Connect with us

Editorial

സൈക്കിളിലേറി അഖിലേഷ്

Published

|

Last Updated

ആസന്നമായ തിരഞ്ഞെടുപ്പില്‍ യു പി നിയമ സഭയിലേക്കുള്ള അഖിലേഷ് യാദവിന്റെ പ്രയാണം സൈക്കിളില്‍ തന്നെ. പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ സൈക്കിള്‍ അഖിലേഷ് പക്ഷത്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവിന്റെയും മകന്‍ അഖിലേഷ് യാദവിന്റെയും നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ ഉടലെടുത്ത പിളര്‍പ്പിനെ തുടര്‍ന്ന് ചിഹ്നത്തിന് വേണ്ടി ഇരുവിഭാഗവും നടത്തിയ വടംവലിയില്‍ പാര്‍ട്ടിയില്‍ ബഹുഭൂരിപക്ഷം തന്നോടൊപ്പമാണെന്ന് ബോധ്യപ്പെടുത്താന്‍ അഖിലേഷിനായി. 229 എം എല്‍ എമാരില്‍ 90 ശതമാനവും അഖിലേഷിനൊപ്പമാണ്. 65 എം എല്‍ സിമാരില്‍ 56 പേരും 5000 ത്തിലേറെ വരുന്ന ദേശീയ സമിതി അംഗങ്ങളില്‍ 4000ത്തിലേറെ പേരും അഖിലേഷിന്റെ പിന്നിലാണ്. സൈക്കിള്‍ അനുവദിച്ചു കിട്ടിയതോടെ ഔദ്യോഗിക പക്ഷമെന്ന അംഗീകാരവും അഖിലേഷ് പക്ഷത്തിന് കൈവന്നു. ഇതോടെ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പക്ഷം ഔദ്യോഗിക ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നുറപ്പായി. 2012ലെ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക ചിഹ്നമായ സൈക്കിളില്‍ കയറിയാണ് അദ്ദേഹം സംസ്ഥാനത്തുടനീളം പ്രചാരണം നടത്തിയത്. ഇത് ജനശ്രദ്ധ പിടിച്ചുപറ്റുകയും അണികളില്‍ ആവേശം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതുള്‍പ്പെടെ അഖിലേഷിന്റെ പ്രചാരണ തന്ത്രങ്ങളാണ് 2012ല്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കാനാണ് അഖിലേഷിന്റെ തീരുമാനം. മുലായവുമായുള്ള അധികാരത്തര്‍ക്കത്തില്‍ അഖിലേഷ് പക്ഷത്തിന് മേല്‍ക്കൈ വന്ന സാഹചര്യത്തില്‍ അവരുമായുള്ള സഖ്യം ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനും ബോധ്യമുണ്ട്. ബി ജെ പിയെ തോല്‍പ്പിക്കാന്‍ സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് അജോയ് കുമാറും യു പിയുടെ ചുമതലയുള്ള ഗുലാം നബി ആസാദും വ്യക്തമാക്കിയതാണ്. ഇതു സംബന്ധിച്ച് പ്രിയങ്കാ ഗാന്ധിയും അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുകയുമാണ്. ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും എസ് പിയുമായി സഖ്യമുണ്ടായാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുമെന്ന് ഷീലാ ദീക്ഷിത് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അനുയോജ്യനായ വ്യക്തിയാണ് അഖിലേഷെന്നും എന്‍ ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുകയുണ്ടായി.
