നൈജീരിയയില്‍ വ്യോമസേനാ വിമാനം അബദ്ധത്തില്‍ ബോംബ് വര്‍ഷിച്ച് നൂറിലേറെ മരണം

Posted on: January 17, 2017 11:53 pm | Last updated: January 18, 2017 at 8:37 am

അബുജ: നൈജീരിയന്‍ എയര്‍ഫോഴ്‌സ് ജെറ്റ് വിമാനം അബദ്ധത്തില്‍ ബോബ് വര്‍ഷിച്ച് റെഡ് ക്രോസ് പ്രവര്‍ത്തകരും സിവിലിയന്‍മാരുമടക്കം നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ റാന്നിലാണ് സംഭവം. നിരവധി പേര്‍ക്ക് പരുക്കേറ്റു. റെഡ് ക്രോസ് വളണ്ടിയര്‍മാരായ ആറ് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. നൈജീരിയ – കാമറൂണ്‍ അതിര്‍ത്തിയില്‍ ബോക്കോഹറാം തീവ്രവാദികളും നൈജീരിയന്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവം.

തങ്ങളെ ആക്രമിക്കാന്‍ വരുന്ന ബോക്കോ ഹറാം തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് വ്യോമസേന ജെറ്റ് വിമാനത്തിന്റെ പൈലറ്റ് ബോംബ് വര്‍ഷിക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.