കണ്ണീരുണങ്ങാത്ത വീട്ടില്‍ നിന്ന് ഇശലിന്റെ താളം

Posted on: January 18, 2017 1:01 am | Last updated: January 19, 2017 at 9:40 pm
SHARE
ഒപ്പന മത്സരത്തിന് ശേഷം സുകന്യ ബന്ധുക്കളോട് ഫോണില്‍ സംസാരിക്കുന്നു

കണ്ണൂര്‍:ഇശലിന്റെ താളത്തിനൊത്ത് കൈകൊട്ടി പാടിയാടുമ്പോള്‍ സുകന്യയുടെ മുഖത്ത് ഭാവവ്യത്യാസങ്ങളൊന്നുമുണ്ടായില്ല. പാട്ടും ആട്ടവും കഴിഞ്ഞ് അണിയറിയിലെത്തിയപ്പോള്‍ അവള്‍ വിതുമ്പിക്കരഞ്ഞു. മണവാട്ടിയും ഒപ്പമുണ്ടായ തോഴിമാരും അവളുടെ കണ്ണീരിലലിഞ്ഞു. നിളയില്‍ നിറഞ്ഞൊഴുകിയ ആരവങ്ങള്‍ക്കു
മുമ്പില്‍ ആരുമറിയാതെ ഒളിപ്പിച്ചു വച്ച സങ്കടക്കടലാണ് അണപൊട്ടിയൊഴുകിയത്. പിതാവിന്റെ മരണത്തിന്റെ മൂന്നാം ദിനം വേദിയില്‍ താളമിട്ട് പാട്ടുപാടിയാടേണ്ടി വന്നതിന്റെ പിന്നില്‍ പപ്പയുടെ ആഗ്രഹം മാത്രമാണെന്ന കൊച്ചു കലാകാരിയുടെ വാക്കുകളും പാതിവഴിയില്‍ മുറിഞ്ഞു. ആലപ്പുഴ ജില്ലയിലെ ബിഷപ്പ് ഹോഡ്ജസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് സുകന്യസുഭാഷ്. ശനിയാഴ്ച വൈകിട്ടാണ് നേരത്തെ സുഖബാധിതനായിരുന്ന പിതാവ് മകളുടെ ഒപ്പനപ്പാട്ടിന്റെ ഈണം കേള്‍ക്കാതെ മറഞ്ഞത്.തനിക്കെന്ത് പറ്റിയാലും മകള്‍ മത്സരത്തില്‍ നിന്നു വിട്ടു നില്‍ക്കരുതെന്ന പിതാവിന്റെ ആഗ്രഹമാണ് സുകന്യയെ ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലെത്തിച്ചത്. കണ്ണീരുണങ്ങാത്ത വീട്ടില്‍ നിന്നും വിതുമ്പിക്കരയുന്ന അമ്മയുടെ മൗനാനുവാദത്തോടെ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് അന്ന് രാത്രി തന്നെ സുകന്യ കൂട്ടുകാര്‍ക്കൊപ്പം കണ്ണൂരിലേക്ക് തിരിക്കുകയായിരുന്നു. വിങ്ങുന്ന മനസ്സോടെയാണെങ്കിലും ബന്ധുക്കള്‍ ചിലര്‍ സുകന്യയെ യാത്രയയക്കാനെത്തി. മത്സരം കഴിഞ്ഞയുടനെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് സുകന്യ വിവരങ്ങള്‍ അറിയിച്ചു. കൂട്ടുകാര്‍ പങ്കെടുക്കുന്ന മറ്റു മത്സര ഇനങ്ങള്‍ കഴിഞ്ഞാല്‍ ഇന്ന് രാവിലെ വണ്ടിക്ക് സുകന്യ വീട്ടിലേക്ക് തിരിക്കും. പുഷ്പയാണ് സുകന്യയുടെ അമ്മ. മൂത്ത സഹോദരന്‍ അഖില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി. സഹോദരി അപര്‍ണ ഒമ്പതാം തരം വിദ്യാര്‍ഥിനിയാണ്.