പാര്‍ട്ടി രണ്ടായ ശേഷം മകനുമായുള്ള ആദ്യ ബലപരീക്ഷണത്തിലും ചിഹ്നത്തിനായുള്ള വടംവലിയിലും പരാജയപ്പെട്ടെങ്കിലും അഖിലേഷിനെതിരെ തിരഞ്ഞെടുപ്പ് ഗോദയില്‍ ഒരു കൈനോക്കാനാണ് മുലായമിന്റെ തീരുമാനം. അഖിലേഷിനെ മുഖ്യശത്രുവായി കണ്ട് പഴയ പാര്‍ട്ടിയായ ലോക്ദളിന്റെ നിലമുഴുന്ന കര്‍ഷകന്‍ ചിഹ്നത്തില്‍ മത്സരിക്കാനാണ് ആലോചന. 1980ല്‍ മുന്‍പ്രധാനമന്ത്രി ചരണ്‍സിംഗ് രൂപവത്കരിച്ച ലോക്ദളിന്റെ സ്ഥാപക നേതാക്കളില്‍പ്പെട്ടയാളാണ് മുലായം സിംഗ്. അദ്ദേഹത്തിന് സമ്മതമാണെങ്കില്‍ ലോക്ദളിന്റെ അധ്യക്ഷ സ്ഥാനവും ചിഹ്നവും വിട്ടുനല്‍കാമെന്ന് പാര്‍ട്ടി യുടെ സമുന്നത നേതാവ് സുനില്‍ സിംഗ് പ്രസ്താവിച്ചിരുന്നു.
രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനം, രാജ്യസഭയിലേക്ക് 31 അംഗങ്ങളെ അയക്കുന്ന നിയമസഭ എന്നീ നിലകളില്‍ ഉത്തര്‍ പ്രദേശിന് ദേശീയ രാഷ്ട്രീയത്തില്‍ പ്രത്യേക സ്വാധീനമുണ്ട്. രാജ്യത്ത് വര്‍ഗീയ ഫാസിസത്തിന്റെ ഭീഷണി കൂടുതല്‍ ശക്തമാകുകയും നോട്ട് നിരോധനം പോലുള്ള കേന്ദ്രത്തിന്റെ പരിഷ്‌കാരങ്ങള്‍ ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കെ സംസ്ഥാനത്ത് മതേതര വോട്ടുകളുടെ ഏകീകരണം അനിവാര്യവുമാണ്. എസ് പി യിലും ബി എസ് പിയിലും കോണ്‍ഗ്രസിലുമായി ഭിന്നിച്ചിരിക്കുകയാണ് സംസ്ഥാനത്തെ മതേതര വോട്ടുകള്‍. ബി ജെ പിയാണ് ഈ ശൈഥില്യത്തിന്റെ ഗുണഭോക്താക്കള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 42.30 ശതമാനം വോട്ടുകളുടെ പിന്‍ബലത്തില്‍ ബി ജെ പിക്ക് 80 സീറ്റില്‍ 72ഉം നേടാന്‍ വഴിയൊരുക്കിയത് പിന്നാക്ക മതന്യൂനപക്ഷ വോട്ടുകളുടെ ഭിന്നതയാണ്. എങ്കിലും സംസ്ഥാന തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ പാര്‍ട്ടിയില്‍ ഉടലെടുത്ത ഉള്‍പ്പോരില്‍ ശക്തി തെളിയിക്കാന്‍ സാധിച്ചതും ഔദ്യോഗിക പക്ഷമെന്ന അംഗീകാരവും ചിഹ്നവും സ്വന്തമാക്കാനായതും അഖിലേഷിന് 2012ലെ വിജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷ വളര്‍ത്തിയിട്ടുണ്ട്.
സംസ്ഥാന തിരഞ്ഞെടുപ്പെങ്കിലും മോദിയുടെ നയവൈകല്യങ്ങളായിരിക്കും മുഖ്യ പ്രചാരണ വിഷയമെന്നതിനാല്‍ ബി ജെ പി അനുകൂല വോട്ടുകള്‍ ചെറിയൊരു അളവിലെങ്കിലും അഖിലേഷിന് ആകര്‍ഷിക്കാനുമായേക്കും. യുവജനങ്ങള്‍ക്കിടയിലുള്ള നല്ല പ്രതിഛായയും അദ്ദേഹത്തിന് ഗുണകരമാണ്. ഈ സാഹചര്യത്തില്‍ പരമാവധി വിട്ടുവീഴ്ച ചെയ്ത് അഖിലേഷിനൊപ്പം നിന്ന് പാര്‍ട്ടിയില്‍ പിളര്‍പ്പ് ഒഴിവാക്കുകയും തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ അവസരം സൃഷ്ടിക്കുകയുമായിരുന്നു മുലായം സിംഗ് ചെയ്യേണ്ടിയിരുന്നത്. പകരം അഖിലേഷിനെ മുസ്‌ലിംവിരുദ്ധനായി മുദ്രകുത്തി മതന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ നീക്കം മതേതര വിശ്വാസികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണ്.