Connect with us

Gulf

കുവൈത്ത് യുദ്ധ സ്മരണകള്‍ പുതുക്കി

Published

|

Last Updated

കുവൈത്ത് സിറ്റി: കുവൈത്ത് ജനത തങ്ങളുടെ ജീവിതത്തിലെ ഏറ്റവും അഭിശപ്തമായ ഇറാഖ് അധിനിവേശത്തിന്റെയും വിമോചന യുദ്ധത്തിന്റെയും സ്മരണകള്‍ പുതുക്കി. 1990 ഓഗസ്റ്റ് രണ്ടിന് സംഭവിച്ച നിര്‍ഭാഗ്യകരമായ ഇറാഖിന്റെ അധിനിവേശത്തില്‍ നിന്ന് കുവൈത്തിനെ മോചിപ്പിക്കാനുള്ള പ്രത്യക്ഷ യുദ്ധം “ഓപ്പറേഷന്‍ ഡിസേര്‍ട് സ്‌റ്റോം” 1991 ജനുവരി 15 നായിരുന്നു ആരംഭിച്ചത്.

അന്ന് അതിരാവിലെ അന്നത്തെ യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ഇറാഖിനെതിരെ യുദ്ധം ആരംഭിക്കുകയാണെന്നു പ്രഖ്യാപിക്കുകയും, ഉടനെത്തന്നെ അമേരിക്കന്‍ സേനയുടെ എഫ് 117 ബോംബര്‍ വിമാനങ്ങള്‍ ബോംബിംഗ് ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്ന് 32 രാജ്യങ്ങളടങ്ങുന്ന സഖ്യസേനയുടെ നേതൃത്വത്തില്‍ ആദ്യ ദിനം തന്നെ 400 ഫൈറ്റര്‍ വിമാനങ്ങള്‍ 1200 തവണ ഇറാഖില്‍ ബോംബ് വര്ഷം നടത്തി ബാഗ്ദാദ് അടക്കമുള്ള ഇറാഖിന്റെ തന്ത്രപ്രധാന മേഖലകളില്‍ കനത്ത നാശം വിതച്ചു .

40 ദിവസം നീണ്ടു നിന്ന ഗള്‍ഫ് യുദ്ധം ഫെബ്രുവരി 25 നു അവസാനിപ്പിക്കുമ്പോള്‍ ഇറാഖ് സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങുകയും ഇറാഖ് പ്രസിഡന്റ് ഒളിവില്‍ പോവുകയും ചെയ്തിരുന്നു. യുദ്ധത്തില്‍ സഖ്യശക്തികളുടെ 1800 യുദ്ധവിമാനങ്ങളും 1700 ഹെലികോപ്റ്ററുകളും 100 യുദ്ധക്കപ്പലുകളും ഉപയോഗിച്ച് 88,500 ടണ്‍ ബോംബുകള്‍ ഇറാഖിന് മേല്‍ വര്‍ഷിച്ചു. ലക്ഷക്കണക്കായ ഇറാഖി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു. 1991 ഫെബ്രുവരി 26ന് യുദ്ധവിരാമവും സമ്പൂര്‍ണ്ണ വിജയയവും പ്രഖ്യാപിക്കുകയും കുവൈത്ത് വിമോചിതമാവുകയും ചെയ്തു.

ലോകം മുഴുവന്‍ തങ്ങളുടെ ടെലിവിഷന്‍ സ്‌ക്രീനിലൂടെ നേരിട്ട് കണ്ട ഒരു യുദ്ധം കൂടിയായിരുന്നു ഗള്‍ഫ് യുദ്ധം. കുവൈത്ത് ജനത തങ്ങള്‍ക്കു നേരിട്ട കഷ്ടപ്പാടുകളുടെയും നഷ്ടങ്ങളുടെയും ദുഃഖത്തോടൊപ്പം മാതൃരാജ്യം തിരികെ ലഭിച്ചതിലുള്ള സന്തോഷത്തിന്റെ കൂടി ഓര്‍മ്മകള്‍ അയവിറക്കുന്നു.

Latest