്കാം. എല്ലാ പെര്‍മിറ്റുകളും കാലാവധിക്കുള്ളില്‍ പല തവണ (മള്‍ട്ടി) ഉപയോഗിക്കാന്‍ സാധിക്കും. ഒരു വര്‍ഷത്തെ എക്‌സിറ്റ് പെര്‍മിറ്റിനുള്‍പ്പെടെ അധികൃതര്‍ പ്രത്യേക നിരക്കുകള്‍ ഈടാക്കുന്നില്ല.
പുതിയ താമസ കുടിയേറ്റ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം അനുവദിക്കുന്ന എക്‌സിറ്റ് പെര്‍മിറ്റ് രീതികളിലാണ് മാറ്റം. എക്‌സിറ്റ് പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ തന്നെ ആവശ്യമായ കാലാവധി ആവശ്യപ്പെടും. ഇതനുസരിച്ചാണ് മള്‍ട്ടി എക്‌സിറ്റ് പെര്‍മിറ്റ് അനുവദിക്കുന്നതെന്ന് കമ്പനി പി ആര്‍ ഒമാരും വിസ സര്‍വീസ് സെന്റര്‍ ജീവനക്കാരും പറഞ്ഞു. നേരത്തേ ഏഴു ദിവസം മാത്രം കാലാവധിയുള്ള ഒറ്റത്തവണ മാത്രം (സിംഗിള്‍ എക്‌സിറ്റ്) ഉപയോഗിക്കാവുന്നതും ഒരു വര്‍ഷത്തെ കാലാവധിയുള്ള മള്‍ട്ടി എക്‌സിറ്റ് പെര്‍മിറ്റുമാണ് അനുവദിച്ചിരുന്നത്. സിംഗിള്‍ എക്‌സിറ്റിന് പത്തു റിയാലും മള്‍ട്ടി എക്‌സിറ്റിന് 500 റിയാലുമായിരുന്നു നിരക്ക്. നിയമം പ്രാബല്യത്തില്‍ വന്ന ഏതാനും ദിവസങ്ങളില്‍ എക്‌സിറ്റ് പെര്‍മിറ്റ് ലഭിക്കാന്‍ താമസം നേരിട്ടിരുന്നുവെങ്കിലും തുടര്‍ന്നാണ് വ്യത്യസ്ത കാലാവധികളിലേക്കുള്ള മള്‍ട്ടി എക്‌സിറ്റ് പെര്‍മിറ്റുകള്‍ അനുവദിച്ചു തുടങ്ങിയത്. ഇതോടെ കമ്പനി അനുമതിയോടെ പലരും ഒരു വര്‍ഷത്തേക്കുള്ള എക്‌സിറ്റ് പെര്‍മിറ്റുകള്‍ എടുത്തു വെച്ചു തുടങ്ങിയിട്ടുണ്ട്. ഭാവിയില്‍ ഫീസ് ഈടാക്കാന്‍ സാധ്യതയുണ്ടെന്നത് പരിഗണിച്ചാണ് അധികപേരും ഒരു വര്‍ഷത്തെ എക്‌സിറ്റ് പെര്‍മിറ്റ് എടുത്തു വെക്കുന്നത്. ഡീസംബര്‍ 13ന് നിലവില്‍ വന്ന നിയമത്തില്‍ എക്‌സിറ്റ് പെര്‍മിറ്റ് സംബന്ധിച്ച് മാധ്യമങ്ങളില്‍ തുടര്‍ച്ചയായ വാര്‍ത്തകള്‍ വന്നിരുന്നു. വിദേശ തൊഴിലാളികള്‍ എക്‌സിറ്റ് പെര്‍മിറ്റുകള്‍ ലഭിക്കുന്നതിന് പ്രഥമ ഘട്ടത്തില്‍ കമ്പനിയെ തന്നെ സമീപിക്കണണെന്നും നിഷേധിച്ചാല്‍ തര്‍ക്ക പരിഹാര സമിതിയെ സമീപിക്കാമെന്നുമുള്ള വ്യവസ്ഥയാണ് സംവാദങ്ങള്‍ക്കിടയാക്കിയത്. തൊഴിലാളികള്‍ക്ക് നേരിട്ട് എക്‌സിറ്റ് പെര്‍മിറ്റിന് അപേക്ഷിക്കാമെന്ന രീതിയില്‍ നേരത്തേ പ്രചാരണം നടന്നതാണ് കാരണം. എക്‌സിറ്റ് പെര്‍മിറ്റുകള്‍ നിഷേധിക്കപ്പെടുന്നവര്‍ക്ക് ഓണ്‍ലൈനില്‍ പരാതിപ്പെടാനും സൗകര്യമൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനകമാണ് പരാതികളില്‍ തീര്‍പ്പാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here