‘അടുത്ത കലോത്സവം പരിഷ്‌കരിച്ച മാന്വല്‍ പ്രകാരം’

Posted on: January 18, 2017 9:12 am | Last updated: January 18, 2017 at 9:12 am
SHARE

കണ്ണൂര്‍: അടുത്ത വര്‍ഷം നടക്കുന്ന 58ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം പരിഷ്‌കരിച്ച മാന്വല്‍ പ്രകാരം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് . കലോത്സവ മാന്വല്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയോടെ മാന്വല്‍ പരിഷ്‌കരണ നടപടികള്‍ക്ക് ഔദ്യോഗികമായി ആരംഭം കുറിച്ചതായും മന്ത്രി പറഞ്ഞു. ഫെബ്രുവരിയില്‍ വിവിധ രംഗങ്ങളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് കലോല്‍സവ മാന്വലിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിശാലമായ കൂടിയാലോചനകള്‍ നടത്തും. അതിനു ശേഷം പ്രായോഗികതയും നിയമവശങ്ങളും പരിഗണിച്ച ശേഷമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
കലോത്സവ സംഘാടക സമിതി ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍, അപ്പീലുകള്‍ കുറക്കുന്നതിന് ജില്ലകളെ മൂന്ന് സോണുകളായി തിരിച്ച് അവിടെ നിന്നുള്ള ആദ്യ മൂന്ന് സ്ഥാനക്കാരെ പങ്കെടുപ്പിച്ച് സംസ്ഥാനതല മല്‍സരം നടത്തുക, ഗോത്രകലകള്‍ പോലുള്ള അന്യംനിന്നു പോവുന്ന മല്‍സരയിനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവ്ക്ക് കൂടുതല്‍ പോയിന്റ് നല്‍കുക, നാടകങ്ങളില്‍ കുട്ടികളുടെ പ്രമേയങ്ങള്‍ കൊണ്ടുവരുന്നതിന് നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ അഭിപ്രായങ്ങള്‍ ഉയര്‍ന്നു. വിധി നിര്‍ണയം, അപ്പീല്‍ സംവിധാനം, ഗ്രേസ് മാര്‍ക്ക് തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. മത്സരാര്‍ഥികളെ കലാ രംഗത്ത് നിലനിര്‍ത്തുന്നതിനായി അവരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കുക, മല്‍സരത്തിന്റെ ഭാഗമായി വരക്കപ്പെടുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുക, മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് ദരിദ്ര വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഗ്രാന്റ് അനുവദിക്കുക, കലോല്‍സവ ഘോഷയാത്രയിലുള്‍പ്പെടെ പണത്തിന് മേല്‍ക്കൈ ഉണ്ടാവുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു. മാന്വല്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പൊതുജനങ്ങളുടെ കൂടി അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും അതേക്കുറിച്ചുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാവുമെന്നും വിദ്യാഭ്യാസ മന്ത്രി അഭിപ്രായപ്പെട്ടു. ചര്‍ച്ചക്ക് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡി പി ഐ കെ മോഹന്‍കുമാര്‍, എ ഡി പി ഐ ജെസ്സി ജോസഫ് തുടങ്ങിയവരും നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here